ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ഇപ്പോഴും വിവാദങ്ങളിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം അക്കാദമിക്കെതിരെ ആരോപണവുമായി സംവിധായകൻ ഷിജു ബാലഗോപാലൻ രംഗത്തുവന്നിരുന്നു. തന്റെ സിനിമകൾ ഒരു മിനിറ്റ് പോലും കാണാതെ ജൂറി തിരസ്കരിച്ചു എന്ന ആരോപണവുമായാണ് അദ്ദേഹം മുന്നോട്ടുവന്നത്. ഇപ്പോൾ അക്കാദമിക്കെതിരെ തെളിവ് സഹിതം ആരോപണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അനിൽ തോമസ്.
ഫെസ്റ്റിവലിന് അയച്ച അനിൽ തോമസിന്റെ ‘ഇതുവരെ’ എന്ന സിനിമ ജൂറി കണ്ടില്ലെന്ന ആരോപണം ഉന്നയിച്ചപ്പോൾ ബഫറിങ്ങ് ഉള്ളതുകൊണ്ട് ഡൗൺലോഡ് ചെയ്തുകണ്ടു എന്നാണ് എന്നാണ് ജൂറി ചെയർമാൻ വി. എം വിനു പറഞ്ഞത്, എന്നാണ് അനിൽ പറയുന്നത്. എന്നാൽ അത് വിശ്വസിക്കാൻ അനിൽ തോമസ് തയ്യാറല്ല. കാരണം വിമിയോ ആപ്പ് വഴി സിനിമ പങ്കുവെക്കുമ്പോൾ അതിൽ ഡൗൺലോഡ് ഓപ്ഷൻ നൽകിയിരുന്നില്ല എന്നാണ് സംവിധായകൻ അനിൽ തോമസ് വ്യക്തമാക്കുന്നത്. ഇനി അഥവാ ഡൗൺലോഡ് ചെയ്തുകണ്ടു എന്ന വാദത്തിൽ ജൂറി ഉറച്ചുനിൽക്കുകയാണെങ്കിൽ തന്റെ സിനിമയുടെ പൈറേറ്റഡ് കോപ്പി കണ്ടതിന് നഷ്ടപരിഹാരം തരേണ്ടി വരുമെന്നാണ് അനിൽ തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിക്കുന്നത്. ഇത് ഒരു കൊള്ളസംഘമാണെന്നും സംസ്കാരമില്ലാത്ത വകുപ്പിന്റെ കീഴിൽ, ചലച്ചിത്രങ്ങൾക്ക് വേണ്ടി അല്ലാത്ത ഒരു അക്കാദമി ആണ് ഇതെന്നും അനിൽ തോമസ് വിമർശിക്കുന്നുണ്ട്.

കലാഭവൻ ഷാജോൺ കേന്ദ്രകഥാപാത്രമായ, ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് പ്രമേയമായ ‘ഇതുവരെ’ എന്ന സിനിമ ഐ. എഫ്. എഫ്. കെയിലേക്ക് അയച്ചിട്ടും ജൂറി കണ്ടിട്ടില്ലെന്നാണ് അനിൽ തോമസ് തെളിവുകൾ സഹിതം ഫേസ്ബുക്കിലൂടെ പറഞ്ഞത്. ചിത്രം കണ്ടാൽ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ കഴിയുമെന്നും, കേരളത്തിൽ എവിടെയും സിനിമയുടെ ലിങ്ക് തുറന്ന് കണ്ടതായി തെളിവില്ലെന്നും , ഇത് വ്യക്തമാക്കുന്ന സ്‌ക്രീൻഷോട്ട് അടക്കം സംവിധായകൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

സുരഭിലക്ഷ്മിക്ക് ദേശീയ അവാർഡ് ലഭിച്ച ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനിൽ തോമസ്. മുൻപും ഐ. എഫ്. എഫ്. കെയ്ക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതിന് മുൻപ് ഡോ. ബിജുകുമാർ ദാമോദരനും ചലച്ചിത്ര അക്കാദമിക്കെതിരെ രംഗത്തു വന്നിരുന്നു.
ഈ വിഷയങ്ങളിൽ സംവിധായിക കുഞ്ഞില മാസിലാമണിയും പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് സംവിധായിക വിഷയത്തിൽ തന്റെ വിമർശനം അറിയിച്ചത്. ഷിജു ബാലഗോപാലന്റെ പരാതിയുൾപ്പെടെയുള്ള കാര്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കുഞ്ഞില വിഷയത്തിൽ പ്രതികരിച്ചത്. മുഖ്യമന്ത്രിക്ക് ഷിജു ബാലഗോപാലൻ കത്ത് നൽകിയിരുന്നു. ”കഷ്ടമാണിത്. ആരോട് പറയാൻ. ആര് ചോദിക്കാൻ”എന്നാണ് ആ പോസ്റ്റിനൊപ്പം കുഞ്ഞില കുറിച്ചത്.

