കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നടൻ ജയസൂര്യയുടെ പ്രസംഗത്തിനെതിരെ വിമർശനവുമായി സംവിധായകൻ എം.എ നിഷാദ്.പേട്ട ജയസൂര്യ എന്ന് വിളിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ നടനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സംവിധായകൻ ഉയർത്തിയിരിക്കുന്നത്. വിസിബിലിറ്റിക്ക് വേണ്ടി തളളുന്നതാണെന്നും ഇത്തരം പ്രസ്താവനകളെ അർഹിക്കുന്ന ലാഘവത്തോടെ അവഗണിക്കുകയാണ് വേണ്ടതെന്നും നിഷാദ് പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം …..
”പേട്ട ജയന്റ്റെ ”ഷോ ഓഫിനെ” അർഹിക്കുന്ന ലാഘവത്തോടെ അവഗണിക്കുക.ചുമ്മ വിസിബിലിറ്റിക്ക് വേണ്ടി തളളുന്ന ഒരു തളള് അത്ര തന്നെ.. അയാളുടെ പ്രസംഗത്തിൽ ഒരാത്മ സുഹൃത്തിന്റ്റെ പേര് സൂചിപ്പിച്ചിരുന്നുവല്ലോ ആ മിത്രം പറഞ്ഞ് കൊടുത്തത് വെളളം തൊടാതെ മിഴുങ്ങിയിട്ട് അത് വന്ന് വേദിയിൽ ചർദ്ദിച്ചുവെന്നല്ലാതെ.പ്രത്യേകിച്ച് കാര്യമില്ല എന്നതാണ് സത്യം.കർഷകർ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നമെന്താണെന്ന് ആ ചങ്ങായിയോട് ഒന്നു ചോദിച്ചാൽ..ബ ബ്ബ ബ്ബ അടിക്കുന്നത് മാലോകർക്ക് കാണാം..ചുമ്മ ഷോ…നമ്മുക്കറിയാത്ത പേട്ട ജയനല്ലല്ലോ…എന്തരോ എന്തോ ? ആത്മ മിത്രം കൃഷ്ണപ്രസാദ് അവർകൾ മാസങ്ങൾക്ക് മുമ്പ് നെല്ലിന്റ്റെ പൈസ വാങ്ങിയതിന്റ്റെ രസീത് ദാ..താഴെ കൊടുക്കുന്നു..പേട്ട ജയൻ നീ കുറച്ചും കൂടി മൂക്കാനുണ്ട്ധ്വജ പ്രണാമം… എന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകൻ പോസ്റ്റ് ഷെയർ ചെയ്തത്.

ഒപ്പം നടൻ കൃഷ്ണപ്രസാദ് മാസങ്ങൾക്ക് മുമ്പ് നെല്ലിന്റ്റെ പൈസ വാങ്ങിയതിന്റ്റെ രസീതും പോസ്ടിനോപ്പം നൽകിയിട്ടുണ്ട്.
കർഷകരുടെ പ്രശ്നങ്ങളെ കുറിച്ചുള്ള നടൻ ജയസൂര്യയുടെ പ്രസംഗം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നേരിടുന്നത്.കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നുമാണ് ജയസൂര്യ പ്രസംഗത്തിനിടെ ഉയർത്തിയ പ്രധാന വാദം.ഇതിനെതിരെ വിമർശനവുമായി മന്ത്രിമാർ ഉൾപ്പെടെ നിരവധിയാളുകൾ രംഗത്ത് എത്തിയിരുന്നു.വിമർശനങ്ങൾ ഉയരുമ്പോഴും ഈ വിഷയത്തിൽ നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഓണത്തിന് ശേഷം സംസ്ഥാനത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് തുടർ പ്രതികരണങ്ങൾ നടത്താത്തതെന്നാണ് വിവരങ്ങൾ.
മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തിയായിരുന്നു താരത്തിന്റെ വിമര്‍ശനം.എന്നാൽ ഈ വിഷയത്തിൽ മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ് രംഗത്തെത്തിയിരുന്നു. കർഷകർക്ക് നെല്ല് സംഭരണത്തിന്റെ വില ലഭിച്ചില്ലെന്ന നടൻ ജയസൂര്യയുടെ പ്രസ്താവന മുൻകൂട്ടി തീരുമാനിച്ച് ചെയ്തതുപോലെ ആയിരുന്നുവെന്നാണ് മന്ത്രി പി പ്രസാദ് പറഞ്ഞത്.നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് അവസാനിപപിച്ചതാണെന്നും അസത്യങ്ങളെ നിറം നൽകി അവതരിപ്പിക്കുകയാണെന്നും ബാങ്കുകളുടെ കെടു കാര്യസ്ഥത കാരണമാണ് വില കൊടുക്കാൻ ചെറുതായി വൈകിയതെന്നും മന്ത്രി വ്യക്തമാക്കി.

