പുരുഷത്വത്തിന്റെ അതിപ്രസരം കാരണം ‘ആര്‍ആര്‍ആര്‍’, ‘പുഷ്പ’ തുടങ്ങിയ സിനിമകള്‍ കണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് പ്രശസ്ത നടന്‍ നസീറുദ്ദീന്‍ ഷാ. മണിരത്‌നത്തിന് പുരുഷത്വ അജണ്ടയില്ലാത്തതുകാരണം ‘പൊന്നിയിന്‍ സെല്‍വന്‍’ മുഴുവനായി കണ്ടുകൊണ്ടിരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിപുരുഷത്വം ആഘോഷിക്കുന്ന സിനിമകള്‍ പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുമെന്നും അത്തരം സിനിമകള്‍ എത്ര സ്ത്രീകള്‍ ഇഷ്ടപ്പെടുമെന്ന് അറിയില്ലെന്നും താരം കൂട്ടിചേര്‍ത്തു.
”യുവതലമുറയില്‍ നമ്മളേക്കാള്‍ കൂടുതല്‍ പരിണമിച്ചവരും കൂടുതല്‍ വിവരമുള്ളവരും കൂടുതല്‍ വിവേകശാലികളാണെന്നും എനിക്ക് ഉറപ്പുണ്ട്. ഒരു ത്രില്ലിനപ്പുറം ഇത്തരം സിനിമകള്‍ കാണുമ്പോള്‍ മറ്റെന്താണ് ലഭിക്കുകയെന്ന് എനിക്ക് ഊഹിക്കാനാകുന്നില്ല. ഞാന്‍ ‘ആര്‍ആര്‍ആര്‍’ കാണാന്‍ ശ്രമിച്ചു, പക്ഷേ എനിക്ക് കഴിഞ്ഞില്ല, ‘പുഷ്പ’ കാണാന്‍ ശ്രമിച്ചു, പക്ഷേ എനിക്ക് കഴിഞ്ഞില്ല.
പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വര്‍ധിച്ചു വരികയാണ്. അതുകൊണ്ടാണ് അമിത പുരുഷത്വം പ്രകടമാക്കുന്ന സിനിമകള്‍ കൂടുതല്‍ ഉണ്ടാകുന്നത്. അത്തരം സിനിമകള്‍ എത്ര സ്ത്രീകള്‍ ഇഷ്ടപ്പെടും? ഇത്തരം സിനിമകള്‍ ആസ്വദിച്ചാല്‍ ആളുകള്‍ക്ക് എന്ത് കിട്ടാനാണ്. മാര്‍വല്‍ യൂണിവേഴ്സുള്ള അമേരിക്കയില്‍ പോലും ഇത് സംഭവിക്കുന്നു. ഇന്ത്യയിലെ സിനിമകളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. എന്നാല്‍ ‘എ വെന്‍സ്ഡേ’ പോലെയുള്ള സിനിമകളും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ട്. പൊന്നിയിന്‍ സെല്‍വന്‍ കണ്ടു. മണിരത്നത്തിന് പ്രത്യേക അജണ്ടയൊന്നുമില്ല. അതുകൊണ്ട് സിനിമ കണ്ടുകൊണ്ടിരിക്കാന്‍ സാധിച്ചു.’ നസീറുദ്ദീന്‍ ഷാ പറഞ്ഞു.
ആര്‍ആര്‍ആര്‍, പുഷ്പ, പൊന്നിയിന്‍ സെല്‍വന്‍ എന്നിവ ബോസ്‌ക് ഓഫിസില്‍ കോടികള്‍ നേടിയ പാന്‍-ഇന്ത്യ സിനിമകളാണ്. പുഷ്പയിലെ അഭിനയത്തിന് അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. സാധാരണയായി ചോക്ലേറ്റ് ബോയി കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ള നടനാണ് ആരാധകര്‍ സ്റ്റെലിഷ് സ്റ്റാര്‍ എന്ന് വിളിക്കുന്ന അല്ലു. എന്നാല്‍ തന്റെ സ്ഥിരം സ്റ്റെലുകള്‍ എല്ലാം തന്നെ പുഷ്പയില്‍ അല്ലു മാറ്റിവയ്ക്കുന്നു. പട്ടിണിയും കഷ്ടപ്പാടും അനുഭവിക്കുന്ന എന്ത് സാഹസത്തിനും മുതിരുന്ന ‘കാടിന്റെ മകന്‍’ റോളില്‍ പുഷ്പ ദ റൈസില്‍ അല്ലു തകര്‍ത്തു. പതിവ് രീതികള്‍ എല്ലാം മാറ്റിവച്ച അവാര്‍ഡ് നിര്‍ണ്ണായത്തില്‍ ഒടുവില്‍ അല്ലുവിനും അവാര്‍ഡ് ലഭിച്ചു.
പ്രശസ്ത ബോളിവുഡ് നടനാണ് നസീറുദ്ദീന്‍ ഷാ. നിരവധി സിനിമകളിലെ ശ്രദ്ധേയമായ പ്രകടനത്തിന് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, മൂന്ന് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, ഒരു ഐഐഎഫ്എ അവാര്‍ഡ്, രണ്ട് ബംഗാള്‍ ഫിലിം ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ഷാ നേടിയിട്ടുണ്ട്. 1984-ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള വോള്‍പ്പി കപ്പും അദ്ദേഹത്തിന് ലഭിച്ചു.