ജയിലർ സിനിമയുടെ വിജയത്തിന് പിന്നാലെ രജനികാന്തിനും സംവിധായകൻ നെൽസണും പ്രതിഫലത്തിന് പുറമെ സണ്‍ പിക്ചേഴ്സ് ലാഭവിഹിതം കൈമാറിയതും ബിഎംഡബ്യൂ എക്സ് 7 കാർ സമ്മാനിച്ചതും വലിയ വാർത്തയായിരുന്നു. തൊട്ടുപിന്നാലെ തന്നെ സംഗീത സംവിധായകന്‍ അനിരുദ്ധിനും സൺ പിക്ചേഴ്സ് തുകയും കാറും സമ്മാനിച്ചിരുന്നു.
രജനിക്കും നെൽസണും സമ്മാനം നൽകുന്നതിന്റെ ചിത്രങ്ങൾ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു.എന്നാൽ അനിരുദ്ധിന് സമ്മാനം നൽകുന്നതിന്റെ ചിത്രങ്ങൾ സൺ പിക്ചേഴ്സ് പങ്കുവക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.തൊട്ടുപിന്നാലെ ഈ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.ചിത്രത്തിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച അനിരുദ്ധ് രവിചന്ദറിന് സമ്മാനങ്ങൾ നൽകിയില്ല എന്ന രീതിയിൽ വിമർശനം വ്യാപകമായി ഉയർന്നിരുന്നു.നിര്‍മ്മാതാക്കള്‍ ഒരു നന്ദി പോലും പറയുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാദം ഉയർന്നിരുന്നു.ഇതിനുമുൻപ് വിക്രം വിജയിച്ച സമയത്ത് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ കമല്‍ ഹാസന്‍ സംവിധായകന്‍ ലോകേഷിനും അതിഥിതാരമായി എത്തിയ സൂര്യയ്ക്കും സമ്മാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അവിടെയും അനിരുദ്ധ് ഒഴിവാക്കപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പുതിയ വിമര്‍ശനങ്ങള്‍.
രജനി സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യു എക്സ് 7 ന്‍റെ വില 1.24 കോടിയാണ്. 1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിന്‍റെതന്നെ ഐ 7 തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നപ്പോഴാണ് രജനി 1.24 കോടിയുടെ കാര്‍ സ്വീകരിച്ചത്.നേരത്തെ കൈമാറിയ ലാഭവിഹിത തുക എത്രയാണെന്ന വിവരങ്ങൾ ലഭിച്ചിട്ടില്ല. ചിത്രത്തിൽ അഭിനയിച്ചതിന് രജനികാന്തിന് 110 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സമീപ ദിവസം പ്രദർശനത്തിന് എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.നൂറ് കോടി രൂപക്ക് നെറ്റ്ഫ്ലിക്സാണ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഒടിടി റിലീസ് തീയതി ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം ഇറങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ .നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ റിലീസായി പതിനാല് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും സണ്‍നെസ്റ്റ് സിനിമ പുറത്തിറക്കുന്നത്.
ആദ്യ ദിനത്തില്‍ നൂറുകോടിക്ക് അടുത്താണ് ജയിലര്‍ കളക്ഷന്‍ നേടിയത്. റിപ്പോർട്ടുകൾ പ്രകാരം റിലീസ് ചെയ്ത് 15 ദിവസം പിന്നിടുമ്പോൾ വേൾഡ് വൈഡായി 525 കോടിയാണ് ആഗോള തലത്തിൽ ജയിലര്‍ നേടിയിരിക്കുന്നത്.തിയറ്ററുകളിൽ ഇപ്പോഴും ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രം വാരാന്ത്യത്തോടെ 550 കോടിയും പിന്നിടും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.