അർജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രം “തീപ്പൊരി ബെന്നി’ യുടെ ട്രെയിലർ പുറത്തിറങ്ങി. രാഷ്ട്രീയത്തെ വെറുക്കുന്ന ബെന്നിയും ഇടതുപക്ഷ ചിന്താഗതിയുള്ള ചേട്ടായിയും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ ഉൾക്കൊള്ളുന്നതാണ് ട്രെയിലർ. ഹാസ്യവും നർമ്മവും ഇടകലർത്തികൊണ്ടുള്ള ട്രെയിലറിൽ രാഷ്ട്രീയ സംവിധാനങ്ങളോടുള്ള ഒരു വിഭാഗത്തിന്റെ വെറുപ്പും അഴിമതിയും മറ്റും പ്രകടമാണ്.
ഷെബിൻ ബേക്കർ പ്രൊഡക്ഷൻ എന്ന യുട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ട്രെയിലർ ഇതിനോടകം മൂന്ന് ലക്ഷത്തി നാല്പത്തിനായിരത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.മലയാളത്തിലെ അടുത്ത സൂപ്പർഹിറ്റ് ചിത്രമായിരിക്കും തീപ്പൊരി ബെന്നി എന്ന രീതിയിലാണ് ഒരു വിഭാഗം ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്.ഒരു സാധാരണ കർഷകരുടെ ഗ്രാമത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതി കൊണ്ടുനടക്കുന്ന വട്ടക്കുട്ടയിൽ ചേട്ടായിയുടേയും, രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെ മകൻ ബെന്നിയുടേയും ജീവിത സന്ദര്ഭങ്ങളെല്ലാം കോർത്തിണക്കിക്കൊണ്ടാണ് ഒരു കുടുംബ പശ്ചാത്തലത്തിൽ “തീപ്പൊരി ബെന്നി എന്ന ചിത്രം ഒരുങ്ങുന്നത്.
തനി നാട്ടിൻപുറത്തുകാരനായാണ് ചിത്രത്തിൽ ബെന്നി എന്ന കഥാപാത്രത്തെ അർജുൻ അശോകൻ അവതരിപ്പിക്കുന്നത്. ‘മിന്നൽ മുരളി’യിലൂടെ ശ്രദ്ധേയയായ നടിയാണ് ഫെമിന ജോർജ് . ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫെമിനയാണ്.മലയാളി പ്രേക്ഷകർക്കിടയിൽ വലിയ വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ ഒക്കെ. ഈ സിനിമകൾക്ക് തിരക്കഥ രചിച്ച ജോജി തോമസും വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ഒന്നിച്ചാണ് സിനിമയുടെ എഴുത്തും സംവിധാനവും നിർവഹിക്കുന്നത്.
ജഗദീഷ്, ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ ആണ് ചിത്രം നിർമ്മിക്കുന്നത് . സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അജയ് ഫ്രാൻസിസ് ജോർജാണ്.
റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ എന്നിവരാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്സ് . ബെക്കർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് സൂരജ് ഇ എസ്ആണ് . ശ്രീരാഗ് സജിയാണ് ചിത്രത്തിന്റെ എഡിറ്റർ.