ഒരു മൂന്നാലു വർഷം അധ്വാനിച്ച് കഷ്ടപ്പെട്ട ഒരു സിനിമയുടെ റിസൾട്ട്, അതിന്റെ റിലീസ് കഴിഞ്ഞിട്ട് ഓരോ അംഗീകാരങ്ങൾ കടന്നുവരുമ്പോൾ ശരിക്ക് ഭയങ്കരമായിട്ട് സന്തോഷമുണ്ട്. കാരണ൦ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അംഗീകാരം ലഭിക്കുന്നത് എന്ന് ‘2018 ‘ സിനിമയുടെ നിർമ്മാതാവ് ആന്റോ ജോസഫ്. മൂവിവേൾഡ് മീഡിയയോട് സന്തോഷം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. മലയാളസിനിമയ്ക്ക് അഭിമാനമായി ‘ 2018 ‘സിനിമ 2024 ലെ ഓസ്കാർ അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
ആന്റോ ജോസഫിന്റെ വാക്കുകൾ…
സർവശക്തനായ ദൈവത്തിനോടാണ് നന്ദി പറയുന്നത്, കാരണം സാധാരണ സിനിമകളൊക്കെ ഒരുപാട് നമ്മൾ നിർമ്മിച്ചിട്ടുണ്ട്. ഒരു മൂന്നാലു വർഷം അധ്വാനിച്ച് കഷ്ടപ്പെട്ട ഒരു സിനിമയുടെ റിസൾട്ട്, അതിന്റെ റിലീസ് കഴിഞ്ഞിട്ട് ഓരോ അംഗീകാരങ്ങൾ കടന്നുവരുമ്പോൾ ശരിക്ക് ഭയങ്കരമായിട്ട് സന്തോഷമുണ്ട്. കാരണ൦ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അംഗീകാരം ലഭിക്കുന്നത്. ഇതിന്റെ പൂർണ്ണ ക്രെഡിറ്റ് ജൂഡ് ആന്തണി എന്ന സംവിധായകന് തന്നെയാണ്. അയാളുടെ കൃത്യനിഷ്ഠയുടെ, അധ്വാനത്തിന്റെ, പ്രവർത്തനത്തിന്റെ, സത്യസന്ധതയുടെ റിസൾട്ട് ആണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.
സംവിധായകനും സംവിധായകന് കൂട്ടായിട്ടുള്ള ക്യാമറാമാൻ, എഡിറ്റർ എല്ലാ ടെക്‌നീഷ്യൻസും അതിനകത്തൊരു പ്രൊഡക്‌ഷൻ ബോയ് വരെ രാവും പകലും നിന്ന് അധ്വാനിച്ചിട്ടുണ്ട്. ആ കൂട്ടായ്മയുടെ വിജയം, പ്രത്യേകിച്ച് മലയാളികളുടെ ഒത്തൊരുമയുടെ വിജയമാണ്. ലോകം മുഴുവനുള്ള ആളുകൾ കണ്ടതാണ്, നമ്മളൊരു പ്രളയം വന്നപ്പോൾ പ്രത്യേകിച്ച് നിങ്ങൾ ചാനലുകാർ എല്ലാവരും ഒരുപോലെ നിന്ന് കഷ്ടപ്പെട്ട ഒരു അധ്വാനത്തിന്റെ റിസൾട്ട് ആണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.
ചാനലുകളിൽ നിന്നൊക്കെ തന്നെയാണ് പലരും ഇങ്ങനെ വിളിച്ചിട്ട് ഇങ്ങനെയൊരു സംഭവം ഇന്ന് പ്രഖ്യാപിക്കുന്നുണ്ടല്ലോ, അപ്പോൾ നമ്മൾ വിശ്വസിച്ചിട്ടില്ല അങ്ങനെ. ഓസ്കാർ നോമിനേഷനൊക്കെ പടത്തിന് കിട്ടുക എന്ന് പറയുന്നത് പ്രതീക്ഷിച്ചില്ല, പക്ഷേ ഇങ്ങനെയൊരു പടത്തിന് കിട്ടണം എന്നാണ് എന്റെയും ഒരു ആഗ്രഹ൦. കാരണ൦ ഇങ്ങനെയുള്ള സിനിമകൾ ലോകം കാണണമല്ലോ, ഇന്ത്യയിൽ നിന്നൊരു സിനിമ പ്രത്യേകിച്ച് കേരളത്തിൽ നിന്നൊരു സിനിമ ഇങ്ങനെ നിർമ്മിച്ചെടുത്ത സിനിമ അത് ലോകം മുഴുവൻ അംഗീകരിക്കുന്നതിൽ വലിയ സന്തോഷമുണ്ട്.
ഒരു ചെറിയ സൂചന പറഞ്ഞിട്ടുണ്ടായിരുന്നു, പത്രങ്ങളിൽ നിന്നൊക്കെ തന്നെ പലരും വിളിക്കുന്നുണ്ടായിരുന്നു ചിലപ്പോൾ ഒരു സാധ്യത കാണുന്നുണ്ട് എന്ന് പറഞ്ഞ്. അപ്പോൾ ഞാൻ ജൂഡിനെ വിളിച്ചിരുന്നു, പക്ഷേ ശരിക്കും അതിനുവേണ്ടി വിളിച്ചതല്ല ഞങ്ങളുടെ അടുത്ത സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് ഇന്നൊരാളുടെ അടുത്ത് കഥ പറയാൻ പോവാനുണ്ടായിരുന്നു. അപ്പോൾ അതുകൊണ്ടും കൂടിയാണ് വിളിപ്പിച്ചത്.
പ്രേക്ഷകരോടാണ് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത്, കാരണം ഈ സിനിമ രണ്ടും മൂന്നും പ്രാവശ്യം കണ്ട് വിജയിപ്പിച്ച പ്രേക്ഷകരുണ്ട്. സാധാരണ ഇപ്പോൾ ഓൺലൈനിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയുമാണ് ചിത്രങ്ങളുടെ പ്രൊമോഷൻ. പക്ഷേ ഈ സിനിമയ്ക്ക് അതിലുമുപരി മൗത്ത് പബ്ലിസിറ്റി ആയിരുന്നു. ഒരാൾ സിനിമ കണ്ടാൽ മറ്റൊരാളെ വിളിച്ച് പറഞ്ഞ് തീർച്ചയായും കാണേണ്ട സിനിമയാണെന്ന് എല്ലാവിധ പ്രേക്ഷകരും ഒരുപോലെ തീയേറ്ററിലേക്ക് വന്ന സിനിമയാണ് 2018 . തീർച്ചയായും പ്രേക്ഷകർക്കാണ് പ്രധാനമായിട്ടും ഇതിൻെറ അംഗീകാരം ഞങ്ങൾ കൊടുക്കുന്നത്, ആന്റോ ജോസഫ് വ്യക്തമാക്കി.