സനാതന ധർമത്തിനെതിരെ രൂക്ഷ പരാമർശവുമായി നടനും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ.

കഴിഞ്ഞ ദിവസം തമിഴ്നാട് പ്രോഗ്രസ്സിവ് റൈറ്റേർസ് അസോസിയേഷൻ സംഘടിപ്പിച്ച സനാതന അബൊളീഷൻ കോൺക്ലേവ് എന്ന പരിപാടിയിലാണ് സനാതന ധർമത്തിനെതിരെ ഉദയനിധി പ്രതികരിച്ചത്. സനാതന ധർമം സാമൂഹ്യ നീതിക്കെതിരാണെന്നും അതിനാൽ സമൂഹത്തിൽ നിന്നും സനാതന ധർമം തുടച്ചു നീക്കണമെന്നും അഭിപ്രായപ്പെട്ട ഉദയ നിധി സനാതന ധർമം പകർച്ച വ്യാധികളായ മലേറിയക്കും ഡെങ്കി പനിക്കും കൊറോണക്കും സമാനമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. മലേറിയയെയും ഡെങ്കി പനിയേയും പോലെ സനാതന ധർമത്തിനെതിരെ കേവലം പ്രതിരോധം മാത്രം പോര, പകരം സമൂഹത്തിൽ നിന്നും അതിനെ തുടച്ചു നീക്കണമെന്നും ഉദയനിധി അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ ഉദയനിധിയുടെ പരാമർശത്തിന് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രോഹിത് വെമുലയുടെ അമ്മയടക്കം പങ്കെടുത്തിരുന്ന ഒരു പൊതു പരിപാടിയിൽ വെച്ചാണ് ഉദയനിധി പരാമർശം നടത്തിയിരുന്നത്. നിലവിൽ തമിഴ്നാട് മന്ത്രി സഭയിൽ കായിക – യുവജന ക്ഷേമ വകുപ്പുകളുടെ മന്ത്രി സ്ഥാനം വഹിക്കുന്ന ഉദയനിധി തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിന്റെ മകനും മുൻ മുഖ്യ മന്ത്രി കരുണാനിധിയുടെ കൊച്ചു മകനുമാണ്. ചെന്നൈയിലെ ചെപ്പക്-തിരുവള്ളികെനി മണ്ഡലത്തിൽ നിന്നുമാണ് ഉദയനിധി സ്റ്റാലിൻ ഡി എം കെ യുടെ പ്രതിനിധിയായി തമിഴ്നാട് നിയമ സഭയിലേക്കെത്തുന്നത്.

തന്റെ തന്നെ നിർമാണ കമ്പനിയായ റെഡ് ജയന്റ് സ്റ്റുഡിയോയിലൂടെ നിർമ്മാതാവും വിതരണക്കാരനുമായി തമിഴ് സിനിമ മേഖലയിലേക്കെത്തിയ ഉദയനിധി പിന്നീട് അഭിനയ രംഗത്തേക്കും കടന്നു വന്നു.

ഉദയ നിധി തന്നെ നിർമിച്ച മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നനാണ് താരം അഭിനയിച്ച അവസാന ചിത്രം. ചിത്രത്തിൽ വടിവേലു അവതരിപ്പിച്ച മാമന്നൻ എന്ന കഥാപാത്രത്തിന്റെ മകൻ അതിവീരൻ എന്ന കഥാപാത്രമായാണ് ഉദയനിധി സിനിമയിൽ എത്തിയിരുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം വടിവേലു സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരിന്നു. കീർത്തി സുരേഷ് ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിൽ വില്ലൻ കഥ പാത്രമായ രത്നവേലിനെ അവതരിപ്പിച്ച ഫഹദ് ഫാസിൽ വലിയ രൂപത്തിലുള്ള പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തമിഴ് രാഷ്ട്രീയ രംഗത്തെ ജാതിവെറിയായിരുന്നു സിനിമയുടെ പ്രമേയം

