ഓസ്കര് പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായി 2018 ചിത്രം തെരഞ്ഞെടുക്കപ്പെട്ട സന്തോഷം മൂവി വേൾഡ് മീഡിയയുമായി പങ്കുവെച്ച് നടൻ ടോവിനോ തോമസ് .സിനിമക്ക് വേണ്ടി അനുഭവിച്ച കഷ്ടപ്പാടുകളുടെ ഫലമാണ് ഇപ്പോൾ ലഭിച്ച അംഗീകാരമെന്നും ഓരോ അംഗീകാരവും കൂടുതൽ ഉത്തരവാദിത്വങ്ങളാണ് ഉണ്ടാക്കുന്നതെന്നും നടൻ പറയുന്നു.ടെലി സംഭാഷണത്തിലൂടെയാണ് നടൻ തന്റെ സന്തോഷം പങ്കുവച്ചത്.
നടന്റെ വാക്കുകൾ ……
”എന്നെ സംബന്ധിച്ചിടത്തോളം ഇരട്ടി സന്തോഷമാണ്.ഷൂട്ടിംഗ് നടക്കുമ്പോൾ മുതൽ ഞാൻ വളരെ ആകാംക്ഷയോടെ നോക്കി കാണുന്ന ചിത്രമാണ് 2018.ഈ സിനിമയിൽ അഭിനയിച്ചതിന്റെ ഭാഗമായി ഇന്നലെ മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റിമിയസ് പുരസ്‌കാരം ലഭിച്ചിരുന്നു.ഇന്ന് രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ ലാൽ സാർ വിളിച്ച് പറഞ്ഞപ്പോഴാണ് ഞാൻ ഇക്കാര്യം അറിയുന്നത്.ഒരുപാട് സ്വപനം കാണുകയും ആഗ്രഹിക്കുകയും ചെയ്ത കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
ഓരോ അംഗീകാരങ്ങൾ ലഭിക്കുമ്പോഴും കൂടുതൽ ഉത്തരവാദിത്വങ്ങളാണ് നമ്മളിൽ ഉണ്ടാക്കുന്നത്.ഹ്യൂമൻ ഇമോഷൻസ് അത്രമാത്രം ആ സിനിമയിൽ ഉണ്ടായതുകൊണ്ടാണ് ആ സിനിമ ഇത്രയും വിജയിച്ചത്.അതുകൊണ്ടാണ് അംഗീകാരങ്ങൾ ലഭിക്കുന്നത്.ഈ സിനിമ ഇത്രയും വിജയകരമാക്കിയതിൽ ഒരുപാട് സന്തോഷമുണ്ട്.സിനിമക്ക് വേണ്ടി അനുഭവിച്ച കഷ്ടപ്പാടുകളുടെ ഫലമാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നും നടൻ പറയുന്നു.”ടോവിനോ തോമസ്, ആസിഫ് അലി, നരേൻ, ലാൽ, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം മികച്ച വിജയം കൈവരിച്ചിരുന്നു. 200 കോടിയിലധികമായിരുന്നു ചിത്രം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സ്വന്തമാക്കിയത്. റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ചുള്ള ഒരു വിജയമായിരുന്നു അത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് ടെലിവിഷനിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വേണു കുന്നപ്പിള്ളി, സി കെ പദ്മ കുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ‘2018’ നിര്‍മിച്ചത്. എന്തായാലും മലയാളസിനിമാമേഖലയ്ക്ക് അഭിമാനനിമിഷം തന്നെയാണ് കൈവന്നിരിക്കുന്നത്.
കന്നഡ ചലച്ചിത്ര സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് നോമിനേഷൻ പ്രഖ്യാപിച്ചത്. മോഹൻലാൽ ചിത്രമായ ‘ഗുരു’വാണ് ഓസ്കർ എൻട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ആണ് ഓസ്കർ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം.