‘നല്ല മനുഷ്യർ ജയിച്ചു വരട്ടെയെന്നേ…’: ചാണ്ടി ഉമ്മന് ആശംസകളുമായി അഖിൽ മാരാർ പുതുപ്പള്ളിയിൽ

0
348

പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ചൂടേറിക്കൊണ്ടിരിക്കുകയാണ്. അതിനിടെ പുതുപ്പള്ളിയിൽ എത്തിയിരിക്കുകയാണ് ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ . യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനെ കാണാനെത്തിയതായിരുന്നു അഖിൽ മാരാർ. വ്യക്തിപരമായ ആവശ്യത്തിനായി ഒരു യാത്ര പോകുന്നതിനിടെയാണ് ചാണ്ടി ഉമ്മനെ കാണാൻ താരം പുതുപ്പള്ളിയിലെത്തിയത്. നല്ല മനുഷ്യർ ജയിച്ചു വരട്ടെയെന്നാണ് അഖിൽ മാരാർ ചാണ്ടി ഉമ്മനെ കുറിച്ച് പറഞ്ഞത്.

‘നല്ല മനുഷ്യർ ജയിച്ചു വരട്ടെയെന്നേ… അവർ എപ്പോഴും ജനങ്ങൾക്കൊപ്പമായിരിക്കണം…എന്നെ സംബന്ധിച്ച് ഉമ്മൻ ചാണ്ടി സാറിനോട് അതിയുമായ സ്നേഹവും ബഹുമാനവും എപ്പോഴുമുള്ളതാണ്. ഞാൻ പല പ്രാവശ്യമായി വിചാരിച്ചതാണ് ഇങ്ങോട്ട് ഇറങ്ങണം എന്ന്. പക്ഷെ ഒരുപാട് തിരക്കുകളുള്ളതുകൊണ്ട് വരാൻ കഴിഞ്ഞില്ല. ഇന്ന് വൈകുന്നേരം ഒരു യാത്രയുണ്ട്, അതിനു പോകുന്ന വഴിയാണ്, അപ്പോൾ ഇങ്ങോട്ടു വരണമെന്ന് പറഞ്ഞെന്നെ വിളിച്ചപ്പോൾ ഞാനിങ്ങോട്ടു പോന്നു.

നാടിന് പ്രയോജനപ്പെടുന്ന ആളുകൾ രാഷ്ട്രീയത്തിലൂടെ നാടിനെ നയിക്കാൻ മുന്നിലുണ്ടാകണമെന്നാണ് എന്റെ ഒരു വ്യക്തിപരമായ താല്പര്യം. ജനങ്ങളെ മനസിലാക്കാൻ കഴിവുള്ളവരാകണം നമ്മളെ നയിക്കാൻ വരേണ്ടത്. കേരളത്തിലെ ജനങ്ങളെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛന്റെ മകന്, പുതുപ്പള്ളിയെ മനസിലാക്കാൻ വലിയ ബുദ്ധമുട്ടുണ്ടാവില്ല. ജനങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മനസിലാക്കി അവർക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ സാധിക്കുന്ന ഒരു ജനകീയ നേതാവിനെ തെരഞ്ഞെടുക്കാൻ പുതുപ്പള്ളിക്കാർക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു, കൂടാതെ അദ്ദേഹത്തിന് വിജയാശംസകളും നേരുന്നു.’

സെപ്തംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് നടക്കുക. മൂന്നു മുന്നണികളും ആവേശത്തോടെയുള്ള തെരഞ്ഞെടുപ്പ് പ്രചനങ്ങൾക്കിടയിലാണ്. ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി ജൈയ്ക് സി താമസ് ആണ് മത്സരത്തിനിറങ്ങുന്നത്. ബിജെപിയുടെ സ്ഥാനാർത്ഥിയായി കളത്തിലിറങ്ങുന്നത് ജി ലിജിൻ ലാലാണ്. പുതുപ്പള്ളിയിലെ വികസനത്തെ മുൻ നിർത്തിയാണ് എല്ലാ മുന്നണികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്. മൂന്ന് മുന്നണിളെ കൂടാതെ ആം ആദ്മി പാർട്ടിയുടെ ഒരു സ്ഥാനാർത്ഥിയും രണ്ട് സ്വതന്ത്രരുമാണ് മത്സരത്തിനിറങ്ങുന്നത്. പത്ത് നാമനിർദേശ പത്രികകൾ ലഭിച്ചതിൽ നിന്നാണ് ഇവർ ഏഴ് സ്ഥാനാർത്ഥികളെ അം​ഗീകരിച്ചത്.

ഇത്തവണ പത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി അവസാനിച്ചപ്പോൾ സ്ഥാനാർത്ഥികളിൽ ഒരൊറ്റയാളുടെപോലും അപരന്മാരില്ല എന്നത് ഒരു പ്രത്യേകതയായിരുന്നു. അപരന്മാരില്ലാത്ത തെരഞ്ഞെടുപ്പായതുകൊണ്ടുതന്നെ സ്ഥാനാർഥികൾക്ക് ആശ്വാസത്തോടെ അങ്കത്തട്ടിലേക്കിറങ്ങാമെന്ന ആശ്വാസവുമുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here