‘ചോറ് കഴിക്കാൻ കൊതിയായിട്ടാണ് വീട്ടിൽ വരാറുള്ളത്’ : യഥാർത്ഥ കണ്ണൂർ സ്‌ക്വാഡിലെ ഒരം​ഗത്തി​ന്റെ ഭാര്യ

0
197

സിനിമ കാണാനായുള്ള ആകാംക്ഷയിലാണ് യഥാർത്ഥ കണ്ണൂർ സ്‌ക്വാഡിലെ ഒരംഗവും അദ്ദേഹത്തിന്റെ കുടുംബവും. കേസിന്റെ അന്വേഷണങ്ങൾക്കായി പോകുമ്പോൾ വീട്ടിലെ പ്രശ്നങ്ങൾ പറഞ്ഞു വിഷമിപ്പിക്കാറില്ലെന്നും, മുഴുവൻ പിന്തുണയും കൊടുക്കാറുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്.

സിനിമ കണ്ടിട്ടില്ല. അത് കാണാനായുള്ള ആകാംക്ഷയിലാണ് ഞങ്ങളുള്ളത്. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം വിളിച്ച് നല്ല അഭിപ്രായങ്ങൾ പറയാറുണ്ട്. അവർ കേസിന്റെ അന്വേഷണങ്ങൾക്കായി പോകുമ്പോൾ ഞങ്ങൾ മുഴുവൻ പിന്തുണയും നൽകാറുണ്ട്. വീട്ടിലെ പ്രശ്നങ്ങളൊന്നും പറഞ്ഞു വിഷമിപ്പിക്കാറില്ലായിരുന്നു. അതെല്ലാം ഞങ്ങൾ ഒറ്റക്കുതന്നെ കൈകാര്യം ചെയ്യുമായിരുന്നു. ആ സമയത്ത് ഞങ്ങളോടൊപ്പം ഉപ്പയും ഉമ്മയും ഒക്കെ ഉണ്ടായിരുന്നു. വിളിച്ചാൽ വിഷമങ്ങളൊന്നും പറയാറില്ലായിരുന്നെങ്കിലും ചില പറയേണ്ട കാര്യങ്ങളൊക്കെ പറയുമായിരുന്നു. ഒരു കേസിനു പുറകെ പോയ്‌കൊണ്ടിരിക്കുമ്പോൾ ഈ സ്ഥലത്തെത്തി എന്നൊക്കെ വിളിച്ചു പറയാറുണ്ട്. ആ സമയത്ത് ഭക്ഷണത്തിന്റെ കാര്യമൊക്കെ ചോദിക്കും. ചോറ് കഴിക്കാൻ കൊതിയായിട്ടാണ് എപ്പോഴും വീട്ടിൽ വരാറുള്ളത്. കാരണം പുറത്തു നിന്ന് കിട്ടുന്ന ഭക്ഷണമൊന്നും ശരിയാവില്ലല്ലോ, എന്നാണവർ മൂവി വേൾഡ് മീഡിയയോട് പറഞ്ഞത്.

സിനിമയിലെ താരങ്ങൾക്കൊപ്പംതന്നെ യഥാർത്ഥ കണ്ണൂർ സ്‌ക്വാഡ് അംഗങ്ങളും ഇപ്പോൾ താരങ്ങളാണ്. കണ്ണൂരില്‍ വെച്ച് യഥാര്‍ത്ഥ കണ്ണൂര്‍ സ്‌ക്വാഡിന്റെ കുടുംബവുമായി മൂവീ വേള്‍ഡ് മീഡിയ ഒരു പ്രത്യേക അഭിമുഖ പരിപാടി നടത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിന് പോകുമ്പോൾ വളരെയധികം പ്രാർഥനയോടെയാണ് തങ്ങൾ വീട്ടിൽ ഇരിക്കാറുള്ളതെന്നാണ് യഥാർത്ഥ കണ്ണൂർ സ്‌ക്വാഡിന്റെ ഹെഡിന്റെ ഭാര്യ പറഞ്ഞത്.

കുടുംബത്തെകുറിച്ച് കണ്ണൂർ സ്‌ക്വാഡിന്റെ ഹെഡ് ആയ ബേബി ജോർജും സംസാരിക്കുകയുണ്ടായി. ”നമ്മളുടെ ഏറ്റവും വലിയ പിന്തുണ കുടുംബമാണല്ലോ. അവരില്ലാതെ നമ്മുക്ക് സമാധാനത്തോടെ കേസിനു പോകാൻ കഴിയില്ല. നമ്മൾ പോയ്ക്കഴിയുമ്പോൾ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുന്നത് ഇവരാണ്. അന്ന് നമ്മളിൽ പലരുടെയും വീട്ടിൽ പ്രായമായ ആളുകളൊക്കെ ഉണ്ട്, കൂടാതെ ചെറിയ മക്കളൊക്കെയുണ്ട്. ആ സമയത്ത് അവർക്ക് സുഖമില്ലാത്ത അവസ്ഥയൊക്കെ വരാറുണ്ട്. അങ്ങനെയുള്ള അവസ്ഥയിലും നമ്മളെ പിന്തുണയ്ക്കുന്നത് നമ്മുടെ കുടുംബമാണ്. അതാണ് ഞങ്ങളുടെ ബലം. ഞങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് കിട്ടുന്നതിനേക്കാളും, പൊതുജനങ്ങളിൽ നിന്ന് കിട്ടുന്നതിനേക്കാളും ബലം ആണ് ഈ പിന്തുണ. അതില്ലെങ്കിൽ ഞങ്ങൾക്ക് മുന്നേറാൻ കഴിയില്ല.” എന്നാണ് ബേബി ജോർജ് പറഞ്ഞത്.

ഇപ്പോഴും പ്രവര്‍ത്തനക്ഷമമായ ഒറിജിനല്‍ സ്‌ക്വാഡില്‍ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂര്‍ സ്‌ക്വാഡ് ചിത്രത്തില്‍ നാല് പോലീസ് ഓഫീസര്‍മാരെ മാത്രം കേന്ദ്രീകരിച്ചാണ് ചിത്രം മുമ്പോട്ട് പോകുന്നത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here