വിജയ് ലോകേഷ് കൂട്ടുകെട്ടിലെത്തുന്ന ‘ലിയോ’ ഒക്ടോബർ 19 ന് പ്രദർശനത്തിന് ഒരുങ്ങുകയാണ്. അതേസമയം ചിത്രത്തിലെ നാ റെഡി എന്ന ഗാനത്തിന്റെ മലയാളം വേർഷൻ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഞാൻ റെഡിയായി വരവായ് എന്നാണ് ഗാനം ആരംഭിക്കുന്നത്. നിരവധി ട്രോളുകളാണ് ഇപ്പോൾ ഇറങ്ങിയ ഈ മലയാളം വേർഷന് വന്നുകൊണ്ടിരിക്കുന്നത്.
തങ്ങൾ മലയാളികളാണെന്നും, എങ്കിലും തമിഴ് മനസിലാവുമെന്നും, ഇങ്ങനെ ഒരു പാട്ടിനോട് ക്രൂരത കാണിക്കരുതെന്നും ആരാധകർ പറയുന്നു. പാട്ടിനെ കൊല്ലുന്ന പോലെയാണ് ഈ മലയാളം വേർഷനെന്നും, മലയാളത്തിൽ ഡബ്ബ് ചെയ്തു നശിപ്പിച്ചുവെന്നുമാണ് ആരാധകർ കമന്റുകളിടുന്നത്. അതോടൊപ്പം തന്നെ തമിഴിലെ ഗാനത്തെ പ്രശംസിക്കുന്നുമുണ്ട്. തമിഴിലെ ഗാനം ഇതിനോടകം 151 മില്യൺ കടന്നിട്ടുണ്ട്.
‘ഞാൻ റെഡിയായ് വരവായി’ എന്ന് തുടങ്ങുന്ന ഈ ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് രേവന്തും റാപ് അർജുൻ വിജയും ചേർന്നാണ്. ചിത്രത്തിൽ മലയാളത്തിലെ വരികൾ ഒരുക്കിയത് ദീപക് റാം ആണ്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ‘നാ റെഡി താ’ വലിയ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. ഗാനത്തിന്റെ മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഗാനങ്ങൾ ആണ് ഇപ്പോൾ റിലീസായിരിക്കുന്നത്. സെപ്റ്റംബർ 7 മുതലാണ് ലിയോയുടെ യുകെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ പതിനായിരത്തിലധികം അധികം ടിക്കറ്റുകൾ ഇവിടെ വിറ്റുപോയിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ ചിത്രത്തിൻറെ 18,000 ടിക്കറ്റുകളാണ് വിറ്റുപോയിരുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം50000ത്തിലധികം ടിക്കറ്റുകളാണ് റിലീസിന് മുൻപ് ഇവിടെ നിന്നും വിറ്റ് പോയിരിക്കുന്നത്. ചിത്രത്തിൻറെ യുകെയിലെ വിതരണക്കാരായ അഹിംസ എൻറർടെയ്ൻമെൻറ് തന്നെയാണ് ഇക്കാര്യം പുറത്ത്‌വിട്ടത്.
വൈകാതെ ലിയോ യുകെയിൽ ഇന്ത്യയുടെ സിനിമകളിൽ ഒന്നാമത് എത്തും എന്നാണ് വിതരണക്കാരായ അഹിംസ എന്റർടെയ്‍ൻമെന്റ്സ് പറയുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്. കേരളത്തിൽ 650ൽ അധികം സ്‍ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. മൂവായിരത്തിലധികം പ്രദർശനങ്ങളാണ് ആദ്യ ദിവസം ഉണ്ടാവുക.