‘സനാതന ധർമ പരാമർശം’ വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ബിജെപി ഐ ടി സെൽ ദേശീയ കൺവീനർ അമിത് മാളവ്യ ട്വീറ്ററിലൂടെ പങ്കു വെച്ച കുറിപ്പിൽ വംശ ഹത്യക്കുള്ള പ്രേരണയായിട്ടാണ് ഈ പരാമർശത്തെ കാണേണ്ടതെന്നുള്ള പ്രതികരണത്തിനെതിരായിട്ടാണ് ഉദയ നിധി ട്വീറ്ററിലൂടെ പ്രതികരണമറിയിച്ചിട്ടുള്ളത്.
ഉദയനിധി ട്വീറ്ററിൽ കുറിച്ചു …..
“സനാതന ധര്മത്തിനെ പിന്തുടരുന്ന ആളുകളെ വംശഹത്യ ചെയ്യണമെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. ജനങ്ങൾക്കിടയിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വേര്തിരിവുണ്ടാക്കുന്ന ആശയമാണ് സനാതന ധർമം. സനാതന ധർമത്തെ വേരോടെ പിഴുതെറിയുകയെന്നാൽ മനുഷ്യത്വത്തെയും സഹോദര്യത്തെയും പടുത്തുയർത്തുക എന്ന് കൂടിയാണ്.
പറഞ്ഞ വാക്കുകളിൽ ഞാൻ ഉറച്ചു നിൽക്കുന്നു. സനാതന ധർമം മൂലം അടിച്ചമർത്തപ്പെട്ട, അരികുവത്കരിക്കപ്പെട്ടവർക്ക് വേണ്ടിയാണു ഞാൻ സംസാരിച്ചിട്ടുള്ളത്.
സനാതന ധർമം സമൂഹത്തിൽ പ്രതികൂലമായി ബാധിക്കുന്നതുമായി ബന്ധപ്പെട്ടു ആധികാരികമായി പഠനം നടത്തിയിട്ടുള്ള അംബേദ്‌കർ, പെരിയാർ തുടങ്ങിയവരുടെ പഠനങ്ങൾ ഏതു വേദിയിലും അവതരിപ്പിക്കാൻ ഞാൻ ഒരുക്കമാണ്.
എന്റെ സംസാരത്തിലെ പ്രസക്ത ഭാഗങ്ങൾ ഊന്നി പറയുകയാണെങ്കിൽ. കോവിഡ്, ഡെങ്കി പനി,കൊതുകു പരത്തുന്ന മലേറിയ എന്നിവയെപോലെ സനാതന ധർമം സമൂഹത്തിലെ പല അനീതികൾക്കും കാരണമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഇതുമായി ബന്ധപെട്ടു എനിക്ക് നേരെ വരുന്ന എന്തിനെയും നേരിടാൻ ഞാനൊരുക്കമാണ് അത് ഇവിടുത്തെ നിയമ വ്യവസ്ഥയാണെങ്കിലും ജനങളുടെ കോടതിയാണെങ്കിലും. ദയവു ചെയ്ത് ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നത് നിർത്തു”
I never called for the genocide of people who are following Sanatan Dharma. Sanatan Dharma is a principle that divides people in the name of caste and religion. Uprooting Sanatan Dharma is upholding humanity and human equality.
I stand firmly by every word I have spoken. I spoke… https://t.co/Q31uVNdZVb
— Udhay (@Udhaystalin) September 2, 2023
അതേ സമയം സനാതന ധർമത്തിനെതിരെയുള്ള വിവാദ പരാമർശത്തിൽ തമിഴ് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ഡൽഹി പോലീസ് കേസെടുത്തു. സുപ്രിം കോടതി അഭിഭാഷകനായ വിനീത് ജിൻഡാലും ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയുമാണ് ഉദയനിധിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സനാതന ധർമത്തിനെതിരെയുള്ള ഉദയനിധിയുടെ പരാമർശം മത വികാരം വൃണപ്പെടുത്തുന്നതാണെന്ന് ജിൻഡാൽ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നും വലിയ രൂപത്തിലുള്ള പ്രതിഷേധമാണ് ഉദയനിധിയുടെ പരാമർശത്തിന് നേരെ ഉണ്ടായികൊണ്ടിരിക്കുന്നത്.
വംശ ഹത്യക്കുള്ള പ്രേരണയായിട്ടാണ് ഈ പരാമർശത്തെ കാണേണ്ടതെന്നു ബിജെപി ഐ ടി സെൽ ദേശീയ കൺവീനർ അമിത് മാളവ്യ ട്വീറ്ററിലൂടെ പങ്കു വെച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം തമിഴ്നാട് പ്രോഗ്രസ്സിവ് റൈറ്റേർസ് അസോസിയേഷൻ സംഘടിപ്പിച്ച സനാതന അബൊളീഷൻ കോൺക്ലേവ് എന്ന പരിപാടിയിലാണ് സനാതന ധർമത്തിനെതിരെ ഉദയനിധി പ്രതികരിച്ചത്. സനാതന ധർമം സാമൂഹ്യ നീതിക്കെതിരാണെന്നും അതിനാൽ സമൂഹത്തിൽ നിന്നും സനാതന ധർമം തുടച്ചു നീക്കണമെന്നും അഭിപ്രായപ്പെട്ട ഉദയ നിധി സനാതന ധർമം പകർച്ച വ്യാധികളായ മലേറിയക്കും ഡെങ്കി പനിക്കും കൊറോണക്കും സമാനമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. മലേറിയയെയും ഡെങ്കി പനിയേയും പോലെ സനാതന ധർമത്തിനെതിരെ കേവലം പ്രതിരോധം മാത്രം പോര, പകരം സമൂഹത്തിൽ നിന്നും അതിനെ തുടച്ചു നീക്കണമെന്നും ഉദയനിധി അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ ഉദയനിധിയുടെ പരാമർശത്തിന് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രോഹിത് വെമുലയുടെ അമ്മയടക്കം പങ്കെടുത്തിരുന്ന ഒരു പൊതു പരിപാടിയിൽ വെച്ചാണ് ഉദയനിധി പരാമർശം നടത്തിയിരുന്നത്.