‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിന് മുൻപ് അങ്കമാലിയിൽ ആദ്യം വരുന്നത് സേവന കറിപൗഡറിന്റെ കച്ചവടത്തിനാണ് എന്ന് അപ്പാനി ശരത്. തിരിച്ചുള്ള യാത്രയിൽ ചെരുപ്പ് ട്രെയിനിനടിയിൽ ആവുകയും ചെരുപ്പ് ഇടാതെയാണ് അങ്കമാലിയിൽ നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
അപ്പാനി ശരത്തിന്റെ വാക്കുകൾ…
“അങ്കമാലിയിൽ ഞാൻ ആദ്യം വരുന്നത് സേവന കറിപൗഡറിന്റെ കച്ചവടത്തിനാണ്. ജോലിയുടെ ഭാഗമായിട്ട് അങ്കമാലിയിൽ എത്തുകയും അവിടെയുള്ള സ്ഥലങ്ങളിലൊക്കെ കച്ചവടം ചെയ്തിട്ട് വെയില് കൊണ്ട് എനിക്ക് ഈ പണി പറ്റില്ല എന്ന് പറഞ്ഞിട്ട് തിരിച്ച് ട്രെയിനിൽ കയറാൻ പോവുമ്പോൾ എന്റെ ഒരു ചെരുപ്പ് ട്രെയിനിനടിയിൽ ആയിപ്പോയി. ഞാൻ ചെരുപ്പ് ഇടാതെയാണ് അങ്കമാലിയിൽ നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്തത്, അവിടെപ്പോയി അതങ്ങുപോയി.

വീണ്ടും കറങ്ങിത്തിരിഞ്ഞ് കാലടിയിൽ പിജി അഡ്മിഷന് ചേർന്നു. അഡ്‌മിഷൻ എടുക്കുന്നതിനു മുൻപ് ഞാൻ ആദ്യം വരുന്നത് സൈക്ലിസ്റ്റ് എന്ന നാടകം ചെയ്യാനാണ്. ആ നാടകം വന്നു ചെയ്തു, അക്കാഡമിയുടെ കീഴിൽ കുറേ സ്ഥലങ്ങളിൽ എനിക്ക് നാടകം കളിക്കാൻ പറ്റി, അതും സംസാരിക്കപ്പെട്ടു നാടകം. അതിന് തൊട്ടടുത്ത വർഷം ഞാൻ കാലടിയിൽ പിജിയ്ക്ക് അഡ്‌മിഷൻ എടുത്തു.

പിജി ആദ്യ വർഷം കഴിയുന്നു, രണ്ടാം വർഷത്തിലേക്ക് പോകുമ്പോൾ അങ്കമാലി ഡയറീസിന്റെ ഓഡിഷൻ വരുന്നു ഞാൻ സിനിമയിലേക്ക് എത്തുന്നു. ഈ സിനിമയിലേക്ക് എത്തുക എന്ന് പറഞ്ഞാൽ ഇത്രയും കഷ്ട്ടപ്പെട്ടത് സിനിമയിലേക്ക് അഭിനയിക്കാനായിട്ട് ഒന്നും അല്ല, ഞാൻ വന്ന വഴികളിലൊക്കെ കല ഉണ്ടായിരുന്നു, ആർട്ട് ഉണ്ടായിരുന്നു. ഞാൻ അത് മാത്രമാണ് പിന്തുടർന്ന് വന്നത്, അതിനെ അത്രമാത്രം ആത്മാർഥമായി സ്നേഹിച്ചു, അതില്ലാതെ പറ്റില്ല എന്ന് മനസ്സിലായി. അതിന്റെ പുറകെ പോയപ്പോൾ ദൈവം കൊണ്ടുതന്നതാണ് സിനിമയിലേക്ക് എത്തിയത്” അപ്പാനി ശരത് പറഞ്ഞു.

സൈനു ചാവക്കാടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പോയിന്റ് റേഞ്ച് ആണ് അപ്പാനി ശരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ക്യാമ്പസ് രാഷ്രീയവും പകയും പ്രണയവും എല്ലാം പോയിന്റ് റേഞ്ച് ചർച്ച ചെയ്യുമ്പോൾ ശരത് അപ്പാനിയുടെ ‘ആദി ‘ എന്ന കഥാപാത്രത്തിലൂടെ വേറിട്ട മുഖം ആയിരിക്കും പ്രേക്ഷകർക്കു സമ്മാനിക്കുക.

