‘അങ്കമാലി ഡയറീസ്’ എന്ന വിജയ ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് വന്ന നടനാണ് അപ്പാനി ശരത്. പിന്നീട് നിരവധി സിനിമകളിലും താരം വേഷമിട്ടിരുന്നു. തന്റെ കൂടെ അഭിനയിക്കില്ല എന്ന് നടിമാരാരും തന്നെ പറഞ്ഞിട്ടില്ല എന്ന് പറയുകയാണ് അപ്പാനി ശരത്. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെക്കുറിച്ചു പറഞ്ഞത്.
”എന്റെ കൂടെ അഭിനയിക്കില്ല എന്നൊന്നും ഒരു നടിമാരും പറഞ്ഞിട്ടില്ല അങ്ങനെ ആരെങ്കിലും പറഞ്ഞതായി ഞാൻ കേട്ടിട്ടുമില്ല. ചിലപ്പോൾ തിരക്കിലായതുകൊണ്ട് ഒഴിവാക്കിയിട്ടുണ്ടാവാം. കാരണം വലിയ നായകന്മാരുടെ കൂടെ അഭിനയിച്ച നടിമാരെല്ലാം അതിലും വലിയ നായകന്മാരുടെ കൂടെ അഭിനയിക്കാനാണ് ആഗ്രഹിക്കുക. അവരെയൊക്കെ നമുക്കു നായികയാക്കുക എന്നത് നടക്കുന്ന കാര്യമല്ല. ഇനി താഴോട്ട് പോകണ്ട എന്നാണ് അവർ ആഗ്രഹിക്കുക. അല്ലാതെ എന്നോടുള്ള ഇഷ്ട്ടക്കേടുകൊണ്ട് ആരും അങ്ങനെ പറഞ്ഞിട്ടില്ല. എന്റെ സഹപ്രവർത്തകരാരും എന്നോടിതുവരെ അങ്ങനെ പറയുകയോ പെരുമാറുകയോ ചെയ്തിട്ടുമില്ല.”
സംവിധായകൻ ജോഷി സംവിധാനം നിർവഹിക്കുന്ന സിനിമയാണ് അപ്പാനി ശരത്തിന്റെ ഏറ്റവും പുതിയ സിനിമ. ജോജു ജോർജാണ് സിനിമയിൽ നായകനെയെത്തുന്നത്. സിനിമയെകുറിച്ച വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്കുള്ളത്. ഈ സിനിമയ്ക്കുവേണ്ടി ജോജു ജോർജ് നടത്തിയ മേക്കോവർ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി ഒരുക്കുന്ന “ആന്റണി’ യുടെ ചിത്രീകരണം പൂർത്തിയായിരുന്നു .നീണ്ട എഴുപത് ദിവസത്തെ ഷൂട്ടിംഗ് ഈരാറ്റുപേട്ടയിലാണ് നടന്നിരുന്നത്.
ഈ സിനിമയിലേക്ക് എത്തിപ്പെട്ടതിനുപിന്നിലെ കഥ മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ അപ്പാനി ശരത് പങ്കുവെച്ചിരുന്നു. മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ജോഷി സാറിന്റെ സിനിമയെകുറിച്ച് അറിഞ്ഞതെന്നും അങ്ങനെ അദ്ദേഹത്തെ വിളിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. തന്റെ സിനിമ ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവാകാൻ പോകുന്ന കഥാപാത്രമാണ് ആന്റണിയിലേതെന്നാണ് അപ്പാനി ശരത് പറഞ്ഞത്.
അതുപോലെതന്നെ അവസരങ്ങൾ ചോദിച്ച് സംവിധായകരുടെ അടുത്ത് പോകാറുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു. കാരണം നമ്മുക്കൊന്നുമില്ലാതിരിക്കുമ്പോൾ കൂടെയുണ്ടാവുക നമ്മൾ മാത്രമാണെന്നാണ് താരം പറയുന്നത്. സന്തോഷത്തിൽ കൂടെ നിന്നവരൊന്നും തന്നെ നമ്മുടെ കൂടെ ദുഖങ്ങളിൽ ഉണ്ടാവില്ലെന്നും അപ്പാനി കൂട്ടിച്ചേർത്തു. താരത്തിന്റെ ഏറ്റവും അവസാനം പ്രദർശനത്തിനെത്തിയ സിനിമ പോയന്റ് റേഞ്ച് ആയിരുന്നു.