ഷെയ്ന്‍ നിഗം നായകനാകുന്ന’ഖുര്‍ബാനി’യുടെ ടീസര്‍ പുറത്ത്

0
236

ര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ന്‍ നിഗം നായകനായി എത്തുന്ന പുതിയ ചിത്രം ‘ഖുര്‍ബാനി’യുടെ ടീസര്‍ എത്തി. റൊമാന്റിക് ചിത്രമാകും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നവാഗതനായ ജിയോ വി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.

കാടും പ്രകൃതിഭംഗിയുമാണ് ചിത്രത്തിന്റെ ടീസറില്‍ കാണാന്‍ സാധിക്കുന്നത്. വെള്ളച്ചാട്ടങ്ങളും കാടിന്റെ സൗന്ദര്യവുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. വന്യത കലരാത്ത രീതിയിലുള്ളതാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ആര്‍ഷ ബൈജു ആണ് നായികയായി എത്തുന്നത്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ ആണ് നിര്‍മാണം. ചാരുഹാസന്‍, സൗബിന്‍ ഷാഹിര്‍, ഹരിശ്രീ അശോകന്‍, ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, ഹരീഷ് കണാരന്‍, സുനില്‍ സുഖദ, മന്‍രാജ്, രാജേഷ് ശര്‍മ്മ, ജെയിംസ് ഏലിയ, അജി, കോട്ടയം പ്രദീപ്, സതി പ്രേംജി, നന്ദിനി, നയന, രാഖി തുടങ്ങി വന്‍താരനിരയും ഖുര്‍ബാനിയില്‍ അണിനിരക്കുന്നുണ്ട്.

സുനോജ് വേലായുധന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റര്‍ ജോണ്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സൈനുദ്ദീന്‍, കല സഹസ് ബാല, വസ്ത്രാലങ്കാരം അക്ഷയ പ്രേംനാഥ്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷമീജ് കൊയിലാണ്ടി, സ്റ്റില്‍സ് സൂപ്പര്‍ ഷിബു, ഡിസൈന്‍ ജിസ്സണ്‍ പോള്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്‌സ്. മുന്‍വിധികളെ മാറ്റി മറിച്ച പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ അടക്കം ചിത്രം കാഴ്ചവച്ചത്. ഓണം റിലീസ് ആയെത്തിയ ചിത്രത്തില്‍ ഷെയ്‌നിനൊപ്പം ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആദ്യദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ 50 കോടി പിന്നിട്ടുവെന്ന് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഖുര്‍ബാനി. നടന്‍ ഷെയിന്‍ നിഗം തന്നെയാണ് തന്റെ ഫേസ്ബുക്ക് വഴി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. കഴുകിയ മുഖവുമായി നില്‍ക്കുന്ന ഷെയ്ന്‍ നിഗമാണ് ആദ്യ പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ പുറത്തിറങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here