നടന്‍ ടൊവിനോ തോമസിന് പരുക്കേറ്റു. ‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടാവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.
പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകന്‍ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി. ടൊവിനോയുടെ നടികര്‍ തിലകം ഗോഡ്‌സ്പീഡിന്റെ ബാനറില്‍ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്സും ടൊവിനോ ചിത്രത്തിന്റെ നിര്‍മാണത്തിലുണ്ട്. സുവീന്‍ എസ് സോമശേഖരാണ തിരക്കഥ. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റര്‍.
‘സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് വേഷമിടുന്നത്.’ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകുന്നു അത് തരണം ചെയ്യാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് നടികര്‍ തിലകത്തിന്റെ പ്രമേയമാകുന്നത്. ആല്‍ബി ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭാവന നായികയായി വേഷമിടുന്ന പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അര്‍ജുന്‍, വീണ നന്ദകുമാര്‍, നന്ദകുമാര്‍, ഖാലിദ് റഹ്‌മാന്‍, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബിജുക്കുട്ടന്‍, അരുണ്‍ കുര്യന്‍, ഷോണ്‍ സേവ്യര്‍, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ആരാധ്യ, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ജസീര്‍ മുഹമ്മദ് എന്നിവരുമുണ്ട്.
അതേസമയം,അഭിനയ മികവും സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലുള്ള സൂഷ്മതയുംകൊണ്ട് മലയാളത്തില്‍തന്നെ ഏറ്റവും വിലപിടിപ്പുള്ള നടനായി മാറിയ താരമാണ് ടൊവിനോ തോമസ്. ഇപ്പോള്‍ താരത്തിന്റെ സിനിമാ ജീവിതത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി വന്നുചേര്‍ന്നിരിക്കുകയാണ്. ഏറെ പ്രശസ്തമായ സെപ്റ്റിമിയസ് അവാര്‍ഡിലേക്ക്, ഏഷ്യയിലെ മികച്ച നടന്‍ എന്ന വിഭാഗത്തില്‍ ടോവിനോ നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണിപ്പോള്‍. എല്ലാ വര്‍ഷവും നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന വാര്‍ഷിക അവാര്‍ഡ് ചടങ്ങാണ് സെപ്റ്റിമിയസ് അവാര്‍ഡുകള്‍. ഈ വര്‍ഷം സെപ്തംബര്‍ 25 മുതല്‍ 26 വരെയാണ് ഈ ചലച്ചിത്രോത്സവം നടക്കുക.
മികച്ച നടനെന്ന വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെയും , ഒരേയൊരു ദക്ഷിണേന്ത്യക്കാരനുമായി മാറിയിരിക്കുകയാണ് ടോവിനോ ഇപ്പോള്‍. 2023 ല്‍ പുറത്തിറങ്ങിയ വിജയ ചിത്രമായിരുന്നു 2018. ടോവിനോ തോമസ് നായകനായെത്തിയ ചിത്രം തീയേറ്ററുകളില്‍ വമ്പന്‍ സ്വീകാര്യതയാണ് നേടിയത്. ഈ ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെ അവാര്‍ഡിനായി പരിഗണിച്ചത്.
ചിത്രത്തിലെ താരത്തിന്റെ അഭിനയവും , അതിലെ കഥാപാത്രവും നിരവധി നിരൂപണ പ്രശംസകള്‍ നേടിയിരുന്നു. കൂടാതെ ഈ സിനിമയുടെ അണിയറപ്രവര്‍ത്തനവും ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. 2018 കാലഘട്ടത്തില്‍ കേരളത്തില്‍ സംഭവിച്ച പ്രളയത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ ഒരു സ്ഥലത്തു യഥാര്‍ത്ഥത്തില്‍ പ്രളയം ഉണ്ടാക്കിത്തന്നെയാണ് സിനിമയുടെ ചിത്രീകരണം നടത്തിയിരുന്നത്. വലിയൊരു സ്ഥലം എടുത്ത് അതില്‍ കലാസംവിധായകരും, അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് മറ്റൊരു കൃത്രിമ പ്രളയം തന്നെ സൃഷ്ടിക്കുകയായിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലെ സിനിമാജീവിതത്തില്‍ ടൊവിനോയുടെ അത്ര വളര്‍ച്ച നേടിയിട്ടുള്ള അഭിനേതാക്കള്‍ മലയാളത്തില്‍ ചുരുക്കമാണ്. ഇന്ന് മലയാള സിനിമയും മറികടന്ന് മറ്റ് പല ഭാഷകളിലും ടോവിനോ തന്റെ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്. പല അന്യഭാഷാ ചിത്രങ്ങളിലും ടോവിനോ വില്ലന്‍ കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ടോവിനോ നായകനായ മിന്നല്‍ മുരളിയെന്ന ചിത്രം ആഗോളതലത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. ഇന്നിപ്പോള്‍ മറ്റേതൊരു താരവും കൊതിക്കുന്ന ഒരു നേട്ടമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.
നെതര്‍ലാന്‍ഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ എല്ലാ വര്‍ഷവും നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളായ സെപ്റ്റിമിയസ് അവാര്‍ഡ്‌സിലാണ് ടൊവിനോ നാമനിര്‍ദ്ദേശം നേടിയിരിക്കുന്നത്. മികച്ച നടന്‍, നടി, ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓരോ ഭൂഖണ്ഡങ്ങളിലും പ്രത്യേകം വിജയികളെ കണ്ടെത്തുന്ന പുരസ്‌കാരമാണ് ഇത്. അതില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരത്തിനായുള്ള നോമിനേഷനിലാണ് ടൊവിനോ ഇടംനേടിയത്. കൂടാതെ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമായ 2018 ഉം മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നാമനിര്‍ദേശത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.