‘ചാവേർ’ തിരക്കഥ രസകരമായി തോന്നി, അങ്ങനെ സിനിമ ചെയ്യാമെന്നു തീരുമാനിച്ചു: വേണു കുന്നപ്പിള്ളി

0
532

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചാവേർ’. വേണു കുന്നപ്പിള്ളിയും അരുണും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തതിൽ ‘ചാവേർ’ എന്ന സിനിമയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് വേണു കുന്നപ്പിള്ളി.

വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ…

ജോയ് മാത്യു എന്ന ആൾ കോവിഡ് സമയത്ത് ഒരു കഥ തിരക്കഥയാക്കുന്നു. അതിനുശേഷം ടിനു പാപ്പച്ചനെ സമീപിക്കുന്നു, ടിനു തിരക്കഥ കേട്ടുകഴിഞ്ഞ് സിനിമ ചെയ്യാമെന്നു പറയുന്നു. അതുകഴിഞ്ഞ് നിർമ്മാതാവ് വേണമല്ലോ അങ്ങനെ അരുൺ നാരായണൻ പ്രൊഡക്ഷന്റെ അടുത്ത് എത്തുകയാണ്. അപ്പോൾ അരുൺ അവസാനം ചെയ്ത സിനിമ ഞാനും അരുണും ഒരുമിച്ചാണ് ചെയ്തത്. ഈശോ എന്ന സിനിമ നല്ല രീതിയിൽ പോയതാണ്.

അപ്പോൾ അങ്ങനെ അടുത്ത ഒരു പ്രോജക്ടിന് വേണ്ടി ആലോചിച്ചിരുന്നപ്പോൾ അരുൺ എന്റെ അടുത്ത് പല കഥകളും പറഞ്ഞിരുന്നു. പക്ഷേ അതിൽ പലതും കേട്ടുകഴിഞ്ഞ് എനിക്ക് അതിന്റെ, ഞാൻ എപ്പോഴും അതിന്റെ ബിസിനസ്സ് ആയിട്ട് ബന്ധപ്പെടുത്തി തന്നെയാണ് കഥകൾ കേൾക്കാറുള്ളത്. കഥകൾ കേൾക്കുമ്പോൾ തന്നെ ഇതുകൊണ്ട് എന്ത് ബിസിനസ്സ് ചെയ്യാം എന്നുള്ള ചിന്തകൾ വരാറുണ്ട്. താരങ്ങൾ ആരാണെന്നു ചോദിക്കും.

അപ്പോൾ അങ്ങനെ പലതും ഞങ്ങൾ ഒഴിവാക്കി ഒഴിവാക്കി പോയപ്പോൾ ഇത് പറഞ്ഞുകഴിഞ്ഞപ്പോൾ എനിക്കത് ഭയങ്കരമായിട്ട് രസകരമായി തോന്നി. അങ്ങനെ തിരക്കഥ തരാൻ പറഞ്ഞു, തിരക്കഥ വായിച്ചുകഴിഞ്ഞപ്പോഴും രസകരമായി തോന്നി. അപ്പോൾ ഞാൻ ചോദിച്ചു ഈ സംവിധായകന് ഇത് ചെയ്യാൻ പറ്റുമോ, കാരണം നമുക്ക് അറിയില്ലല്ലോ, എനിക്ക് ടിനുവിനെ യാതൊരു പരിചയവുമില്ല. അപ്പോഴാണ് എന്റെ അടുത്ത് പറഞ്ഞത് ചേട്ടാ ഇങ്ങനെ രണ്ട് സിനിമ ചെയ്തിട്ടുണ്ട്, ചേട്ടനത് കാണൂ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ അജഗജാന്തരം എന്ന സിനിമ കാണുന്നത്. എനിക്ക് തോന്നുന്നത് ഞാൻ യുഎസ്എ യിൽ ഇരുന്നിട്ടാണ് ഞാൻ ആ സിനിമ കാണുന്നത്.

ഞാൻ അത് കണ്ടപ്പോൾ ഞെട്ടിപ്പോയി, അത് ചെറിയൊരു വിഷയം ആണെങ്കിലും ആനയെക്കൊണ്ട്, പ്രത്യേകിച്ചും എന്റെ ചെറുപ്പത്തിലൊക്കെ നമ്മൾ ഉത്സവപ്പാടത്ത് പോയിക്കഴിഞ്ഞാൽ ആനപ്രേമികൾ എന്ന് പറഞ്ഞ ആൾക്കാരുണ്ടാവും. ഞാൻ ഒരിക്കലും ആനപ്രേമിയല്ല, പക്ഷേ ആനപ്പാപ്പാന്മാരോട് എനിക്ക് വലിയ ഇഷ്ടമായിരുന്നു. അപ്പോൾ ഞാൻ ഉത്സവത്തിനൊക്കെ ചെന്ന് കഴിഞ്ഞിട്ടുണ്ടെങ്കിലൊക്കെ മുഴുവനും നോക്കാറുള്ളത് ഇവരുടെയൊക്കെ പ്രവൃത്തികളാണ്.

ചില ആളുകളൊക്കെ ആനകളുടെ കാലിന്റെ സമീപത്ത് കിടന്ന് ഉറങ്ങുന്നതുകാണാം, അതിനിടയിൽ കൂടി പോകുന്നത് കാണാം, എനിക്ക് അവരോട് വലിയ അറ്റാച്ച്മെന്റ് ആയിരുന്നു. അപ്പോൾ ഈ സിനിമ കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് നല്ല രസമായിട്ട് തോന്നി, അങ്ങനെ ആ സിനിമ അവൻ എടുത്തുവച്ചിട്ടുണ്ട്. ഞാൻ അപ്പോൾത്തന്നെ വിളിച്ചിട്ട് പറഞ്ഞു നമുക്ക് ഈ സിനിമ ചെയ്യാമെന്ന്. അങ്ങനെയാണ് ഈ പ്രോജക്ട് മുന്നോട്ടുപോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here