വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ മത്സരത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സംവിധായകന്‍ ജൂഡ് ആന്റണിയെ അഭിനന്ദിച്ച് വിനയന്‍.
പ്രതിസന്ധികളെല്ലാം തരണം ചെയ്ത് തന്റെ സൃഷ്ടി പൂര്‍ത്തിയാക്കി തീയറ്ററില്‍ എത്തിക്കാനുള്ള ഒരു ഫിലിം മേക്കറിന്റെ നിശ്ചയദാര്‍ഢ്യം ഏറെ അഭിനന്ദനീയമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരില്‍ ഒരു സിനിമ വലിയ വിജയവും ചര്‍ച്ചയുമാക്കി എന്നതാണ് ജൂഡ് ആന്റണിക്കു വേണ്ടി ഇങ്ങനൊരു അഭിനന്ദനക്കുറിപ്പ് എഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനയന്‍ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
ജൂഡ് ആന്റണിയ്ക്ക് അഭിനന്ദനങ്ങള്‍
ജൂഡിന്റെ സിനിമ ‘2018’ ഓസ്‌കാര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി സെലക്ട് ചെയ്തതില്‍ ഏറെ സന്തോഷമുണ്ട്..
കാലാവസ്ഥാ വ്യതിയാനം മുലമുള്ള ദുരന്തങ്ങളെപ്പറ്റി ലോകം ഗൗരവതരമായി ചിന്തിക്കുന്ന ഈ കാലഘട്ടത്തില്‍ 2018 ലെ പ്രളയത്തെ പറ്റി ഭംഗിയായി പറഞ്ഞ ഈ ചിത്രം ഓസ്‌കാറിലും ശ്രദ്ധിക്കപ്പെടുമെന്നു നമുക്കു പ്രത്യാശിക്കാം..
എത്ര പ്രതിസന്ധി ഉണ്ടായാലും അതിനെയെല്ലാം തരണം ചെയ്ത് തന്റെ സൃഷ്ടി പൂര്‍ത്തിയാക്കി തീയറ്ററില്‍ എത്തിക്കാനുള്ള ഒരു ഫിലിം മേക്കറിന്റെ നിശ്ചയദാര്‍ഢ്യം ഏറെ അഭിനന്ദനീയം ആണ്..
അതിന് ജൂഡിനൊപ്പം നിന്ന നിര്‍മ്മാതാക്കളായ ആന്റോ ജോസഫിനും വേണു കുന്നപ്പള്ളിയ്കും അഭിനന്ദനങ്ങള്‍..
2018ന്റെ മുഴുവന്‍ ടീം അംഗങ്ങളും ഈ അഭിനന്ദനം അര്‍ഹിക്കുന്നു..
താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരില്‍ ഒരു സിനിമ വലിയ വിജയവും ചര്‍ച്ചയുമാക്കി എന്നതാണ് ജൂഡ് ആന്റണിക്കു വേണ്ടി ഇങ്ങനൊരു അഭിനന്ദനക്കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്..
അതേസമയം, മലയാളത്തിന് അഭിമാനമായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. ഗിരിഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്. മോഹന്‍ലാല്‍ ചിത്രമായ ‘ഗുരു’വാണ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ ആണ് ഇതിനു മുമ്പ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം. മികച്ച വിദേശ സിനിമകളുടെ നോമിനേഷന്‍ പട്ടികയിലാണ് ചിത്രം പരിഗണിക്കപ്പെടുക.
പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ലാസ്റ്റ് ഫിലിം ഷോ (ചെല്ലോ ഷോ) ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. രാജമൗലി ചിത്രമായ ആര്‍ആര്‍ആറും നിര്‍മാതാക്കള്‍ സ്വന്തം നിലയില്‍ ഓസ്‌കര്‍ നോമിനേഷനിലേക്ക് അയയ്ക്കുകയുണ്ടായി. തുടര്‍ന്ന് നോമിനേഷനില്‍ നിന്നും ലാസ്റ്റ് ഫിലിം ഷോ എന്ന ചിത്രം പുറത്താകുകയും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ‘ആര്‍ആര്‍ആര്‍’ തിരഞ്ഞെടുക്കുകയും ചെയ്തു. അവസാനം മികച്ച ഒറിജിനല്‍ സോങിനുള്ള ഓസ്‌കര്‍ പുരസ്‌കാരവും ‘ആര്‍ആര്‍ആര്‍’ നേടി.
2018ല്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ഒരുക്കിയ ചിത്രമാണിത്. സിനിമ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍ എന്നിവയാണ് പ്രൊഡക്ഷന്‍ ബാനര്‍. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മോഹന്‍ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ചിത്രസംയോജനം ചാമന്‍ ചാക്കോ. സംഗീതം നോബിന്‍ പോള്‍. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിര്‍വഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്. ലൈന്‍ പ്രൊഡ്യൂസര്‍ ഗോപകുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടര്‍ സൈലക്‌സ് അബ്രഹാം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വൈശാഖ് സി വടക്കേവീട്. നിശ്ചല ചിത്രങ്ങള്‍ സിനറ്റ് സേവ്യര്‍. വിഎഫ്എക്‌സ് മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്. ടൈറ്റില്‍ ഡിസൈന്‍ ആന്റണി സ്റ്റീഫന്‍. ഡിസൈന്‍സ് എസ്‌തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.