പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ‘തലൈവർ 170’. ചിത്രത്തിലെ ഓരോ താരങ്ങളെ ആയി നിർമ്മതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സ്റ്റൈൽമന്നനൊപ്പം ബോളിവുഡിന്റെ ബിഗ് ബിയും എത്തുമെന്നാണ് ഏറ്റവും പുതിയ വാർത്ത. അമിതാഭ് ബച്ചനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ ലൈക്ക പ്രൊഡക്ഷൻസ് പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
ഇന്ത്യൻ സിനിമയുടെ ഷെഹൻഷായെ സ്വാഗതം ചെയ്യുന്നുവെന്നാണ് ലൈക്ക പ്രൊഡക്ഷൻസ് കുറിച്ചിരിക്കുന്നത്. നടൻ ഫഹദിന്റെ പോസ്റ്ററും ഇന്ന് ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിരുന്നു. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ചിത്രത്തിന്റെ ഭാഗമാകുന്നത് സംബന്ധിച്ച പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിന്റെ ഒഫീഷ്യൽ പേജിലാണ് താരത്തിനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടത്. തെലുങ്ക് താരം റാണ ദഗുബാട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് ലൈക്ക പ്രൊഡക്ഷൻസ് ഇന്ന് അറിയിച്ചിരുന്നു. മുൻപ് സിനിമയിലെ മറ്റ് താരങ്ങളായ ദുഷാര വിജയൻ, റിതിക സിങ് എന്നിവരെ ലൈക്ക പരിചയപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ടി ജെ ജ്ഞാനവേൽ സംവിധാനം നിർവഹിക്കുന്ന ചിത്രം രജനികാന്തിന്റെ 170-ാമത്തെ ചിത്രമാണിത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. രജനികാന്തും ലൈക്ക പ്രൊഡക്ഷൻസും ‘ദർബാർ’, ‘കാല’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘തലൈവര്‍ 170 ‘. രജനികാന്തിന്റെ സിനിമാ മേഖലയിലെ 170-ാമത്തെ ചിത്രമാണിത്. സിനിമ ഉടൻ നിർമ്മാണം ആരംഭിച്ച് 2024-ൽ പുറത്തിറങ്ങും. ചിത്രത്തിൽ രജനികാന്ത് ഒരു പോലീസുകാരനായാണ് എത്തുന്നത്.
‘ജയിലർ’ എന്ന സിനിമയുടെ ഉജ്ജ്വല വിജയത്തിന് ശേഷം രജനികാന്തിന്റെ അടുത്ത സിനിമയ്ക്കായി കണ്ണുംനട്ട് കാത്തിരിക്കുകയായിരുന്നു സിനിമാലോകം. കുറച്ചു ദിവസങ്ങളായി താരം കേരളത്തിൽ എത്തുമെന്ന വാർത്തകളാണ് ആരാധകരെ ആവേശത്തിലാക്കിയിരുന്നത്. അതേസമയം ഇന്ന് സിനിമയുടെ ചിത്രീകരണത്തിനായി രജനികാന്ത് തലസ്ഥാനത്തെത്തിയിരിക്കുകയാണ്. ‘തലൈവർ 170’യുടെ ചിത്രീകരണം തിരുവനന്തപുരത്താണ് നടക്കുന്നത്. ഒക്ടോബർ മൂന്ന് മുതൽ പത്ത് ദിവസം താരം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനമായിരുന്നു തലസ്ഥാനത്ത് ഏർപ്പെടുത്തിയത്. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളും സിനിമയുടെ പ്രധാന ലൊക്കേഷനുകളാണ്. ആദ്യമായാണ് ഒരു രജനികാന്ത് ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്.