കഥകൾ താൻ പൂർണ്ണമായും കേൾക്കാറില്ലെന്ന് പറയുകളായാണ് നിർമ്മാതാവ് വേണു കുന്നപ്പിള്ളി. പൊതുവെ കഥകളുടെ വൺ ലൈൻ ആണ് അദ്ദേഹം കേളക്കാറുള്ളതെന്നാണ് മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചാവേർ ആണ് വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ഏറ്റവും പുതിയ സിനിമ.
വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ…
”കഥകൾ പൂർണ്ണമായിട്ടും ഞാൻ കേൾക്കാറില്ല. കഥകളുടെ വൺ ലൈൻ ആണ് ഞാൻ പൊതുവെ കേൾക്കാറുള്ളത്. അതായത് വൺ ലൈൻ കേൾക്കാൻ ഏകദേശം ഒരു മണിക്കൂറോ അര മണിക്കൂറോ എടുക്കാറുണ്ട്. കഥകൾ എത്ര മോശമാണെങ്കിലും ഞാൻ ഇരുന്നു കേൾക്കുകയും ചെയ്യും. ചിലർ പക്ഷെ അങ്ങനെയല്ല. ചിലപ്പോൾ എന്റെ കൂടെയുള്ള ഗോപന്റെ അടുത്ത് ഞാൻ പറയാറുണ്ട് കഥകൾ കേൾക്കാൻ. അവൻ കേട്ടിട്ട് നല്ലതാണെങ്കിൽ എന്റെ അടുത്ത് പറയും. കഥ നല്ലതാണ് ചേട്ടാ ഒന്ന് കേട്ട് നോക്ക് എന്ന്.
പിന്നെ എല്ലാത്തിനും നമ്മുക്ക് നമ്മുടേതായ ഒരു താല്പര്യമുണ്ട്. നമ്മൾ പണം മുടക്കുന്നതായതുകൊണ്ട് അത് എങ്ങനെ ആവണം എന്ന് നമുക്കൊരു ധാരണ ഉണ്ടാവുമല്ലോ. ഒരു മുഴുവൻ പ്രണയകഥയാണെങ്കിൽ സത്യത്തിൽ എനിക്കതിനോട് വലിയ താല്പര്യമില്ല. അടിപ്പടങ്ങൾ, അല്ലെങ്കിൽ ത്രില്ലർ ചിത്രങ്ങൾ എന്നിവയൊക്കെയാണ് എനിക്കിഷ്ടം. അത് ഓരോരുത്തരുടെയും താല്പര്യങ്ങളാണ്. എനിക്കിഷ്ടമാവുന്ന സിനിമകളും അങ്ങനെയുള്ളവയാണ്. അപ്പോൾ അത്തരം സിനിമകളോട് നമ്മൾക്ക് അടുപ്പം വരും. സിനിമാറ്റിക് സാധനങ്ങൾ അധികം ഉള്ള സിനിമകളാണ് ഞാൻ തെരഞ്ഞെടുക്കാറുള്ളത്.
ചെറിയ സിനിമകൾ ഞാൻ എടുക്കാറില്ല എന്നല്ല അതിനർത്ഥം. മാളികപ്പുറം വന്നപ്പോൾ ഞാൻ എടുത്തു, അതൊരു ചെറിയ സിനിമയായിരുന്നു. പണം മുടക്കുന്നവർ ചിന്തിക്കുന്ന ഒരു കാര്യമാണ്, ചെറിയ തോതിൽ പണം മുടക്കി വലിയ ലാഭം നേടുക എന്നത്. പക്ഷെ ചില പ്രോജക്ടുകൾ ചില സമയത്തു വലുതായിപോകും. ഇപ്പോൾ ഉദാഹരണം പറയുകയാണെങ്കിൽ , ചാവേർ തുടക്കത്തിൽ വലിയ ബഡ്ജറ്റ് സിനിമ ഒന്നുമായിരുന്നില്ല. പക്ഷെ മേക്കിങ്ങിനു വേണ്ടി പലതും കൂട്ടിച്ചേർത്ത് അതൊരു വലിയ സിനിമയായി മാറുകയായിരുന്നു. ടിനു പാപ്പച്ചൻ മേക്കിങ്ങിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസും ഇല്ലാത്ത ആളാണ്. ടിനു ആവിശ്യപ്പെട്ടതെല്ലാം നമ്മൾ ചെയ്തിട്ടുണ്ട്. അതിനുള്ള റിസൾട്ട് അദ്ദേഹം ഉണ്ടാക്കും . അതുകൊണ്ട് നമ്മൾ ചെയ്യാതിരിക്കേണ്ട ആവശ്യമില്ലല്ലോ. സിനിമയ്ക്ക് വേണ്ടിയാണല്ലോ നമ്മളത് ചെയ്യുന്നത്.”