ബോളിവുഡിൽ നിരവധി വിജയ ചിത്രങ്ങൾ ലിസ്റ്റിൽ ഉള്ള നടനാണ് ടൈഗർ ഷ്‌റോഫ് എന്നാൽ അടുത്തിടെ പ്രദർശനത്തിന് എത്തിയ താരത്തിന്റെ ചിത്രത്തിന് താരതമ്യേന കുറഞ്ഞ കളക്ഷനാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ടെെഗർ ഷ്‌റോഫ് നായകനായി പ്രദർശനത്തിനെത്തിയ ചിത്രമാണ് ഗണപത്. ‘ഗൺപതി’ന് ബോക്സോഫീസിൽ മങ്ങിയ തുടക്കമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനം 2.5 കോടി മാത്രമാണ് ചിത്രത്തിന് ഇന്ത്യയിൽ നിന്ന് മാത്രം നേടാനായത്. ടെെഗർ ഷ്‌റോഫിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും കുറഞ്ഞ ആദ്യദിന കളക്ഷനാണിത്.
ഒക്‌ടോബർ 20-ന് ആണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ചിത്രം വികാസ് ബാൽ ആണ് സംവിധാനം ചെയ്തത്. കൃതി സനോൺ ആണ് നായികയായി വേഷമിട്ടത്. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹീറോപന്തി 2 ആയിരുന്നു താരത്തിന്റെ ഏറ്റവും കുറവ് ആദ്യദിന കളക്ഷൻ നേടിയ മുൻപത്തെ ചിത്രം. 6.50 കോടിയാണ് ചിത്രം അന്ന് സ്വന്തമാക്കിയത്. 53.35 കോടി ആദ്യ ദിനം നേടിയ ’വാർ’ ആണ് കളക്ഷന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ. വാർ സിനിമയിൽ ടൈഗർ ഷ്‌റോഫിനൊപ്പം പ്രധാന കഥാപാത്രമായി ഋതിക് റോഷനും വേഷമിട്ടിരുന്നു.
അതെ സമയം ഗണപതിന്റെ മങ്ങലിന് കാരണം വിജയ് ചിത്രം ലിയോ ആണെന്നും നിരൂപണങ്ങൾ വരുന്നുണ്ട്. കാരണം ലിയോ ഇറങ്ങിയതിനും തൊട്ടടുത്ത ദിനത്തിലാണ് ഗണപതും പ്രദർശനത്തിന് എത്തുന്നത്. അതുകൊണ്ടുതന്നെ ലിയോയുടെ റിലീസ് ഗണപതിനെ ബാധിക്കാമെന്നാണ് ആളുകളുടെ വിലയിരുത്തൽ. അത്രയധികം ഹൈപിൽ വന്ന സിനിമയാണ് വിജയ് നായകനായെത്തിയ ലിയോ.
അതേസമയം, ബോക്സോഫീസിൽ അതി ഗംഭീര കുതിപ്പാണ് ലിയോ നടത്തുന്നത്. ആദ്യദിനം തന്നെ 148.5 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 70 കോടിയോളം രൂപ ഇതിനോടകം ലിയോ സ്വന്തമാക്കി. രണ്ടാം ദിവസത്തെ കളക്ഷൻ കൂടി പുറത്തുവന്നതോടെ നൂറുകോടിയിലധികം ഇന്ത്യയിൽ നിന്ന് മാത്രം നേടിയിരിക്കുകയാണ് ലിയോ എന്നാണ് വിവരങ്ങൾ . സിനിമ ഇറങ്ങുന്നതിനു മുൻപുതന്നെ ചിത്രം വമ്പൻ നേട്ടമാണ് കൊയ്തെടുത്തത്. പ്രീബുക്കിങ്ങിലൂടെയും മികച്ച കളക്ഷൻ ചിത്രം സ്വന്തമാക്കിയിരുന്നു. 2023 ൽ പ്രദർശനത്തിന് എത്തിയ ഇന്ത്യൻ ചിത്രങ്ങളിൽ ആദ്യദിനം തന്നെ ഏറ്റവുമധികം ആഗോളകളക്ഷൻ നേടിയ ചിത്രമായി ലിയോ മാറുകയും ചെയ്തു.
മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ലിയോ’. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ വേഷമിട്ടത്. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരുന്നത്. ചിത്രത്തിലെ മൂന്നു ഗാനങ്ങൾ ചിത്രം പ്രദർശനത്തിന് എത്തുന്നതിനു മുൻപ് തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.