തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രമാണ് ടൈഗർ നാഗേശ്വര റാവു. ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുകൾക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ ചിത്രം തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഒക്ടോബർ ഇരുപതിന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്ന് മുൻപേ അറിയിച്ചിരുന്നു. അന്ന് മുതൽ ആരാധകർ വളരെ ആവേശത്തിൽ ആയിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരീഷ് പേരടി, ചിത്രം ഇന്ന് തീയേറ്ററിൽ എത്തുമെന്ന വാർത്ത തന്റെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു.
നിങ്ങളുടെ ഏറ്റവും അടുത്ത തീയേറ്ററുകളിലും ടൈഗർ നാഗേശ്വര റാവു എത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ ഈ വലിയ ഗ്രാൻഡ് റിലീസ് തീയേറ്ററിൽ പോയി കാണാനുമാണ് ഹരീഷ് പേരടി പറയുന്നത്. രവി തേജ നായകനാകുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് ഹരീഷ് പേരടി ,കാർത്തിക് ശിവകുമാർ,നുപൂർ സനോൺ,ജോൺ എബ്രഹാം,ഗായത്രി ഭരദ്വാജ്,സുദേവ് നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. പതിനൊന്ന് മില്യൺ കാഴ്ചക്കാരെ ആയിരുന്നു ചിത്രത്തിന്റെ ടീസർ സ്വന്തമാക്കിയിരുന്നത്. ടൈഗർ ഇൻവേഷൻ എന്ന പേരിലാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്.
എഴുപതുകളിലാണ് കഥയുടെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. അക്കാലത്തു ജീവിച്ചിരുന്ന ഒരു ഭീകരനായ ഒരു കള്ളന്റെ ജീവിതകഥയിലൂടെയാണ് ടൈഗർ നാഗേശ്വര റാവുവിന്റെ കഥ സഞ്ചരിക്കുന്നത്. സ്റ്റുവർട്ട്പുരം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഹൈദരാബാദ്, മുംബൈ, ഡൽഹി, തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ മോഷണം നടത്തിയ സ്റ്റുവർട്ട്പുരത്തെ മോഷ്ടാവായ ടൈഗർ നാഗേശ്വര റാവു ജയിൽചാടിയതിനെകുറിച്ചാണ് ടീസറിൽ തുടക്കത്തിൽ പറയുന്നത്. മദ്രാസ് സെൻട്രൽ ജയിലിൽനിന്ന് ചാടിപ്പോയ വാർത്തയാണ് പശ്ചാത്തലത്തിൽ കാണിക്കുന്നത്.
അത്തരത്തിലൊരു സംഭവം ആദ്യമായി നേരിടുന്നതിനാൽ പോലീസുകാർ വളരെ പരിഭ്രാന്തരായി നിൽക്കുന്നതായി കാണാം. തുടർന്ന് ടൈഗർ എന്ന കള്ളന്റെ കഴിവുകളെപ്പറ്റി മുരളി ശർമ അവതരിപ്പിക്കുന്ന കഥാപാത്രം ടീസറിൽ വിശദീകരിക്കുന്നുണ്ട്. ഒരു മാസ് ഹീറോയ്ക്ക് ആവിശ്യമായ എല്ലാ ഗുണഗണങ്ങളും ഒത്തിണങ്ങിയ ടൈഗറിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകരുടെ പ്രതീക്ഷ. രവി തേജ എന്ന നടന്റെ ഇതുവരെ കാണാത്ത ഒരു രൂപവും ഭാവവുമാണ് ടൈഗർ നാഗേശ്വര റാവുവിൽ കാണാനാവുക എന്നാണ് സിനിമയുടെ അണിയറയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.