ഒരിക്കലും വിവാദം ഇഷ്ടപ്പെടുന്ന ഒരാളല്ല താൻ എന്ന് പറയുകയാണ് നിർമ്മാതാവ് വേണു കുന്നപ്പിള്ളി. അതുകൊണ്ടുതന്നെ ‘ചാവേർ’ എന്ന ഈ സിനിമ ഒരിക്കലും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ ലക്ഷ്യംവച്ചുള്ള സിനിമയല്ലെന്നും, അങ്ങനെയുള്ള കഥയായിരുന്നു ‘ചാവേറി’ന്റേതെങ്കിൽ താൻ എടുക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ…
”ഞാനൊരിക്കലും വിവാദങ്ങൾ ഇഷ്ടപ്പെടുന്ന ആളല്ല. പല തിരക്കഥകളും കേൾക്കുമ്പോൾ എനിക്ക് മനസിലാവും ഇത് പ്രശ്നമാവും എന്ന്. ചില സിനിമകളിലെ തിരക്കഥകൾ വായിച്ചു കഴിഞ്ഞിട്ട് ചില സംഭാഷണങ്ങൾ മാറ്റുമോ എന്ന് ഞാൻ ചോദിക്കാറുണ്ട്. കാരണം എനിക്കറിയാം ആ സംഭാഷണം സിനിമയിൽ വന്നാൽ പണി കിട്ടുമെന്ന്. അങ്ങനെ ഞാൻ ചില സമയത്തു ചെയ്യാറുള്ളതാണ്. പക്ഷെ ഇപ്പോൾ ചാവേറിന്റെ ട്രെയിലർ ഇറങ്ങി ഇനി സിനിമ ഇറങ്ങുമ്പോൾ, ചിന്തിക്കുന്നവർക്ക് വേണമെങ്കിൽ ചിന്തിക്കാം ഇതൊരു രാഷ്ട്രീയ പാർട്ടിയെ ലക്ഷ്യം വെച്ചുള്ള സിനിമയാണെന്ന്. അതേത് രാഷ്ട്രീയ പാർട്ടിയും ആകാം. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടി എന്നൊന്നുമില്ല. കേരളത്തിൽ നോക്കുമ്പോൾ പ്രധാനമായും മൂന്നു രാഷ്ട്രീയ പാർട്ടികളാണ് ഉള്ളത്. ആർക്കു വേണമെങ്കിലും പറയാവുന്നതാണ് അവരെയാണ് ലക്ഷ്യം വെച്ചിട്ടുള്ളത് എന്ന്.
എന്നാൽ നമ്മൾ ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മേലും ഒന്നും ലക്ഷ്യം വെച്ചിട്ടില്ല. അങ്ങനെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ ലക്ഷ്യം വെച്ചിട്ടാണ് ഈ സിനിമ വന്നിരുന്നതെങ്കിൽ ഞാൻ ഒരിക്കലും ഈ സിനിമ ചെയ്യില്ലായിരുന്നു. എല്ലാ രാഷ്ട്രീയുടെ പാർട്ടിയിലുള്ളവരുമായി നല്ല ബന്ധമുള്ള ആളാണ് ഞാൻ. നമ്മൾ നിരവധി ബിസിനസ് ചെയ്യുന്ന ഒരാളുമാണ്. വെറുതെ പോയിട്ട് അവരുടെ നോട്ടപുള്ളിയാവാൻ എനിക്ക് താൽപര്യമില്ല. അങ്ങനെ ഇല്ലെന്നുള്ള പൂർണ്ണ വിശ്വാസത്തിലാണ് ഞാൻ സിനിമ എടുത്തത്.
‘2018’ സിനിമ നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിലാണ് അത്തരം ചർച്ചകളിൽ അകപ്പെട്ടത്. അത്തരമൊരു കാര്യം ജൂഡ് ആന്റണി ആണെങ്കിലും, ഞാൻ ആണെങ്കിലും ഒട്ടും ചിന്തിച്ചിട്ടില്ല. ഒരു സിനിമയിൽകൂടി ഒരു രാഷ്ട്രീയ പാർട്ടിയെ ഇകഴ്ത്തി എന്ന് വിചാരിച്ചു ഒന്നും സംഭവിക്കാൻ പോകുന്നില്ല. എനിക്ക് ചിലപ്പോൾ എന്റേതായ ഒരു രാഷ്ട്രീയം ഉണ്ടാവുമായിരിക്കും , പിന്നീട് ഞാനൊരു സിനിമയെടുത്ത് കഴിഞ്ഞിട്ട് എനിക്ക് എതിരായ, അല്ലെങ്കിൽ എനിക്കിഷ്ടമല്ലാത്ത രാഷ്ട്രീയ പാർട്ടിയെ സിനിമയിൽകൂടെ ഇകഴ്ത്തി എന്ന് പറഞ്ഞിട്ട് എനിക്കെന്ത് ഉപകാരമാണുള്ളത്. ഇത്രയും കോടികൾ മുടക്കി അങ്ങനെ ചെയ്യാൻ എനിക്ക് തലയ്ക്കു വല്ല അസുഖമുണ്ടോ. പൈസ മുടക്കാതെ ഉള്ള ഒരു കാര്യമാണെങ്കിൽ കുഴപ്പമില്ല, അതായത് രാത്രിക്ക് ചെന്ന് എനിക്കിഷ്ടമല്ലാത്ത രാഷ്ട്രീയാ പാർട്ടിക്കെതിരെ എന്തെങ്കിലും എഴുതി പോസ്റ്റർ ഒട്ടിക്കുകയാണെങ്കിൽ വലിയ ചിലവൊന്നുമില്ല.
എന്റെ പേര് എന്റെ കമ്പനി എല്ലാം വെച്ച് ഞാനൊരു സിനിമ എടുക്കുകയാണ്. അതിനുള്ളിൽ രാഷ്ട്രീയപാർട്ടിയെ എതിർക്കുകയാണെങ്കിൽ അതിലും വലിയ മണ്ടത്തരം എന്താണുള്ളത്. കാരണം അത്രയും പണം മുടക്കി ഉള്ള കാര്യമാണല്ലോ. ഈ സിനിമ അങ്ങനെ വിവാദങ്ങളിലേക്ക് പോകാൻ സാധ്യതയുള്ള സിനിമയല്ല. പിന്നെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കാനായി നടക്കുന്ന ആളുകളുണ്ടല്ലോ. അങ്ങനെയുള്ള ആളുകൾ എന്തെങ്കിലും പറയുകയാണെങ്കിലെ ഉള്ളു. എങ്കിലും അതിനുമുള്ള സാധ്യത കുറവാണ് . ”