ദുൽഖർ നായകനായ ഏറ്റവും പുതിയ ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ബ്ലോക്ക്ബസ്റ്റർ വിജയം നേടി മുന്നേറുകയാണ്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ഈ തെലുങ്ക് ചിത്രം ബോക്സ് ഓഫീസിൽ കോടികൾ കൊയ്ത് കൊണ്ടാണ് കുതിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ജി വി പ്രകാശ് കുമാർ ഈണം പകർന്ന “മിഴിദീപമേ” എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. അരുൺ ആലാട്ട് വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അശ്വിൻ സത്യ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ദമ്പതികളായ ഭാസ്കറും സുമതിയും തമ്മിലുള്ള സ്നേഹവും ആത്മബന്ധവും വിരഹവുമെല്ലാം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഗാനമാണിത്. ഭാസ്കറായി ദുൽഖറും സുമതിയായി മീനാക്ഷി ചൗധരിയുമാണ് വേഷമിട്ടിരിക്കുന്നത്.
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം ഇതിനോടകം ആറ് ദിവസം കൊണ്ട് നേടിയ ആഗോള ഗ്രോസ് 67 കോടി 60 ലക്ഷത്തോളം രൂപയാണ്. കേരളത്തിൽ നിന്ന് മാത്രം ഇതിനോടകം 10 കോടിക്ക് മുകളിൽ ചിത്രം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ലക്കി ഭാസ്കർ അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.
ലക്കി ഭാസ്കറിന്റെ വിജയത്തോടെ തെലുങ്കിൽ ഹാട്രിക് ബ്ലോക്ക്ബസ്റ്ററാണ് ദുൽഖർ സൽമാൻ നേടിയിരിക്കുന്നത്. നാഗ് അശ്വിൻ ഒരുക്കിയ മഹാനടി, ഹനു രാഘവപുടി ഒരുക്കിയ സീതാ രാമം എന്നിവക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി തെലുങ്കിൽ റിലീസ് ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ. ഒരേ സമയം ഫാമിലി ഡ്രാമയും ത്രില്ലറുമായി ഒരുക്കിയ ചിത്രം കുട്ടികളും കുടുംബങ്ങളും യുവാക്കളുമുൾപ്പെടെ എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിയാണ് വിജയം തുടരുന്നത്