നിരവധി ചിത്രങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ ആയിരുന്നു അപ്പാനിയുടെ അഭിനയരംഗത്തേക്കുള്ള തുടക്കം. നാട്ടിലെ ദേവീ ക്ഷേത്രത്തിലെ ഒരു പരിപാടി അവതരിപ്പിച്ചത് പരാജയപ്പെട്ടു. അത് വേണ്ടത്ര രീതിയിൽ എനിക്ക് നന്നായിട്ട് ചെയ്യാൻ കഴിഞ്ഞില്ല. അപ്പോൾ അന്ന് നാട്ടിൽകൂടിയിരുന്ന നാട്ടുകാരും പുറത്തുനിന്നുള്ള ആളുകളുമൊക്കെ ആ പരിപാടിക്ക് ഭയങ്കരമായിട്ട് കൂവി എന്ന് നടൻ അപ്പാനി ശരത്. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അപ്പാനി ശരത്തിന്റെ പ്രതികരണം.
അപ്പാനി ശരത്തിന്റെ വാക്കുകൾ…
“കാവാലം സാറിന്റെ കൂടെ ജോലി ചെയ്തു, സോപാനത്തിൽ ഉണ്ടായിരുന്നു കുറേക്കാലം, അഭിനയയിൽ ഉണ്ടായിരുന്നു, രഘൂത്തമൻ മാഷിന്റെ കൂടെ ഉണ്ടായിരുന്നു കുറേനാൾ. സ്വന്തമായി നാടകട്രൂപ്പ് ഉണ്ടാക്കി നിരവധി നാടകങ്ങൾ ചെയ്തു. കൂടാതെ സ്വന്തമായി മിമിക്സ്ട്രൂപ്പ് ഉണ്ടായിരുന്നു. ഇതെല്ലാ൦ സിനിമയിൽ എത്താനായിട്ടോ നടനാവാനായിട്ടോ ഒന്നുമല്ല, നമ്മൾ അത് ആയിപ്പോയതാണ്. ഇനി വേറെ ഒന്നിലേക്കും ചിന്തിക്കാനോ വേറെ ഒന്നിലേക്കും പറ്റില്ല.

വലിയ ഒരു ഉദാഹരണം എന്ന് പറഞ്ഞാൽ എന്റെ നാട്ടിൽ എന്റെ സ്വന്തമായ മിമിക്സ് ട്രൂപ്പിന്റെ ആദ്യ പ്രദർശനം നടക്കുകയാണ്. ആ നാട്ടിലെ ദേവീ ക്ഷേത്രത്തിലാണ് പരിപാടി അവതരിപ്പിക്കുന്നത്. അരുവിക്കര എന്ന് പറയുമ്പോൾ ഏറ്റവും പ്രശസ്തമായ ഒരു ഡാം ആണ്. ഈ ഡാമിന്റെ പാറപ്പുറത്ത് ഇരുന്നുകൊണ്ടാണ് എന്റെ പ്രായത്തിലുള്ള ഒരുപാട് ആളുകളുടെ എന്റെയൊക്കെ പ്രണയവും അല്ലെങ്കിൽ ദേഷ്യവും സങ്കടങ്ങളും ആഗ്രഹങ്ങളുമൊക്കെ പറഞ്ഞുതീർത്തിരുന്നത്. എന്നെ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട സ്ഥലം കൂടിയാണ് അത്. അവിടെയായിരുന്നു ഞങ്ങളുടെ ട്രൂപ്പിന്റെ ആദ്യ പരിപാടി.

ആ പരിപാടി കൈയിൽ നിന്ന് പോയി. അത് വേണ്ടത്ര രീതിയിൽ എനിക്ക് നന്നായിട്ട് ചെയ്യാൻ കഴിഞ്ഞില്ല. അപ്പോൾ അന്ന് നാട്ടിൽകൂടിയിരുന്ന നാട്ടുകാരും പുറത്തുനിന്നുള്ള ആളുകളുമൊക്കെ ആ പരിപാടിക്ക് ഭയങ്കരമായിട്ട് കൂവി. പരിപാടി മോശമായതുകൊണ്ടാണ് കൂവിയത്, അല്ലാതെ നല്ലതാണെങ്കിൽ അവരാരും കൂവില്ല. അന്ന് അവിടെ സൗണ്ട്സ് വച്ചത് അച്ഛനായിരുന്നു. അപ്പോൾ അച്ഛൻ സ്റ്റേജിന്റെ പുറകിൽ വന്നിട്ട് തെറിയൊക്കെ പറഞ്ഞിട്ട് അച്ഛൻ ആകെ പ്രശ്നമായി അപമാനിതനായി. അച്ഛൻ മാത്രമല്ല എന്റെ കുടുംബക്കാർ എല്ലാവരും അന്ന് ആ പരിപാടി കാണാൻ ഉണ്ടായിരുന്നു. ഞാൻ അന്ന് ആ സ്റ്റേജിൽ നിന്നിട്ട് ഒരുപാട് കരഞ്ഞു. അന്ന് എനിക്ക് സ്വന്തമായിട്ട് ലൈറ്റും, കർട്ടനും ഒക്കെ ഉണ്ട്. അതെല്ലാം മടക്കി വച്ചിട്ട് ഞാൻ ഭയങ്കരമായിട്ട് കരഞ്ഞു. അപ്പോഴും അപ്പുറത്തെ റൂമിൽ നിന്ന് അശരീരി കേട്ടുകൊണ്ടിരിക്കുകയാണ്, അച്ഛന്റെ സംസാരമൊക്കെ കേൾക്കുന്നുണ്ടായിരുന്നു.

അന്ന് രാത്രി ഞാൻ വിചാരിച്ചു ഇതൊക്കെ നിർത്താം, മര്യാദക്ക് എന്തെങ്കിലും ചെയ്യമെന്നൊക്കെ വിചാരിച്ചു. പെങ്ങളൊക്കെ വളർന്നു വരികയാണ്, ഒരു ജോലിക്കൊക്കെ പോയി കുടുംബമൊക്കെ നോക്കി അങ്ങനെ പോവാമെന്നു തീരുമാനിച്ചു. പക്ഷേ അവിടെയും എന്നെ അനുവദിച്ചില്ല, അവിടെ നിന്നും നമ്മൾ എഴുന്നേറ്റു, വീണ്ടു൦ ഓടി. അങ്ങനെ എവിടെയൊക്കെയോ നാടകങ്ങളുമായി അങ്ങനെ കാലടിയിലെത്തി” അപ്പാനി ശരത് വ്യക്തമാക്കി.

