2024 ലെ ഓസ്കാർ അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ”2018” ചിത്രം തെരഞ്ഞെടുക്കപ്പെട്ട സന്തോഷം പങ്കുവച്ച് നടൻ ടോവിനോ തോമസ്.ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് നടൻ പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുന്നത്.
View this post on Instagram
നടന്റെ വാക്കുകൾ …..
”എല്ലാവർക്കും നമസ്ക്കാരം .വളരെ സന്തോഷമുള്ള ദിവസമാണ് ഇന്ന്.ഇന്നലെ 2018 എന്ന സിനിമയിലെ എന്റെ അഭിനയത്തിന് നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമിലെ സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റിമിയസ് പുരസ്‌കാരം ലഭിച്ചിരുന്നു.ഇന്നലെ രാത്രി അതിന്റെ സന്തോഷം ഞാൻ എല്ലാവരുമായി പങ്കുവച്ചിരുന്നു.ഇന്ന് രാവിലെ ഉറക്കം എണീറ്റപ്പോൾ അറിയുന്നത് 2018 ഇന്ത്യയുടെ ഓസ്കാർ ഔദ്യോഗിക എൻട്രിയായി പരിഗണിച്ചു എന്നുള്ളതാണ് .എന്നെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമാണ്.ഒരുപാട് സ്വപനം കാണുകയും ആഗ്രഹിക്കുകയും ചെയ്ത കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
വളരെയധികം എഫേർട്ട് എടുത്ത് ചെയ്ത സിനിമയാണ് 2018.ആ സിനിമ ഇപ്പോഴും അംഗീകാരങ്ങൾ നേടുന്നു എന്നറിയുമ്പോൾ ഒരുപാട് സന്തോഷം.എന്റെ പ്രധാന വിഷമം സിനിമ റിലീസ് ആയപ്പോഴും ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല.ഇപ്പോഴും അത് തന്നെയാണ് അവസ്ഥ.എന്നിരുന്നാലും ഈ സിനിമയുടെ അവാർഡ് വാങ്ങിക്കുന്നതിനായാണ് ഇപ്പോൾ ആംസ്റ്റര്‍ഡാമിൽ എത്തിയിരിക്കുന്നത്.ഓരോ അംഗീകാരങ്ങൾ ലഭിക്കുമ്പോഴും കൂടുതൽ ഉത്തരവാദിത്വങ്ങളാണ് നമ്മളിൽ ഉണ്ടാക്കുന്നത്.വളരെയധികം സന്തോഷമുണ്ട് .നിങ്ങളാണ് ഈ സിനിമയുടെ വിജയം”
ടോവിനോ തോമസ്, ആസിഫ് അലി, നരേൻ, ലാൽ, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം മികച്ച വിജയം കൈവരിച്ചിരുന്നു. 200 കോടിയിലധികമായിരുന്നു ചിത്രം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സ്വന്തമാക്കിയത്. റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ചുള്ള ഒരു വിജയമായിരുന്നു അത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് ടെലിവിഷനിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വേണു കുന്നപ്പിള്ളി, സി കെ പദ്മ കുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ‘2018’ നിര്‍മിച്ചത്. എന്തായാലും മലയാളസിനിമാമേഖലയ്ക്ക് അഭിമാനനിമിഷം തന്നെയാണ് കൈവന്നിരിക്കുന്നത്.
കന്നഡ ചലച്ചിത്ര സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് നോമിനേഷൻ പ്രഖ്യാപിച്ചത്. മോഹൻലാൽ ചിത്രമായ ‘ഗുരു’വാണ് ഓസ്കർ എൻട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ആണ് ഓസ്കർ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം.