ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ മുബീൻ റൗഫ് സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ”ആരോമലിന്റെ ആദ്യത്തെ പ്രണയം” . ഒരുപാട് സിനിമകൾ ഇറങ്ങിയിട്ട് നെഗറ്റീവ് റിവ്യൂ കാരണം അടിയിലേക്ക് പോയ സിനിമകളുണ്ടെന്ന് പറയുകയാണ് സംവിധായകൻ മുബീൻ റൗഫ്. ഒപ്പം ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത എന്ന സിനിമയെ വളരെ മോശമായി റിവ്യൂ ചെയ്തതിനെതിരെയും ”ആരോമലിന്റെ ആദ്യത്തെ പ്രണയം”എന്ന സിനിമയിലെ നായകൻ സിദ്ദീഖ് സമാൻ പത്രസമ്മേളനത്തിൽ പ്രതികരിക്കുകയുണ്ടായി.
”തീയേറ്ററിൽ ഇറങ്ങിയിട്ട് നെഗറ്റീവ് റിവ്യൂ വന്ന് അടിയിലേക്ക് പോയ നിരവധി സിനിമകളുണ്ട്. പിന്നീട് ഓടിടിയിൽ വന്നിട്ട് സാമാന്യം ബേദപ്പെട്ട അഭിപ്രായങ്ങൾ കിട്ടുകയും ചെയ്ത നിരവധി സിനിമകളും ഉണ്ട്. സിനിമ പത്തുമണിക്ക് റിലീസായാൽ പന്ത്രണ്ട് മണിക്ക് റിവ്യൂ വരികയാണ്. അതിൽ പലരും വളരെ മോശമായാണ് റിവ്യൂ ചെയ്യുന്നത്. നമ്മൾ മാതൃകകളാക്കികൊണ്ടുനടക്കുന്ന പല സംവിധായകരെയും നടന്മാരെയും അടിച്ചമർത്തുന്ന തരത്തിലാണ് പല ആളുകളും റിവ്യൂ പറയുന്നത്. ചില ആളുകൾ മോശമായ പേരുകൾ വിളിച്ചുവരെ പ്രതിപാദിക്കുന്നുണ്ട്. ഒന്നുമല്ലെങ്കിലും അവർ നാലാളറിയുന്ന , കഴിവ് തെളിയിച്ച കലാകാരന്മാരല്ലെ, അതിന്റെ മാന്യതയെങ്കിലും കൊടുത്തുകൂടെ.” എന്നാണ് സംവിധായകൻ മുബീൻ റൗഫ് പറഞ്ഞത്.
”കൊറോണയ്ക്കു ശേഷമാണ് ഇത്തരം പ്രവണത കൂടിയത്. ‘കിംഗ് ഓഫ് കൊത്ത” എന്ന സിനിമയ്ക്കു ഡീഗ്രേഡ് ചെയ്തിട്ടുണ്ടായിരുന്നു. ഞങ്ങളൊക്കെ ഒരുപാട് പ്രതീക്ഷിച്ചു കാണാൻ കാത്തിരുന്ന ഒരു പടമായിരുന്നു അത്.നമ്മളൊക്കെ പ്രത്യേകിച്ച് ദുൽഖറിന്റെ ഒരു പടം വരുമ്പോൾ കാത്തിരിക്കുന്നവരാണ്. അന്ന് ആ പടം റിലീസായി ഉച്ചയായപ്പോ യൂട്യൂബ് എടുതുനോക്കിയപ്പോ റിവ്യൂ കണ്ടത് വളരെ നെഗറ്റീവ് ആയിട്ട് ഡീഗ്രേഡ് ചെയ്തുകൊണ്ടാണ്. കാണാനുള്ള താല്പര്യം ഇലത്തായിപ്പോവുകയാണവിടെ . നമ്മൾ ആ പടം എന്തായാലും കാണും . ഒരു വ്യക്തിയെ വ്യക്തിഹത്യ ചെയ്യുന്നപോലെയുള്ള നിരൂപങ്ങളാണവയൊക്കെ. സാധാരണക്കാരായ കാഴ്ചക്കാർക്ക് സിനിമ കാണാനുള്ള താല്പര്യത്തെ ആദ്യമേ കെടുത്തികളയുകയാണ് , അതിനുള്ളൊരു സാവകാശം ലഭിക്കണം അതിനു വേണ്ടിയാണ് ഞങ്ങൾ ഈ റിട്ട് ഫയൽ ചെയ്തിരിക്കുന്നത്.”
ചിത്രം റിലീസിന് എത്തുന്നതിന് മുൻപ് പോസിറ്റീവ് റിവ്യൂ പറയുന്നതിനായി പണം ആവശ്യപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി രംഗത്തുവന്നതാണ് സംവിധായകൻ മുബീൻ റൗഫ്. പണം നൽകാൻ ആവശ്യപ്പെട്ടവർക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും കോടതിയുടെ തീരുമാനത്തിന് ശേഷം വ്യക്തികളുടെ പേരുകൾ പുറത്ത് വിടുമെന്നുമാണ് പ്രസ് മീറ്റിൽ നിർമ്മാതാക്കൾ പറഞ്ഞത്.