സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടന്‍ പ്രമോദ് വെളിയനാട്.ആദ്യകാലത്തെ തന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് പ്രമോദ് തുറന്ന് പറഞ്ഞത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ നടൻ.താൻ വളർന്നുവന്ന വഴികളെക്കുറിച്ചും കഷ്ടപാടുകളെക്കുറിച്ചുമാണ് ഓരോ അഭിമുഖത്തിൽ പറയുന്നതെന്നും എന്തിനാണ് ഇതിന്റെ പേരിൽ തന്നെ വ്യക്തിഹത്യ ചെയ്യുന്നതെന്നും പ്രമോദ് ചോദിക്കുന്നു.മൂവി വേൾഡ് മീഡിയയുടെ സിനിമയല്ല ജീവിതം എന്ന പ്രത്യേക പരിപാടിയിലാണ് നടൻ ഇക്കാര്യം തുറന്ന് പറഞ്ഞത്.
നടന്റെ വാക്കുകൾ …….
”ദാരിദ്ര്യം പറയുന്ന ഒരാളാണ് ഞാൻ എന്ന പറച്ചിൽ പരക്കെയുണ്ട്.സത്യത്തിൽ ഞാൻ വളർന്നുവന്ന വഴികളെക്കുറിച്ചാണ് പറയുന്നത്.ഞാൻ അഭിമുഖം നൽകുന്ന പരിപാടി അവസാനിപ്പിക്കാൻ പോവുകയാണ്.എന്റെ സുഹൃത്തുക്കളോടും മറ്റും ഞാൻ പറഞ്ഞു മേലിൽ ഞാൻ ഇനി അഭിമുഖം നൽകില്ലെന്ന് .അവരെന്നോട് ചോദിച്ചു അത് എന്തുകൊണ്ടാണെന്ന്.ഞാൻ നൽകുന്ന അഭിമുഖങ്ങളുടെ കമന്റുകൾ എല്ലാതും ഞാൻ വായിക്കാറുണ്ട്.ഏതാ ഈ ഊള,ഇവനൊന്നും വേറെ പണിയില്ലേ….തുടങ്ങി നിരവധി കമന്റുകൾ വരാറുണ്ട്.ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടിട്ടില്ലാത്ത ആളുകളാണ് ഇങ്ങനെ കമന്റ് ചെയ്യുന്നത്.
ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. അതുകൊണ്ടൊക്കെയാണ് ഞാൻ അഭിമുഖം ചെയ്യുന്നില്ല എന്ന് പറഞ്ഞത്. നമ്മൾ പറയുന്നത് മുഴുവൻ കേട്ടിട്ടല്ല കമന്റ് ചെയ്യുന്നത് .കാണുന്നവർ കരുതുക ഞാൻ അത്രയും മോശമായിട്ടുള്ള ഒരാളാണ് എന്നാണ്.
ഇരുപത്തിയാറ് വർഷത്തോളം നാടകം ചെയ്ത സമയത്ത് എനിക്ക് യാതൊരും പ്രശ്നവും ഉണ്ടായിട്ടില്ല.ചെറിയ വേഷങ്ങളിൽ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് ഈ പ്രശ്നങ്ങൾ ഒക്കെ സംഭവിക്കാൻ തുടങ്ങിയത് ഇവരോടൊക്കെ എനിക്ക് പറയുവാൻ ഉള്ളത്.ജീവിക്കാൻ വേറെ വഴിയില്ലാത്തതുകൊണ്ടാണ്. വേറെ പണികൾ ഒന്നും അറിയില്ല അതുകൊണ്ടാണ്.എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് മനസിലാകുന്നില്ല.നല്ല കമന്റുകൾ ഒരുപാട് വരുന്നുണ്ട്.അതിൽ ഞാൻ സന്തോഷിക്കുന്നുമുണ്ട്.എന്റെ ഭാഗത്ത് നിന്ന് തിരുത്താൻ പറ്റുന്ന എന്തെങ്കിലും കാര്യങ്ങൾ ആണെങ്കിൽ ഞാൻ തീർച്ചയായും തിരുത്തും.
സ്കൂളിന്റെ ബെഞ്ചിന് മുകളിൽ കയറി നിന്ന് പാട്ട് പാടിയാണ് എന്റെ കലാജീവിതം തുടങ്ങുന്നത്.അച്ഛൻ ഭജനക്കും മറ്റും പോകുന്നത് കൊണ്ട് തന്നെ ഞാനും കൂടെ പോകാറുണ്ട്.ഹാർമോണിയത്തിൽ നിന്നാണ് എന്റെ ജീവിതത്തിൽ കല ആരംഭിക്കുന്നത് തന്നെ. അതുകൊണ്ട് പറയുകയാണ് ഞാൻ എങ്ങനെയെങ്കിലും ഒന്ന് ജീവിച്ചു പോകട്ടെ എന്നും പ്രമോദ് വെളിയനാട് പറയുന്നു”.
നാടക രംഗത്തുനിന്നും മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കിയ നടനാണ് പ്രമോദ് വെളിയനാട്. കിംഗ് ഓഫ് കൊത്തയിലാണ് പ്രമോദ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് വേണ്ടത്ര വിജയം നേടാൻ സാധിച്ചിരുന്നില്ല.

