നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്.നീറ്റ് പരീക്ഷ നിർത്തലാക്കുകയാണ് ഏറ്റവും നല്ലതെന്നും ഒപ്പം നീറ്റ് പരീക്ഷ നിർത്തലാക്കാനുള്ള തമിഴ്നാട് സംസ്ഥാന അസംബ്ലിയുടെ പ്രമേയത്തെ നടൻ പിന്തുണക്കുകയും ചെയ്തു.
വിജയ്‌യുടെ വാക്കുകൾ……….
”ഇതിനോടകം ആളുകൾക്ക് നീറ്റ് പരീക്ഷയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.ഈ രാജ്യത്തിന് സത്യത്തിൽ നീറ്റ് ആവശ്യമില്ല.ഒഴിവാക്കുക എന്നത് മാത്രമാണ് ഈ പ്രശ്നത്തിലുള്ള ഒരേയൊരു പോംവഴി. നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്നാട് നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ ഞാൻ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരം കേന്ദ്രസർക്കാർ ഉൾക്കൊള്ളണം. കൺകറന്റ് ലിസ്റ്റിൽനിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് വിദ്യാഭ്യാസം കൊണ്ടുവരണം. ഇങ്ങനെ ചെയ്യുന്നതിന് എന്തെങ്കിലും സാങ്കേതിക തടസമുണ്ടെങ്കിൽ ഒരു ഇടക്കാല പരിഹാരമെന്ന നിലയിൽ, ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്ത് ഒരു പ്രത്യേക കൺകറൻ്റ് ലിസ്റ്റ് സൃഷ്ടിക്കുകയും വിദ്യാഭ്യാസവും ആരോഗ്യവും അതിനടിയിൽ കൂട്ടിച്ചേർക്കുകയും വേണം. എംയിംസ് പോലുള്ളവയ്ക്ക് വേണമെങ്കിൽ നീറ്റ് പരീക്ഷ നടത്താം. ഇതൊക്കെ നടക്കുമോ എന്നറിയില്ല. ഉടനെ നടക്കില്ലെന്നും അറിയാം. നടക്കാൻ സമ്മതിക്കില്ലെന്നുമറിയാമെന്നും വിജയ് കൂട്ടിച്ചേർത്തു.”
Chennai, Tamil Nadu | Speaking at a party event, TVK chief and actor, Vijay says, “People have lost faith in NEET examination. The nation doesn’t need NEET. Exemption from NEET is the only solution. I wholeheartedly welcome resolution against NEET which was passed in the State… pic.twitter.com/PatKO7MSWU
— ANI (@ANI) July 3, 2024
നീണ്ട നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞ ഫെബ്രുവരിയിൽ നടൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്.തമിഴക വെട്രി കഴകം അഥവാ ടി വി കെ എന്ന പാർട്ടി രൂപീകരിച്ചപ്പോൾ നിറഞ്ഞ കൈയ്യടിയോടെയാണ് തമിഴകം വരവേറ്റത്.വിജയ് മക്കള്‍ ഇയക്കത്തെ ആരാധക സംഘടനയായി നിലനിർത്തിക്കൊണ്ട് തമിഴ്‌നാടിന്റെ പാരമ്പര്യത്തിന് അനുയോജ്യമായ പേര് മതി എന്ന തീരുമാനത്തിലാണ് ടിവികെ എന്ന പേര് നൽകിയത്.ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്.കേരളത്തിലെയും കർണാടകയിലെയും വിജയിയുടെ ശക്തമായ ആരാധകവൃന്ദം കണക്കിലെടുത്ത് പാർട്ടി തമിഴ്‌നാടിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.ജാതി മതം, ജെന്റർ,എന്നിവയുടെ പേരിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാക്കുക, ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുക. തുല്യ അവകാശങ്ങള്‍ക്കായി പോരാടുക ഇവയെല്ലാമാണ് പാർട്ടിയുടെ നയങ്ങൾ.
ടിവികെയിൽ രണ്ട് കോടി അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് വിജയ് ആദ്യം ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ജില്ലാ ബൂത്ത് തലങ്ങളില്‍ താരത്തിന്റെ പാര്‍ട്ടി അംഗത്വ ക്യാംപെയ്ന്‍ നടത്തുകയും മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു.ആദ്യ മണിക്കൂറുകളിൽ ഈ ആപ്പ് വഴി മുപ്പത് ലക്ഷത്തിലധികം ആളുകൾ മെമ്പർഷിപ്പ് എടുത്തിരുന്നതുൾപ്പെടെ വാർത്തയായിരുന്നു.