വിഎഫ്എക്‌സിൽ ഒറിജിനാലിറ്റിയില്ല ; ട്രോളുകളിൽ നിറഞ്ഞ് തങ്കലാൻ ട്രെയിലർ

0
24

ഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ എന്ന ഉപമ കേട്ടിട്ടില്ലേ ? അതുപോലെയായിരുന്നു വിക്രം ആരാധകർ ഉണ്ടായിരുന്നത്.നടന്റെ അറുപത്തിയൊന്നാമത് ചിത്രമായ തങ്കലാൻ എന്ന് വരും എന്നാലോചിച്ച് വർഷങ്ങളായി ഇക്കൂട്ടർ കാത്തിരിപ്പ് തുടങ്ങിയിട്ട്.ഈ കാത്തിരിപ്പിന് വിരാമം ഇടാൻ സമയമായിരിക്കുകയാണ്.വ്യത്യസ്ത കഥാപശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം പുറത്തെത്താൻ ഇനി അവശേഷിക്കുന്നത് വെറും മുപ്പത്തിനാല് ദിവസങ്ങൾ മാത്രം.റിലീസിനൊരുങ്ങുന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്ത് എത്തിക്കഴിഞ്ഞു. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന യുദ്ധരംഗങ്ങളും ആക്ഷൻ സീനുകളും വിഎഫക്ട്സും  കൊണ്ട് വിസ്മയം തീർക്കുന്ന കാഴ്ചയാണ് ഒറ്റമാത്രയിൽ ട്രെയിലറിൽ ഒരുക്കിയിരിക്കുന്നത്.

ഗോത്രസമൂഹം താമസിക്കുന്ന ഒരു ദേശത്ത് നിന്നാണ് ട്രെയിലർ ആരംഭിക്കുന്നത്.ഒരു സുപ്രഭാതത്തിൽ അവിടേക്ക് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ സ്വർണ്ണം അന്വേഷിച്ചെത്തുന്നതും അവിടെയുള്ള ഗ്രാമവാസികൾക്ക് സ്വർണ്ണം കണ്ടെത്താനുള്ള ചുമതല നൽകുകയും ചെയ്യുന്നു.ദേശത്തിൻ്റെ ഇതിഹാസ പ്രകാരം ആ പ്രദേശത്ത് സ്വർണ്ണം തേടുന്നത് മരണത്തെ തേടുന്നു എന്നാണ്. ബ്രിടീഷ് ഉദ്യോഗസ്ഥന്റെ നിരബന്ധപ്രകാരം ഗ്രാമീണർ സ്വർണ്ണം കണ്ടെത്താൻ തയ്യാറാവുന്നതും ശേഷം ദുരന്തങ്ങൾ നേരിടേണ്ടി വരുന്നതും സ്വന്തം നിലനിൽപ്പിനും ഗ്രാമത്തിന്റെ സുരക്ഷക്കുമായി ബ്രിടീഷുകാരുമായി പോരാടുന്നതുമാണ് പ്രധാനമായും ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പോരാടാനായകനായി എത്തുന്ന വിക്രമവും മാളവിക മോഹനൻ അവതരിപ്പിക്കുന്ന ആരതി എന്ന മന്ത്രവാദിനിയും ആദിവാസി യുവതിയായി എത്തുന്ന പാർവതി തിരുവോത്തിന്റെ കഥാപാത്രവും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലുമപ്പുറമുള്ളതാണെന്ന് നിസ്സംശയം പറയാം

