ആദ്യ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോയുമായി പ്രശാന്ത് വർമ്മ ചിത്രം “മഹാകാളി”

0
48

 

ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. “മഹാകാളി” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്നു. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ഒരുക്കുന്ന “മഹാകാളി” സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.

 

ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർ ഹീറോ ചിത്രമായി “മഹാകാളി” ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ സ്റ്റീരിയോടൈപ്പുകൾ തകർത്ത് കൊണ്ട്, ഈ ശക്തമായ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലൂടെ കറുത്ത നിറമുള്ള ഒരു നായികയെ സൂപ്പർഹീറോ മഹാകാളി ആയി അവതരിപ്പിക്കുകയാണ്. കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്.

ഒരു പെൺകുട്ടി കടുവയുടെ തലയിൽ സൌമ്യമായി സ്പർശിക്കുന്ന ദൃശ്യമാണ് ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററിലുള്ളത്. ബംഗാളി ഫോണ്ടിൽ രൂപകൽപ്പന ചെയ്ത ടൈറ്റിൽ പോസ്റ്ററിന്റെ മധ്യത്തിൽ വജ്രം പോലെ എന്തോ തിളങ്ങുന്നത് കാണാം. പശ്ചാത്തലത്തിൽ, കുടിലുകളും കടകളും ദൃശ്യമാണ്. ആളുകൾ പരിഭ്രാന്തരായി പലായനം ചെയ്യുന്നതും ഒരു ഫെറിസ് വീൽ തീ പിടിച്ചിരിക്കുന്നതും പോസ്റ്ററിൽ കാണാം. ഇന്ത്യൻ സ്ത്രീകളുടെ വൈവിധ്യവും അവരുടെ അജയ്യമായ മനോഭാവവും ആഘോഷിക്കാനും ഒരാളുടെ വ്യക്തിത്വം പൂർണ്ണമായും സ്വീകരിക്കുന്നതിലെ ശക്തി ഉയർത്തിക്കാട്ടാനുമാണ് ചിത്രം ലക്ഷ്യമിടുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക.

രചന- പ്രശാന്ത് വർമ്മ, സംഗീതം- സ്മാരൻ സായ്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി .

LEAVE A REPLY

Please enter your comment!
Please enter your name here