ദേവനന്ദ ആ കഥാപാത്രം അസാധ്യമായിട്ട് അഭിനയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ വേറൊരു കുട്ടിയ്ക്കാണ് കിട്ടിയത്, ചിലപ്പോൾ ഇതിനെക്കാളും നന്നായി ആ കൊച്ച് അഭിനയിച്ചിട്ടുണ്ടാവും എന്നാണ് എന്റെ ഒരു പ്രതീക്ഷ എന്ന് വേണു കുന്നപ്പിള്ളി. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ…
നമുക്ക് ഇപ്പോൾ ഒരു അവാർഡ് തരുന്നെന്നു പറഞ്ഞാൽ അവാർഡ് കമ്മിറ്റിയുണ്ട്, അതിലിരിക്കുന്ന മികച്ച ജൂറികൾ ആണ് അവാർഡ് ഒക്കെ തെരഞ്ഞെടുക്കുന്നത്. അവർ മൂന്ന് കമ്മിറ്റികളായി ഇരുന്ന് ഓരോരുത്തരും 20 , 21 സിനിമകൾ വച്ച് കാണണം. അതുകഴിഞ്ഞ് ഓരോരുത്തരുടെ അഭിപ്രായം പറയുന്ന ഒരു വലിയ പ്രോസസ്സ് ആണ്. അപ്പോൾ അതിൽ ഏതെങ്കിലും ഒരു സിനിമ ഏതെങ്കിലും കുറച്ച് ആളുകൾ അതിനെ ടാർഗെറ്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ടെങ്കിൽ ആ സിനിമ വരാതിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ നമ്മൾ ഇത് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഏറ്റവും നല്ല സിനിമ തീയേറ്ററിൽ ഏറ്റവും ഓടിയെന്നുള്ളത് അനുസരിച്ചിട്ടല്ലല്ലോ ഇവർ ഈ കാലാകാലങ്ങളായിട്ട് വന്നിരിക്കുന്ന അവാർഡുകൾ നോക്കിയാൽ നമുക്ക് അറിയാം.
പക്ഷേ അതിൽ നമ്മൾ വളരെ പ്രതീക്ഷിച്ചിരുന്നത് ബാലതാരം എന്ന രീതിയിൽ ഏതെങ്കിലുമൊരു അവാർഡ് കിട്ടുമെന്ന് എല്ലാവരും വിചാരിച്ചിരുന്നു. പ്രത്യേകിച്ച് ദേവനന്ദ ആ കഥാപാത്രം അസാധ്യമായിട്ട് അഭിനയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ വേറൊരു കുട്ടിയ്ക്കാണ് കിട്ടിയത്, അവർ അഭിനയിച്ചിരിക്കുന്ന സിനിമ നമ്മൾ കണ്ടിട്ടില്ല, എനിക്ക് തോന്നുന്നു ആ സിനിമ റിലീസ് ആയിട്ടില്ല. അപ്പോൾ ഇതിനേക്കാൾ അപ്പുറം വേണമെങ്കിൽ അഭിനയിക്കാം. അഭിനയം എന്ന് പറയുന്നത് ഒരു പരിധിയില്ലാത്ത കാര്യമാണ്. ചിലപ്പോൾ ആ അഭിനയം കാണുമ്പോൾ നമ്മൾ പറയും അതിനു തന്നെയാണ് അവാർഡ് കൊടുക്കേണ്ടതെന്നും. നമ്മുടെ ആഗ്രഹം ഒപ്പം ലക്ഷക്കണക്കിന് ആളുകൾ കണ്ട്, ആ കൊച്ചിനോടുള്ള ആഗ്രഹം കൊണ്ട് വാർത്തകളായി വന്നതാണ്. അതിൽ നമ്മൾ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്.
ആ സിനിമയിൽ എത്രയോ ആളുകൾ അഭിനയിച്ചിട്ടുണ്ട്, പക്ഷ നമ്മൾ ഈ കൊച്ചിനെക്കുറിച്ചു മാത്രമാണ് പറയുന്നത്. എല്ലാം ഒത്തുചേർന്നാണ് ആ സിനിമ വിജയിച്ചിട്ടുള്ളത്. എങ്കിൽകൂടി ഒരു എട്ടു വയസുള്ള കൊച്ചിൽ നിന്നും പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് ആ കൊച്ചു ചെയ്തുവെച്ചിരിക്കുന്നത്. പല മുഹൂർത്തങ്ങളിലും, പ്രത്യേകിച്ച് ആ കുട്ടിയുടെ അച്ഛൻ മരിക്കുന്ന രംഗങ്ങളിലൊക്കെ.അത്തരത്തിലുള്ള അസാധ്യ അഭിനയം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞിട്ടും ജൂറി അത് പരിഗണിച്ചില്ല എന്ന് സാധാരണ പ്രേക്ഷകർ ചിന്തിക്കും.
പക്ഷേ അതിനുമപ്പുറമായിരിക്കും മറ്റേ കുട്ടി അഭിനയിച്ചിരിക്കുക. അത് കാണുമ്പോൾ നമുക്കറിയാം. അല്ലെങ്കിൽ നാളെ സിനിമയിറങ്ങി അത് കാണുമ്പോൾ ഇതെന്ത് അഭിനയമാണ്, ഇതാണോ അഭിനയം എന്ന് നമുക്ക് തോന്നുകയാണെങ്കിൽ, അവിടെ എന്തെങ്കിലും പ്രശ്നമുണ്ടെന്നു പറയാം. അപ്പോൾ മാത്രമേ നമുക്കെന്തെങ്കിലും തീരുമാനിക്കാൻ പറ്റുകയുള്ളു. നമ്മൾ ജഡ്ജിങ് കമ്മറ്റിയിൽ ഇല്ലെങ്കിലും നമുക്കും അത്യാവശ്യം ജഡ്ജ് ചെയ്യാമല്ലോ. ചിലപ്പോൾ ഇതിനെക്കാളും നന്നായി ആ കൊച്ച് അഭിനയിച്ചിട്ടുണ്ടാവും എന്നാണ് എന്റെ ഒരു പ്രതീക്ഷ.
ഈ കാലഘട്ടത്തിൽ ഒരുപാട് വാർത്തകൾ വരുന്നുണ്ട് . ഇതിൽ യാഥാർഥ്യമെന്താണ്, ഇല്ലാത്ത ഏതാണ്, കെട്ടിച്ചമച്ചത് ഏതാണ് എന്നൊന്നും നമുക്ക് ഒരു ധാരണയും ഇല്ല. എന്തുകൊണ്ട് അവർ ആദ്യ റൗണ്ടിൽത്തന്നെ മാളികപ്പുറം സിനിമ എടുത്തുമാറ്റി, അത്രയ്ക്കും മോശമായതുകൊണ്ട് മാറ്റിയതാണോ എന്നൊന്നും നമുക്കറിയില്ല. ഈ സിനിമ കാണാതെയും സിനിമയെ നിരൂപിച്ച നിരവധി ആളുകൾ ഉണ്ട്. ഈ സിനിമ കണ്ട എല്ലാവരും ഭക്തി സിനിമ ഇഷ്ടമല്ലാത്ത ആളുകളാണെങ്കിൽ അവർ സ്വാഭാവികമായും ആദ്യ റൗണ്ടിൽ തന്നെ എടുത്തുമാറ്റുമല്ലോ. ചിലപ്പോൾ അങ്ങനെയും സംഭവിച്ചിട്ടുണ്ടാകാം.