നടി നവ്യ നായരെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് താരത്തെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന്ന് അറസ്റ്റിലായിരുന്ന ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ആരോപണമുന്നയിക്കുന്നത്.

നവ്യ നായര്‍ക്ക് സച്ചിന്‍ സാവന്ത് ആഭരണങ്ങളുൾപ്പെടെ സമ്മാനിച്ചതായി തങ്ങൾ കണ്ടെത്തിയെന്ന് ഇഡി പറയുന്നുണ്ട്. നടിയുടേയും, സച്ചിൻ സാവന്തിന്റെയും ഫോൺ വിവരങ്ങൾ അടക്കം ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളിരുവരും വെറും സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറമുള്ള മറ്റൊരു അടുപ്പവും ഇല്ലെന്നും നടി വ്യക്തമാക്കി. അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് സമർര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉൾപ്പെട്ടിട്ടുള്ളത്. കേസില്‍ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്.

അനധികൃത സ്വത്ത് സമ്പാദനത്തിന്റെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മുംബെെയിലാണ്. ഈ കേസുമായി ബന്ധപ്പെട്ടാണ് നവ്യ നായരെ ചോദ്യം ചെയ്തിട്ടുള്ളത്. മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നോട്ടീസ് നല്‍കി നവ്യ നായരെ മുംബൈയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സച്ചിന്‍ സാവന്ത് എട്ട് തവണ കൊച്ചിയിൽ വന്നിരുന്നു. മലയാള സിനിമാ മേഖലയിൽ പല ആളുകളുമായി സച്ചിൻ സാവന്ത് അടുത്ത ബന്ധം പുലർത്തുന്നുണ്ട്. കേസിൽ സച്ചിന്‍ സാവന്തിനെതിരായ കുറ്റപത്രത്തിൽ നടി നവ്യ നായരെ കുറിച്ച് പരാമര്‍ശിക്കുന്നുമുണ്ട്.

എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് താരത്തെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത താരം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സച്ചിന്‍ സാവന്ത് തന്റെ കുടുബസുഹൃത്താണെന്നും, മുംബൈയില്‍ ഒരേ സ്ഥലത്തായിരുന്നു താമസിച്ചിരുന്നതെന്നും, അതുകൊണ്ടാണ് ഇ ഡി തന്നെ വിളിപ്പിച്ചതെന്നും നവ്യ പ്രതികരിച്ചിട്ടുണ്ട്.

2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിൻ സാവന്ത് അറസ്റ്റിലാകുന്നത്. കസ്റ്റംസ് അഡീഷണൽ കമ്മീഷണറായിരുന്ന സച്ചിൻ സാവന്തിനെ ജൂൺ 27ന് ലഖ്‌നൗവിൽ വെച്ചാണ് എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഈ കേസിൽ പ്രത്യേക പിഎംഎൽഎ കോടതിയിൽ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ നടി നവ്യ നായരെക്കുറിച്ച് പരാമർശമുണ്ട്. കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും നടിക്ക് നൽകിയ സമ്മാനങ്ങൾ കുറ്റകൃത്യത്തിലൂടെ നേടിയ വരുമാനത്തിന്റെ ഭാഗമാണോയെന്ന് കണ്ടെത്താനുമാണ് ഇഡിയുടെ ഇപ്പോഴത്തെ ശ്രമം.

