‘ലിയോ’യ്ക്ക് മുൻപേ തൃഷയുടെ ‘ദ റോഡ്’ ; ഒക്ടോബർ 6 നെത്തും

0
172

ണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിങ്ങിയ ‘പൊന്നിയിൻ സെൽവനിലാ’ണ് തൃഷ അവസാനമായി എത്തിയത്. അതിനു ശേഷം തൃഷ നായികാ കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് ‘ദി റോഡ്’. ഒരു പ്രതികാരത്തിന്റെ കഥ പശ്ചാത്തലമാക്കിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. തൃഷയുടെ ഈ ശക്തമായ കഥാപാത്രത്തെ സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ പ്രേക്ഷകർ മുഴുവൻ. ഈ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.

തൃഷ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിന്റെ റിലീസ് തീയതിയെക്കുറിച്ചുള്ള വിവരം പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ ആറിനാണ് തൃഷ നായികയാകുന്ന ‘ദ റോഡ്’ എന്ന ചിത്രം പ്രദർശനത്തിനെത്തുക. കയ്യിൽ തോക്കുമായി നടക്കുന്ന തൃഷയുടെ കഥാപാത്രത്തിന്റെ ദൃശ്യങ്ങളുള്ള ഒരു വീഡിയോയിലാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്.

അരുണ്‍ വസീഗരനാണ് തൃഷയുടെ പുതിയ ചിത്രമായ ദി റോഡിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‍കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയ പ്രമുഖ താരങ്ങളും ദ റോഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . കെ ജി വെങ്കടേഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് . സംഗീതം സാം സി എസ്സാണ് ചെയ്യുന്നത് .

വിജയിക്കൊപ്പം തൃഷ നായികയാകുന്ന മറ്റൊരു വമ്പൻ ചിത്രം ‘ലിയോ’യും പ്രദർശനത്തിനെത്തുകയാണ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയിയുടെ നായികയായി തൃഷ എത്തുന്നത് എന്ന പ്രത്യേകതയും ‘ലിയോ’യ്ക്കുണ്ട് . ഒക്ടോബര്‍ 19നാണ് ലിയോ പ്രദര്‍ശനത്തിനെത്തുക. വിജയിയുടെ ചിത്രം ‘ലിയോ’യുടേതായി എത്തുന്ന ഏതൊരു വാർത്തകളും അപ്ഡേറ്റുകളും ആരാധകർ വളരെ പെട്ടന്നുതന്നെ ഏറ്റെടുക്കാറുണ്ട്. യുകെയില്‍ ലിയോയുടെ ബുക്കിംഗ് ആരംഭിച്ചുവെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവിട്ടത് ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരുന്നു.

വിജയ് ചിത്രം ‘ലിയോ’ സാധാരണ വിജയ് ചിത്രങ്ങളിൽനിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എപ്പോഴും ചടുലമായ നൃത്തരംഗങ്ങൾ കൊണ്ടും, പശ്ചാത്തല സംഗീതം കൊണ്ടും മികച്ചു നിൽക്കുന്നവയായിരിക്കും വിജയ് ചിത്രങ്ങൾ. എന്നാൽ ‘ലിയോ’ അത്തരത്തിൽ ഒരു ചിത്രമായിരിക്കില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ പറയുന്നത്. തീം സോങ്ങും, പശ്ചാത്തലസംഗീതവുമില്ലാത്ത ചിത്രത്തിൽ രണ്ട് പാട്ടുകൾ മാത്രമാണ് ചിത്രത്തിലുള്ളത്. വിജയുടെ മാസ്സ് ആക്ഷനാണ് ലോകേഷ് പ്രാധാന്യം നൽകുന്നത് എന്നാണ് പുറത്തത് വരുന്ന സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here