പ്രേക്ഷകരെ അത്യധികം ആവേശത്തിൽ ആഴ്ത്തിയിരിക്കുന്ന ചിത്രമാണ് വിജയ്-ലോകേഷ് കൂട്ടുകെട്ടിലെത്തുന്ന ‘ലിയോ’. ചിത്രത്തിന് പുലർച്ചെ നാല് മണിക്ക് പ്രത്യേക പ്രദർശനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിർമാതാക്കളുടെ ഹർജി മദ്രാസ് ഹെെക്കോടതി തള്ളിയിരിക്കുകയാണ് ഇന്ന്.

ലിയോയുടെ പ്രത്യേക പ്രദർശനത്തിന് അനുമതി നൽകാൻ സർക്കാരിനോട് നിർദ്ദേശിക്കാനാകില്ലെന്ന് കോടതി നിർമ്മാതാക്കളോട് വ്യക്തമാക്കി. എന്നാൽ തമിഴ്‌നാട്ടിൽ മാത്രമാണിത്. കേരളത്തിലെ തീയേറ്ററുകളിൽ ആദ്യ ദിനം തന്നെ നാലുമണിക്കും ഏഴുമണിക്കും ലിയോയുടെ പ്രദർശനങ്ങൾ ഉണ്ട്.

ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത് അനുസരിച്ച് രാവിലെ ഒൻപത് മണിമുതൽ മാത്രമേ തമിഴ്നാട്ടിൽ ലിയോയുടെ പ്രദർശനം ആരംഭിക്കാൻ കഴിയുകയുള്ളു. തമിഴ്‌നാട്ടിൽ പുലർച്ചെ ഷോ ഇല്ലാത്തതിനാൽ ആളുകൾ സിനിമ കാണാനായി അയൽ സംസ്ഥാനങ്ങളിലേയ്ക്ക് പോകുമെന്നും തമിഴ്നാട്ടിലെ തിയേറ്ററുകളിൽ കളക്ഷൻ കുറയുമെന്നും നിർമാതാക്കൾ പറയുന്നുണ്ട്. റിലീസിന്റെ പിറ്റേദിവസം മുതൽ തുടർച്ചയായി ഒരാഴ്ചയെങ്കിലും എഴുമണി മുതലുള്ള ഷോ അനുവദിക്കണമെന്നും നിർമാതാക്കൾ ഹർജിയിൽ ആവശ്യം ഉന്നയിച്ചിരുന്നു.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് വിജയ് ചിത്രം ലിയോ നിർമ്മിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. ഇത് വലിയ വാർത്തയായിരുന്നു. വമ്പൻ താര നിരയാണ് ലിയോയിൽ അണിനിരക്കുന്നത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീതം ഒരുക്കിയത്.

ചിത്രത്തിൽ ഉള്ള മൂന്നു ഗാനങ്ങളാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. ആദ്യം ഇറങ്ങിയത് ‘നാൻ റെഡി താൻ’ എന്ന ഗാനമാണ്. ഗാനത്തിലെ ചില വരികൾ കാരണം വലിയ വിവാദങ്ങൾ സൃഷ്‌ടിച്ച ഒരു ഗാനമായിരുന്നു അത്. രണ്ടാമതായി പുറത്തുവിട്ട ഗാനം ‘ബഡാസ്’ ആണ്. ഈ ഗാനവും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർക്കിടയിൽ തരംഗമായത്. മൂന്നാമതായി എത്തിയ ഗാനം ഒരു ഫീൽ ഗുഡ് തരത്തിലുള്ള ഒന്നായിരുന്നു. ‘അൻപെനും’ എന്ന ഗാനം ഒരുക്കിയത് മഞ്ഞുമലയുടെ മനോഹരമായ പശ്ചാത്തലത്തിലാണ്.

