53-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം പൂർത്തിയായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന പുരസ്ക്കാരചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമാണ് പുരസ്‌കാര വിതരണത്തിന് നേതൃത്വം നൽകിയത്.
സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം നല്‍കിക്കൊണ്ട് സംവിധായകന്‍ ടി.വി. ചന്ദ്രനെ ചടങ്ങിൽ ആദരിക്കുകയുണ്ടായി.
സ്പെഷ്യൽ ജൂറി പുരസ്ക്കാരം കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍ എന്നിവർക്ക് നൽകി. മികച്ച നടിക്കുള്ള പുരസ്ക്കാരം വിന്‍സി അലോഷ്യസിനും, മികച്ച നടനുള്ള പുരസ്ക്കാരം മമ്മൂട്ടിക്കുമായിരുന്നു. എന്നാൽ ചില വ്യക്തിഗത കാരണങ്ങളാൽ പുരസ്ക്കാര ദാനച്ചടങ്ങിന് എത്തിച്ചേരാൻ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിനുപകരം ലിജോ ജോസ് പെല്ലിശ്ശേരി ആണ് പുരസ്ക്കാരമേറ്റുവാങ്ങിയത്. കൂടാതെ മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എന്നിവരും മറ്റു പുരസ്‌കാര ജേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്ക്കാരദാനച്ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത്. ഭക്ഷ്യ, സിവില്‍ സപൈ്‌ളസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അനുമോദന പ്രഭാഷണവും നടത്തി. വി കെ. പ്രശാന്ത് എംഎല്‍എ, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ജൂറി ചെയര്‍മാനും ബംഗാളി സിനിമാ സംവിധായകനുമായ ഗൗതം ഘോഷ്, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ കെ.സി. നാരായണന്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, തുടങ്ങിയവര്‍ പുരസ്ക്കാരദാനച്ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇത്തവണത്തെ സ്പെഷ്യൽ ജൂറി പുരസ്‌ക്കാരമേറ്റുവാങ്ങി സംസാരിക്കവെ ഒരു വിവാദ പരാമർശവും നടൻ അലൻസിയർ നടത്തിയിരുന്നു. എന്തുകൊണ്ട് പെൺപ്രതിമ പുരസ്‌കാരമായി തന്നുകൊണ്ട് ഞങ്ങളെ പ്രലോഭിപ്പിക്കുന്നു എന്നായിരുന്നു താരത്തിന്റെ പ്രസ്‌താവന. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് എന്തുകൊണ്ട് പുരുഷപ്രതിമ നൽകുന്നില്ലെന്നും, അങ്ങനെ പുരുഷപ്രതിമ പുരസ്‌കാരമായി നൽകുന്ന കാലത്ത് താൻ അഭിനയം നിർത്തുമെന്നും താരം വേദിയിൽ പറയുകയുണ്ടായി.
അതുകൂടാതെ മറ്റൊരു പ്രസ്താവനയും അലൻസിയർ വേദിയിൽ പറഞ്ഞിരുന്നു. സ്പെഷ്യൽ ജൂറി പുരസ്‌ക്കാരത്തിന് ഈ സാധാരണ പ്രതിമ തരാതെ സ്വർണത്തിലുള്ള പ്രതിമ തരണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇരുപത്തയ്യായിരം രൂപ നൽകിക്കൊണ്ട് തന്നെയും കുഞ്ചാക്കോ ബോബനെയും അപമാനിക്കരുതെന്നാണ് താരം പറഞ്ഞത്. ഈ രണ്ടു പ്രസ്താവനകളും ഇപ്പോൾ വിവാദമായിരിക്കുകയാണ്.