മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവഹിക്കുന്ന സിനിമയാണ് ‘എമ്പുരാൻ’. ആ ചിത്രത്തിൽ ശിവരാജ്‌കുമാർ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ശിവരാജ് കുമാർ. അത്തരം ഒരു ഓഫർ തനിക്കു വന്നിട്ടില്ലെന്നും എന്നാൽ പൃഥ്വിരാജിന്റെ ഒരു സിനിമ വന്നിരുന്നെന്നും അത് പ്ലാനിങ്ങിൽ ആണെന്നും അദ്ദേഹം പറയുകയുണ്ടായി.
”അങ്ങനെ ഒരു സിനിമ എന്നെ സമീപിച്ചിട്ടേയില്ല. എന്നാൽ പൃഥ്വിരാജിന്റെ ഒരു സിനിമ വന്നിരുന്നു, അത് ഇപ്പോൾ പ്ലാനിങ് നടന്നുകൊണ്ടിരിക്കുകയാണ്,” എന്നാണ് ശിവരാജ് കുമാർ പത്ര സമ്മേളനത്തിൽ പറഞ്ഞത്. ‘ഗോസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയതായിരുന്നു താരം. ശിവരാജ് കുമാറിനൊപ്പം നടൻ ജയറാം, കൂടാതെ ചിത്രത്തിന്റെ സംവിധായകൻ എം ജി ശ്രീനിവാസ് തുടങ്ങിയവർ ഉണ്ടായിരുന്നു.
ആരാധകർ പറയുന്ന പോലെ ഒരു ഗ്യാങ്സ്റ്റർ ചിത്രം എന്ന് പറയുന്നതിനേക്കാളും കൂടുതൽ ഒരു ഹീസ്റ്റ് ചിത്രം എന്ന് പറയുന്നതാണ് കൂടുതൽ അതിന് ചേരുക എന്നാണ് സംവിധായകൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. ഗ്യാങ്സ്റ്റർ സിനിമകളുടെ രാജാവ് എന്നാണ് പൊതുവെ ശിവരാജ് കുമാർ അറിയപ്പെടുന്നത്. കാരണം കന്നഡ ഇൻഡസ്ട്രിയിൽ നിരവധി ഗ്യാങ്സ്റ്റർ ചിത്രങ്ങൾ ചെയ്ത് വിജയിപ്പിച്ച നടനാണ് അദ്ദേഹം. 1995 ൽ സംവിധായകൻ ഉപേന്ദ്രയുടെ ഓം എന്ന ചിത്രമാണ് കന്നഡ സിനിമ ഇൻഡസ്ട്രിയിലും ഇന്ത്യൻ സിനിമയിലും ഗ്യാങ്സ്റ്റർ സിനിമകൾക്ക് ഒരു ട്രെൻഡ് സൃഷ്ടിച്ചത്.
കൂടാതെ മലയാള സിനിമയിലെ നടന്മാരോടുള്ള സ്നേഹവും നടൻ ശിവരാജ്‌കുമാർ തുറന്ന് പറഞ്ഞിരുന്നു . മോഹൻലാൽ കുടുംബ സുഹൃത്ത് ആണെന്നും നടൻ ദുൽഖർ സൽമാന്റെ അഭിനയം വളരെ ഇഷ്ടമാണെന്നും ജയറാമിന് സഹോദര സ്ഥാനമാണെന്നും നടൻ പറഞ്ഞു. ഒക്ടോബർ 19 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ശിവരാജ് കുമാർ എത്തുന്നത്. ആക്ഷൻ ഹീസ്റ്റ് ത്രില്ലറായ ചിത്രത്തിന്റെ കലാ സംവിധാനം ‘കെജിഎഫ്’ ഫെയിം ശിവ കുമാര്‍ നിര്‍വഹിക്കുമ്പോള്‍ അര്‍ജുൻ ജന്യയാണ് ‘ഗോസ്റ്റി’ന്റെ സംഗീത സംവിധാനം ചെയ്യുന്നത്.ശ്രീനിയാണ് ‘ഗോസ്റ്റെ’ന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.മാത്രമല്ല നടൻ ജയറാമിന്റെ ആദ്യ കന്നഡ സിനിമ കൂടിയാണ് ഗോസ്റ്റ്. നെൽസൺ സംവിധാനം ചെയ്ത രജനികാന്ത് സിനിമ ജയിലറിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ നടനാണ് ശിവരാജ് കുമാർ.ജയിലർ സിനിമയിലെ ശിവരാജ് കുമാറിന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.നരസിംഹ എന്ന ഡോൺ കഥാപാത്രമായാണ് ശിവരാജ് കുമാർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.