മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ കമലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’. ഷൈൻ ടോം ചാക്കോ, ഗ്രേസ് ആന്റണി, സ്വാസിക എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയുടെ ശബ്ദ ലേഖനം നിർവഹിച്ചിരിക്കുന്നത് ഒരു യുവതിയാണ്. അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള സൗണ്ട് റെക്കോർഡിസ്റ്റ് ഗായത്രിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ കമൽ..
മൂവി വേൾഡ് മീഡിയക്കു നൽകിയിട്ടുള്ള പ്രത്യേക അഭിമുഖത്തിലാണ് കമൽ കേരളത്തിലെ ആദ്യ വനിതാ സൗണ്ട് റെക്കോർഡിസ്റ്റിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വെച്ചത്. കമലിന്റെ വാക്കുകൾ…
“കേരളത്തിലെ ആദ്യത്തെ വനിതാ സൗണ്ട് റെക്കോർഡിസ്റ്റാണ് ഗായത്രി. ഞാൻ ആദ്യമായാണ് കേരളത്തിൽ ഇത് പോലെ സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്യിപ്പിക്കുന്ന ഒരു പെൺകുട്ടിയെ കാണുന്നത്. കുറെ കാലമായി സിനിമ ചെയ്യുന്നു എന്നത് കൊണ്ട് ഒരുപാടു തവണ ഡബ്ബിങ് സ്റ്റുഡിയോയിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഇവരുടെ അത്ര വേഗതയിൽ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. ഇവര് ഒരു പെൺ പുലി തന്നെയാണ്. ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ മിടുക്കിയാണ്. വളരെ കൃത്യമായി കാര്യങ്ങളെ നിരീക്ഷിച്ചു പ്രവർത്തിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഗായത്രി. ഞാൻ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയുടെ കൂടെ സിനിമയുടെ ഡബ്ബിങ് ആവശ്യത്തിനായി സൗണ്ട് സ്റ്റുഡിയോയിൽ ഇരിക്കുന്നത്. ചെന്നൈയിൽ ഒക്കെ സൗണ്ട് റെക്കോർഡിങ് അസിസ്റ്റന്റ്മാരായ പെൺകുട്ടികളുടെ കൂടെ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇത് പോലെ പ്രധാന സൗണ്ട് റെക്കോർഡിസ്റ് ആയിട്ടുള്ള ഒരു വനിതയുടെ കൂടെ ഞാൻ ഇതാദ്യമായാണ് ജോലി ചെയ്യുന്നത്. സിനിമയിൽ വസ്ത്രാലങ്കാരം, സംവിധാനം സംവിധാന സഹായം തുടങ്ങി ഒരുപാട് മേഖലകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. എന്നാൽ സിനിമയുടെ സാങ്കേതിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ വളരെ കുറവാണു. പ്രത്യേകിച്ച് ഈ സൗണ്ട് റെക്കോർഡിങ് മേഖലയിൽ. കേരളത്തിൽ മറ്റൊരു സ്ത്രീയും ഈ മേഖലയിൽ ജോലി ചെയ്യുന്നില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നതു.”
അതേ സമയം, എല്ലാവർക്കും ആസ്വദിക്കാവുന്ന ക്ലീൻ എന്റർടൈനറായാണ് ചിത്രം പുറത്തിറങ്ങുന്നത്. സർക്കാർ ജീവനക്കാരനായ വിവേകാനന്ദൻ എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് പ്രമേയം. വിവേകാനന്ദന്റെ ജീവിതത്തിലേക്ക് പല സാഹചര്യങ്ങളില്ലമായി അഞ്ചു സ്ത്രീകൾ കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സറ്റയറിലൂടെ അവതരിപ്പിക്കുന്നത്.
ഷൈൻ ടോം ചാക്കോ, ഗ്രേസ് ആന്റണി, സ്വാസിക എന്നിവരെ കൂടാതെ മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, ഇടവേള ബാബു, അനുഷാ മോഹൻ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.