ലോകത്തിൽ ഓരോ വർഷവും ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിക്കുന്ന രാജ്യമാണ് ഇന്ത്യ.ഇത്രയും സിനിമകൾ നിർമ്മിച്ചിട്ടും അവയിൽ മിക്കതും രാജ്യത്തിന് പുറത്ത് ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. പറഞ്ഞുവരുന്നത് ഓസ്കർ അവാർഡിനെക്കുറിച്ചാണ്.ഓസ്കാർ എന്ന് വിളിക്കപ്പെടുന്ന അക്കാദമി അവാർഡിന് ഇന്ത്യൻ സിനിമകൾ അപൂർവമായാണ് പരിഗണിക്കാറുള്ളത്. പരിഗണിച്ചാലും ഇവയെല്ലാം പുറത്താകാറുമുണ്ട്.മലയാള ചിത്രങ്ങളുടെ അവസ്ഥ അതിലും പരിതാപകരമാണ് .ഇത്രയും കാലത്തിനിടയിൽ വെറും മൂന്ന് ചിത്രങ്ങളാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ നോമിനേഷനായി പരിഗണിച്ചത് .1997 ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ഗുരു ആണ് മലയാളത്തിൽ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ലഭിച്ച ആദ്യ ചിത്രം. 2011 ൽ സലീം അഹമ്മദിന്റെ ആദാമിന്റെ മകൻ അബുവും 2019 ൽ ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടും ഇന്ത്യയുടെ ഔദ്യോഗിക എൻട്രികളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു . എന്നാൽ ഈ ചിത്രങ്ങൾക്ക് ഒന്നും ചുരുക്കപ്പട്ടികയിൽ പോലും ഇടം നേടാനായില്.
ഏറ്റവും ഒടുവിൽ ഓസ്കർ എൻട്രി ലഭിക്കുന്ന നാലാമത്തെ മലയാള ചിത്രമായി മാറിയിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018 – എവ്‍രിവണ്‍ ഈസ് എ ഹീറോ’.2018 ൽ കേരളം നേരിട്ട പ്രളയത്തിന്റെ കാഴ്ചകൾ ഒട്ടും തീവ്രത ചോരാതെ വെള്ളിത്തിരയിലെത്തിച്ച ചിത്രമാണ് ‘2018’.കേരളം നേരിട്ട മഹാപ്രളയവും മലയാളിയുടെ ഒത്തൊരുമയും സാങ്കേതികമികവോടെ പ്രേക്ഷകരിലേയ്ക്ക് എത്തിച്ച ചിത്രം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു.ഈ ചിത്രമാണ് ഇപ്പോൾ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി ലഭിക്കുന്ന നാലാമത്തെ ചിത്രമായി മാറിയിരിക്കുന്നത്.പ്രശസ്ത സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ 16 അംഗ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ സമിതിയാണ്
സിനിമ തിരഞ്ഞെടുത്തത്. കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യുന്ന സിനിമയുടെ ആശയമാണ് ‘2018’ നെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കുവാനുള്ള കാരണം. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ‘2018’ മത്സരിക്കുക.
ഔദ്യോഗിക എൻട്രി ലഭിച്ചത് കൊണ്ട് മാത്രം ഓസ്കറിൽ 2018 ന് മത്സരിക്കാനാകില്ല. അതിന് ചില കടമ്പകൾ കൂടി കടക്കേണ്ടതുണ്ട്.വിദേശ ഭാഷാ വിഭാഗത്തിൽ എൻട്രി ലഭിച്ച്, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ച് ചുരുക്കപ്പട്ടികയിൽ ഇടം നേടിയാൽ മാത്രമാണ് അക്കാദമി അവാർഡിനായി ചിത്രം പരിഗണിക്കുകയുള്ളൂ..
എങ്ങനെയാണ് ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടം നേടുക എന്ന് നോക്കാം ?
ഇംഗീഷ് സബ് ടൈറ്റിൽ ചേർത്തിട്ടുള്ള വിദേശ ഭാഷാ വിഭാഗത്തിലേക്ക് മത്സരിക്കുന്ന എല്ലാ ചിത്രങ്ങളും അക്കാദമിയിൽ പ്രദർശിപ്പിക്കും. ഇതിൽ നിന്നും അക്കാദമി അംഗങ്ങളായ എല്ലാവർക്കും ഇഷ്ടപ്പെട്ട അഞ്ച് ചിത്രങ്ങൾ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുക്കും ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന 9 ചിത്രങ്ങൾ ഷോർട് ലിസ്റ്റിൽ ഉൾപ്പെടും.ഇതിൽ നിന്നും മുപ്പത് പേർ അടങ്ങുന്ന പ്രത്യേക സമിതി വോട്ടെടുപ്പിലൂടെ 5 ചിത്രങ്ങൾ തിരഞ്ഞെടുക്കും. ഇവയാണ് ഓസ്കർ നോമിനേഷൻ ലഭിച്ച ചിത്രങ്ങൾ.ഈ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുണ്ടാവുക.നോമിനേഷൻ ലഭിച്ച 5 ചിത്രങ്ങളിൽ നിന്ന് മികച്ച ചിത്രം തിരഞ്ഞെടുക്കുന്നതും വോട്ടെടുപ്പിലൂടെയാണ്.ഇത്തരം കടമ്പകൾ കടന്നാൽ മാത്രമാണ് 2018 ന് ചുരുക്കപ്പട്ടികയിൽ ഇടം നേടാൻ സാധിക്കുകയുള്ളു.ചുരുക്കപ്പട്ടികയിൽ ഇത്രയും കാലത്തിനിടയിൽ ഒരൊറ്റ ഇന്ത്യൻ ചിത്രം മാത്രമാണ് ഇടം നേടിയിട്ടുള്ളത്.1958 മദര്‍ ഇന്ത്യ, 1988 സലാം ബോംബെ, 2001 ലഗാന്‍ , എന്നീ ചിത്രങ്ങള്‍ ഓസ്‌കറിന്റെ വിദേശ ഭാഷാ വിഭാഗത്തില്‍ നോമിഷനില്‍ ഉള്‍പ്പെട്ടപ്പോള്‍ ഗുജറാത്തി ചലച്ചിത്രം ഛെല്ലോ ഷോ 2022 ലെ വിദേശ ഭാഷാ വിഭാഗത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു.രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ, വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ചെല്ലോ ഷോ ഓസ്കാർ നോമിനേഷനിലേക്ക് എത്തിപ്പെട്ടത്.അവസാന നിമിഷം ചിത്രം പുറത്താവുകയായിരുന്നു.
ചുരുക്കത്തിൽ പറഞ്ഞാൽ വിചാരിക്കുന്നത്പോലെ അത്ര എളുപ്പമല്ല ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയെടുക്കുക എന്നത്.എന്തായാലും കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത 2018 ലെ പ്രളയമെന്ന മഹാമാരി പ്രേക്ഷകര്‍ക്ക് മുന്നില്‍ തീവ്രത ചോരാതെ എത്തിച്ച ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുത്തത് തന്നെ മഹാഭാഗ്യമായി കണ്ടാൽ മതി.