യുവതലമുറ നമ്മുടെ അഭിനയത്തെക്കുറിച്ച് പറയുമ്പോള്‍ പ്രത്യേക സന്തോഷമെന്ന് നടന്‍ ജഗദീഷ്. ചേട്ടന്റെ അഭിനയം കാണുമ്പോള്‍ എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് പ്രത്യേക സന്തോഷമാണെന്ന് താരം പറഞ്ഞു. തീപ്പൊരി ബെന്നി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ യുവതലമുറയെക്കുറിച്ച് പറഞ്ഞത്.
ജഗദീഷിന്റെ വാക്കുകള്‍…
മോഹന്‍ലായാലും മുതിര്‍ന്ന നടന്മാരായാലും … ഞാനും അത്യാവശ്യം സീനിയറാണ്. എനിക്ക് സന്തോഷം തോന്നുന്നത്, യുവതലമുറകളില്‍ ഒന്നാമതായി നില്‍ക്കുന്ന താരങ്ങള്‍ അതായത് അര്‍ജുന്‍ അശോകനെപ്പോലുള്ള നടന്മാര്‍ ഇവരെല്ലാവരും നമ്മുടെ അഭിനയത്തെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍, അവര്‍ ത്രില്ലടിക്കുമ്പോള്‍ നമുക്ക് അതില്‍ വലിയൊരു സന്തോഷമാണ്.
പ്രേക്ഷകര്‍ അംഗീകരിക്കുന്നതിന് പുറമേ അതിനേക്കാള്‍ ഒരു പടി കൂടുതലാണ് സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് നമ്മളെക്കുറിച്ച് പറയുന്നത്. ചേട്ടന്റെ അഭിനയം കാണുമ്പോള്‍ എന്നൊക്കെപറയുമ്പോള്‍ പ്രത്യേകമായി ഒരു അംഗീകാരം കിട്ടുന്നത് സന്തോഷമാണ്.
അതേസമയം,’എനിക്കിപ്പോള്‍ രാഷ്ട്രീയമില്ല. മുന്‍പ് ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ തീര്‍ത്തും ഇല്ല. രാഷ്ട്രീയം ഉപേക്ഷിച്ചതിന്റെ കാരണം ഞാന്‍ ഇതിന് മുന്‍പ് സൂചിപ്പിച്ചിട്ടുള്ളതാണ്. അതിപ്പോള്‍ വ്യക്തമാക്കി പറയാം. ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോടും രമയ്ക്കും കുട്ടികള്‍ക്കും യോജിപ്പില്ലായിരുന്നു. അവരോട് അഭിപ്രായം ചോദിച്ചപ്പോള്‍, അത് വേണോ എന്ന അര്‍ത്ഥത്തിലാണെനിക്ക് മറുപടി നല്‍കിയത്, മനസുകൊണ്ടവര്‍ക്ക് അതിഷ്ടമല്ലായിരുന്നു.
അതിനെ ഒരു പരിധി വരെ കണക്കിലെടുക്കാതെയാണ് ഞാന്‍ തെരഞ്ഞെടുപ്പില്‍ നിന്നത്. അവരുടെ ഉപദേശം സ്വീകരിക്കാത്തതിന്റെ തിക്തഫലം ഞാന്‍ അനുഭവിച്ചു. അത് കേള്‍ക്കുമ്പോള്‍ എല്ലാവരും ചിരിക്കാറാണ് പതിവ്. രാഷ്ട്രീയത്തിലെ പരാജയത്തിനെ അങ്ങനെയാണ് ആളുകള്‍ നോക്കിക്കാണുന്നത്. ഏതു തെരഞ്ഞെടുപ്പിലും പരാജയപ്പെടുന്നവനോട് പുച്ഛമാണ്. പക്ഷെ പരാജിതനായതുകൊണ്ടല്ല ഞാന്‍ രാഷ്ട്രീയം ഉപേക്ഷിച്ചത്. എന്റെ ഭാര്യയോടും മക്കളോടും യോജിക്കാനുള്ള അവസരം പിന്നീടാണ് എനിക്കു കിട്ടിയത്.
രാഷ്ട്രീയത്തില്‍ ഞാനിപ്പോള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത് മമ്മൂക്കയെ ആണ്. മമ്മൂക്ക ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ആളല്ല. ഒരു തെരഞ്ഞടുപ്പ് വരുമ്പോള്‍ മൂന്നു സ്ഥാനാര്‍ഥികള്‍ ഉണ്ടാവുമല്ലോ. ആ മൂന്നു സ്ഥാനാര്‍ഥികളെയും ഒരേ ബഹുമാനത്തിലാണ് മമ്മൂക്ക സ്വീകരിക്കുക. ഉമ്മന്‍ ചാണ്ടിയുടെയും , വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെ യോഗത്തിലും മമ്മൂക്ക പങ്കെടുത്തിട്ടുണ്ട്. പിണറായി സഖാവിന്റെയും എം വി ഗോവിന്ദന്റെ യോഗത്തിലും പങ്കെടുക്കും, കൂടാതെ അദ്വാനിയുടെ പുസ്തക പ്രകാശനം നിര്‍വഹിച്ചത് മമ്മൂക്കയാണ്. എല്ലാ പാര്‍ട്ടികള്‍ക്കും അദ്ദേഹം സ്വീകാര്യനാണ്.
അദ്ദേഹം സമദൂരമല്ല സമഅടുപ്പമാണ് എല്ലാവരുമായും സൂക്ഷിക്കുന്നത് . അതാണ് ഞാന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ തോറ്റതില്‍ ഇപ്പോളെനിക്ക് സങ്കടമില്ല.. ഇപ്പോള്‍ എല്ലാവര്‍ക്കും എന്നോട് ഒരുപോലെ സ്‌നേഹവും ഉണ്ട്. ഞാനൊരിക്കലും ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്കു കൂറു മാറിയിട്ടില്ല, രാഷ്ട്രീയം മൊത്തമായി ഉപേക്ഷിച്ചതാണ്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ യോഗ്യനല്ലെന്ന് തിരിച്ചറിഞ്ഞ ഞാന്‍ സ്വയം മാറിയതാണ് ,” എന്നാണ് ജഗദീഷ് പറഞ്ഞത്.
അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ”തീപ്പൊരി ബെന്നി’ . ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. രാഷ്ട്രീയത്തെ വെറുക്കുന്ന ബെന്നിയും ഇടതുപക്ഷ ചിന്താഗതിയുള്ള ചേട്ടായിയും തമ്മിലുള്ള രസകരമായ നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ട്രെയിലര്‍. ഹാസ്യവും നര്‍മ്മവും ഇടകലര്‍ത്തികൊണ്ടുള്ള ട്രെയിലറില്‍ രാഷ്ട്രീയ സംവിധാനങ്ങളോടുള്ള ഒരു വിഭാഗത്തിന്റെ വെറുപ്പും അഴിമതിയും മറ്റും പ്രകടമാണ്.