വിശാൽ ചിത്രം ‘മാർക്ക് ആന്റണി’; റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

0
214

വിശാലിനെ കേന്ദ്ര കഥാപാത്രമാക്കി സയൻസ് ഫിക്ഷൻ പശ്ചാത്തലത്തിൽ കഥ പറയുന്ന ടെെം ട്രാവൽ ചിത്രമാണ് ‘മാർക്ക് ആന്റണി.’ ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. സെപ്തംബർ 15 നാണ് ചിത്രം തീയേറ്ററിൽ പ്രദർശനത്തിലെത്തുന്നത്.

ഇപ്പോഴിതാ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ചിത്രത്തിന്റെ റിലീസ് തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ലൈക്ക പ്രൊഡക്ഷൻസ് ആണ് വിശാലിനെതിരെ ഹർജി സമർപ്പിച്ചിരിക്കുന്നത്. നൽകാനുള്ള 21.29 കോടി രൂപയിൽ 15 കോടി രൂപ വിശാൽ തിരിച്ചുനൽകുന്നില്ലെന്നാണ് ഹർജിയിൽ ഉള്ളത്. ചൊവ്വാഴ്ച താരം കോടതിയിൽ ഹാജരാവണമെന്നു൦ നിർദ്ദേശമുണ്ട്.

എന്നാൽ ചിത്രത്തിന്റെ നിർമാതാവ് വിനോദ് കുമാർ ഈ വിഷയത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഹൈക്കോടതി റിലീസ് തടഞ്ഞിട്ടില്ലെന്നും കോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. വിശാൽ കോടതിയിൽ ഹാജരാകാതിരുന്നാൽ മാത്രമേ റിലീസിന് വിലക്ക് നേരിടുകയുള്ളൂവെന്നും അങ്ങനെവന്നാൽ താൻ നിയമനടപടി സ്വീകരിക്കുമെന്നും വിനോദ് കുമാർ ചൂണ്ടിക്കാട്ടി.

അതേസമയം, ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിശാലിനൊപ്പം സിനിമയിൽ എസ് ജെ സൂര്യയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ട്രെയിലർ നൽകുന്ന സൂചനകൾ വെച്ച് ചിത്രത്തിൽ എസ് ജെ സൂര്യയുടെ മികച്ച പ്രകടനം തന്നെ കാണാൻ സാധിക്കുമെന്നാണ് എല്ലാവരുടെയും വിലയിരുത്തൽ. ആധിക് രവിചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന സിനിമയിൽ വിശാലിനും എസ് ജെ സൂര്യയ്ക്കും പുറമെ സെൽവരാഘവൻ, ഋതു വർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട് . തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് എസ് വിനോദ് കുമാറാണ്.

ഒരു ടൈം ട്രാവലർ ഗ്യാംങ് സ്റ്റാർ സിനിമ ആയാണ് മാർക്ക് ആൻറണി എന്ന സിനിമ ഒരുങ്ങുന്നത് എന്നാണ് ട്രെയിലർ പ്രേക്ഷകർക്ക് നൽകുന്ന സൂചന. എന്നാൽ അതേ സമയം കോമഡിക്കും ആക്ഷനും ഒരേ പോലെ പ്രാധാന്യവും ചിത്രം നൽകുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പഴയകാല നടി സിൽക് സ്മിതയെ വീണ്ടും സ്ക്രീനിൽ എത്തിക്കുന്നുണ്ട്. മറ്റൊരു നടിയാണ് സിൽക് സ്മിതയായി ചിത്രത്തിലെത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ ട്രെയിലറിലും സിൽക്ക് സ്മിതയുടെ ചെറിയ ചില രംഗങ്ങൾ കാണിക്കുന്നുണ്ട്. ഉമേഷ് രാജ്‍കുമാറാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസെെനറായി എത്തുന്നത്. കനൽ കണ്ണൻ, പീറ്റർ ഹെയ്‍ൻ, രവി വർമ എന്നിവരാണ് ചിത്രത്തിൽ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here