‘ജവാന്‍’ സിനിമ ഓസ്‌കറിന് അയയ്ക്കാന്‍ ആഗ്രഹമുണ്ടെന്ന് അറ്റ്‌ലി

0
387

‘ജവാന്‍’ സിനിമ ഓസ്‌കറിന് അയയ്ക്കാന്‍ ആഗ്രഹമുണ്ടെന്ന് അറ്റ്‌ലി. ആഗോള ബോക്‌സ്ഓഫിസില്‍ ചിത്രം ആയിരം കോടി ക്ലബ്ബിലേക്ക് അടക്കുന്നതിനിടെയാണ് അറ്റ്ലിയുടെ പ്രതികരണം. ജവാന്‍ ആഗോളതലത്തിലുള്ള അവാര്‍ഡ് വേദികളില്‍ എത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഇത് സംബന്ധിച്ച് ഷാറുഖുമായി സംസാരിക്കുമെന്നും അറ്റ്‌ലി പറഞ്ഞു.

‘ജവാന്‍’ ഓസ്‌കാര്‍ പോലുള്ള ഗ്ലോബല്‍ വേദികളില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അറ്റ്ലി. ”തീര്‍ച്ചയായും ‘ജവാന്‍’ അവിടെ എത്തണം. എല്ലാ കാര്യങ്ങളും ശരിയായി വന്നാല്‍ അത് നടക്കും. ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരും സാങ്കേതിക പ്രവര്‍ത്തകര്‍ മുതല്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരോരുത്തരും ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ്, ദേശീയ പുരസ്‌കാരം ഇതെല്ലാം മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് ഓസ്‌കറിലേക്ക് ജവാന്‍ എത്തിക്കാന്‍ താല്‍പ്പര്യമുണ്ട്. ഈ അഭിമുഖം ഷാറുഖ് സര്‍ കാണുമെന്നാണ് എന്റെ പ്രതീക്ഷ. ഞാന്‍ ഷാറുഖ് സാറിനോടും ചോദിക്കും, സര്‍ നമുക്ക് ചിത്രം ഓസ്‌കറിന് കൊണ്ടു പോയാലോയെന്ന്?

2020ലാണ് ഞാന്‍ ജവാന്റെ കഥ പറയുന്നത്. 2019 ല്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം അഞ്ച് വര്‍ഷത്തോളം ഷാറുഖ് സാറിനൊപ്പം ഉണ്ടായിരുന്നു. സൂം കോള്‍ വഴിയാണ് ഞാന്‍ കഥ പറയുന്നത്. ഇതുവരെ ഇങ്ങനെ ആരോടും ഞാന്‍ കഥ പറഞ്ഞിട്ടില്ല. കാരണം ഇനിയും ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയുമായിരുന്നില്ല, ലോക്ഡൗണിനു മുമ്പ് തന്നെ കാര്യങ്ങള്‍ക്ക് തീരുമാനമാകണമായിരുന്നു. നമുക്ക് ഇത് ചെയ്യാമോ എന്ന് ഖാന്‍ സാറിനോട് ചോദിച്ചപ്പോള്‍ നേരില്‍ കണ്ട് സംസാരിക്കാം എന്നായിരുന്നു മറുപടി. എന്നാല്‍ സൂം കോളിലൂടെ തന്നെ കഥ പറയാമെന്ന് ഞാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ മൂന്ന് മണിക്കൂര്‍ കൊണ്ട് ഞാന്‍ കഥ പറഞ്ഞു. അവിടെ നിന്നാണ് സിനിമയ്ക്ക് ഗ്രീന്‍ൈലറ്റ് തെളിയുന്നതെന്നും അറ്റ്‌ലി പറയുന്നു.

അതേ സമയം ആഭ്യന്തര ബോക്‌സോഫീസില്‍ ജവാന്‍ മുന്നേറ്റം തുടരുകയാണ്. ചിത്രം ഇതിനകം 100 കോടി ക്ലബില്‍ എത്തിയെന്നാണ് ആഗോള കളക്ഷന്‍ സംബന്ധിച്ച ട്രേഡ് അനലിസ്റ്റ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയില്‍ മാത്രം ചിത്രം 500 കോടി ക്ലബില്‍ എത്തിയിട്ടുണ്ട്. അതേ സമയം ഏറ്റവും വേഗത്തില്‍ 400 കോടി എത്തുന്ന ഹിന്ദി ചിത്രം എന്ന നേട്ടവും ജവാന്‍ കരസ്ഥമാക്കിയിരുന്നു.

അതേ സമയം ചിത്രം ഇത്രയും ദിവസത്തിനുള്ളില്‍ 14 റെക്കോഡുകളാണ് തകര്‍ത്തത്. അവ ഇവയാണ്, ഒരു ഷാരൂഖ് ഖാന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് കളക്ഷന്‍, രണ്ട് ദിവസം കൊണ്ട് 100 കോടി നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രം, ഏറ്റവും മികച്ച സിംഗിള്‍ ഡേ കളക്ഷന്‍, 2023 ലെ ഏറ്റവും മികച്ച ഓപണര്‍, ആറ്റ്‌ലിയുടെ സംവിധാനത്തിലെത്തിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഓപണിംഗ്, ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 200 കോടി നേടിയ ഹിന്ദി ചിത്രം, ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 300 കോടി നേടിയ ഹിന്ദി ചിത്രം, ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 500 കോടി നേടിയ ഹിന്ദി ചിത്രം, ബോളിവുഡിലെ ഏറ്റവും വലിയ ഓപണിംഗ് കളക്ഷന്‍, ഹിന്ദി ചിത്രങ്ങളിലെ ഏറ്റവും മികച്ച വാരാന്ത്യ കളക്ഷന്‍, മൊഴിമാറ്റ പതിപ്പുകളില്‍ ഏറ്റവും കളക്ഷന്‍ വന്ന ബോളിവുഡ് ചിത്രം, ഹിന്ദി ചിത്രങ്ങളിലെ ഏറ്റവും മികച്ച ആദ്യ വാര കളക്ഷന്‍, ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 650 കോടി കടന്ന ചിത്രം, ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 400 കോടി നേടുന്ന ചിത്രം.

പഠാന് ശേഷം ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ വിജയമാണ് ജവാന്‍. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടി നേടിയ പഠാന് പിന്നാലെ എത്തുന്ന കിംഗ് ഖാന്‍ ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ജവാന്‍. തമിഴ് സംവിധായകന്‍ ആറ്റ്‌ലിയുടെയും നായികയായ നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റം എന്നതും പ്രത്യേകതയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here