ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘കാസർഗോൾഡ്’. ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അിയറപ്രവർത്തകരിപ്പോൾ. ‘താനാരോ തന്നാരോ…’ എന്നുതുടങ്ങുന്ന ഗാനമാണ് സരിഗമ മലയാളത്തിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്. ഗാനം യൂട്യൂബിൽ ട്രെൻഡിംഗിലാണ് പോയിക്കൊണ്ടിരിക്കുന്നത്.

പ്രേക്ഷകരെ പിടിച്ചിരുത്താൻ തക്ക ആവേശമുണർത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷും തങ്കച്ചൻ അഭിയും ചേർന്നാണ്. ഒരു ബാറിനുള്ളിൽ മദ്യപിക്കാനെത്തിയ കുറച്ചാളുകൾ പാടുന്ന ഗാനമായാണ് താനാരോ ചിത്രീകരിച്ചിരിക്കുന്നത്. ഗാനത്തിന്റെ തുടക്കത്തിൽ ആസിഫ് അലിയും കൂട്ടരും ബാറിൽ എത്തുന്നുണ്ട്. പിന്നീട് പ്രത്യേകിച്ച് ആരെയോ തേടുന്നതായും കാണാം. എന്നാൽ ഗാനത്തിന്റെ അവസാനഭാഗത്തായി ആസിഫ് അലിയും അവരോടൊപ്പം ചേർന്ന് പാട്ട് പാടി നൃത്തം ചെയ്യുന്നുണ്ട്. ഈ ഭാഗങ്ങളാണ് ഗാനത്തിന്റെ ആവേശം അങ്ങേയറ്റത്തെത്തുന്നത്. കേൾക്കുന്നവർ ചുവടുവെച്ചുപോകുന്നതരത്തിലുള്ള താളത്തിലാണ് ഗാനം അവസാനിക്കുന്നത്.
ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോൽ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. മൃദുൽ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. ‘താനാരോ…’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് വെെശാഖ് സുഗുണൻ ആണ്. നിരഞ്ജ് സുരേഷ് ആണ് സംഗീതം പകർന്നിരിക്കുന്നത് . ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കാൻ ഏറെ സാധ്യതയുള്ള ഗാനമായാണ് പ്രേക്ഷകർ ഗാനത്തെ വിലയിരുത്തുന്നത്.

മുഖരി എന്റർടെയ്ൻമെൻറ്സും യൂഡ്‌ലീ ഫിലിംസുമായി ഒത്തുചേർന്ന് സരിഗമ നിർമിക്കുന്ന ചിത്രമാണ് കാസർഗോൾഡ്. സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മുൻപ് ഇറങ്ങിയ ടീസർ നിമിഷനേരം കൊണ്ട് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. റിലീസിന് മുൻപ് തന്നെ യുവാക്കൾക്കിടയിൽ വലിയ ചർച്ചാവിഷയമായിരുന്നു ചിത്രത്തിൻറെ ടീസർ. മേക്കിങ്ങും സൗണ്ട് എഫക്ടുകളുമാണ് ടീസറിന് മികച്ച വരവേൽപ്പ് ലഭിക്കാൻ കാരണമായത്. സമീപകാലത്ത് ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ടീസറുകൾ വളരെ കുറവായിരുന്നു. ഇതിനൊരു മാറ്റം കൊണ്ടുവന്നത് ‘കാസർഗോൾഡ്’ ആണ്. ‘ബി ടെക്ക്’ എന്ന വിജയ ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