സാവുക്ക് തുനിന്തവനക്ക് മട്ടും താൻ ഇങ്ക വാഴ്‌ക്കൈ എന്ന വിക്രമിന്റെ മാസ് ഡയലോ​ഗോടെയാണ് ട്രെയിലർ അവസാനിക്കുന്നത്. ചിത്രത്തിൽ വിക്രമിന് സംഭാഷണങ്ങൾ ഉണ്ടാകില്ലെന്ന് അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു. ഡയലോഗുകൾ ഇല്ലെന്ന നടന്റെ വെളിപ്പെടുത്തലും സംഭാഷണ രഹിതമായ സമീപനം എടുത്തുകാട്ടുന്ന രീതിയിൽ ടീസറും കൂടി പുറത്ത് എത്തിയതോടെ ഭൂരിഭാഗവും ഇക്കാര്യം ഉറപ്പിക്കുകയിരുന്നു.തൊട്ടുപിന്നാലെ നടന്റെ വെളിപ്പെടുത്തൽ സിനിമക്ക് ഹൈപ്പ് ലഭിക്കുന്നതിന് വേണ്ടിയാണെന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്.എന്നാൽ, ട്രെയിലറിൽ മുഴുനീളം വിക്രമിന്റെ മാസ് ഡയലോഗുകളാണുള്ളത്.

അതേസമയം ചിത്രത്തിലെ വിഎഫ്എക്‌സിനെതിരെ ട്രോളുകളും തലപൊക്കിയിട്ടുണ്ട്.ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് പാന്തറും ഇടക്ക് കയറിവരുന്ന പാമ്പും കാടിന്റെ അന്തരീക്ഷവുമെല്ലാം വിഎഫ്എക്‌സ് ചെയ്ത് നശിപ്പിച്ചെന്നും ഒറിജിനാലിറ്റി തോന്നുന്നില്ലെന്നും വിമർശനങ്ങളുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ കോലാർ സ്വർണ ഖനി പശ്ചാത്തലമായി ഒരുക്കുന്ന പീരിയോഡിക്കൽ ആക്ഷൻ ചിത്രം പ്രധാനമായും തൊഴിലാളികളുടെ അതിജീവനത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടത്തെക്കുറിച്ചാണ് പറയുന്നത്.മെൽ ഗിബ്‌സൺ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്റ്റോ’ പോലുള്ള സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിനായി പാ. രഞ്ജിത് ഉപയോഗിച്ചിരിക്കുന്നത്.പ്രേക്ഷകരെ മുൾമുനയിൽ എത്തിക്കുന്ന യുദ്ധ രംഗങ്ങളും മറ്റും ഉൾപ്പെടുത്തികൊണ്ടുള്ള ട്രെയിലറിൽ വിക്രത്തിന്റെ അതിഗംഭീര പ്രകടനമാണ് കാണാൻ സാധിക്കുക. സിനിമാ പ്രേമികളേ പിടിച്ചിരുത്തുന്ന എല്ലാ ഘടകങ്ങളും ഉണ്ടാകുമെന്ന സൂചനയും ട്രെയിലർ തരുന്നുണ്ട്.

2023 ജൂലൈയിൽ ചിത്രീകരണം കഴിഞ്ഞ ചിത്രം 2024 ജനുവരി 26-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചിരിക്കുന്നത്.എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകാത്തതുകൊണ്ട് ഏപ്രിലിലേക്ക് മാറ്റി വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.ശേഷം ജൂൺ-ജൂലൈ മാസങ്ങളിലാകും റിലീസിനെത്തുക എന്നാണ് അറിയിച്ചിരുന്നതെങ്കിലും ആഗസ്റ്റ് പതിനഞ്ചിന് റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

വിക്രത്തിന്റെ അത്ഭുതപ്പെടുത്തുന്ന അഭിനയവും ആക്ഷൻ സീനുകളുമാണ് ചിത്രത്തിൻറെ പ്രധാന ഹൈലൈറ്റ്.ഗെറ്റപ്പുകള്‍ കൊണ്ട് എന്നും പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ചിയാൻ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളിലൊന്നാണ് ചിത്രത്തിലേത്.

വിക്രത്തിന്റെ കരിയറിലെ 61-ാം മത് ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തിയേറ്ററുകളിലെത്തും. പാര്‍വതി തിരുവോത്തും മാളവിക മോഹനനുമാണ് നായികമാര്‍. പശുപതി, ഡാനിയല്‍ കാല്‍ടാഗിറോണ്‍, അര്‍ജുന്‍ അന്‍ബുദന്‍, സമ്പത്ത് റാം എന്നിവരും ഈ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here