ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ സീസണ്‍ ആറില്‍ വിജയിച്ച ജിന്റോയ്ക്ക് വന്‍വരവേല്‍പ്പ്. നിരവധി പേരാണ് ജിന്റോയെ കാണാനെത്തിയത്. ഇത്തവണ ഒട്ടനവധി പ്രത്യേകതകളുള്ള ഒരു ഷോയായിരുന്നു ബിഗ് ബോസ്. പവര്‍ റൂം അവതരിപ്പിച്ച സീസണായിരുന്നു. ബിഗ് ബോസില്‍ ഒറ്റ നായകനോ നായികയോ വരാത്ത സീസണാണ് ആറ്. ബിഗ് ബോസില്‍ ആറാള്‍ക്കാര്‍ ഒന്നിച്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയെന്നും പ്രത്യേകതയായിരുന്നു.
നല്ല രീതിയില്‍ കഷ്ടപ്പെട്ടും കണ്ടന്റുകള്‍ ഉണ്ടാക്കിയും ജനപ്രീതി നേടിയ മത്സരാര്‍ത്ഥിയാണ് ജിന്റോ. ഫിസിക്കല്‍ ടാസ്‌കുകളില്‍ മികവു പുലര്‍ത്തിയും എന്റര്‍ടെയിനര്‍ എന്ന രീതിയിലുമൊക്കെയാണ് ജിന്റോ കയ്യടി നേടിയത്. ജിന്റോയുടെ ബിഗ് ബോസ് യാത്രയെ ‘സീറോയില്‍ നിന്നും ഹീറോയിലേക്ക്’ എന്നു വിശേഷിപ്പിക്കുന്നതാവും ഉചിതം. ഷോ തുടങ്ങുന്ന സമയത്ത്, സെലിബ്രിറ്റി ഫിറ്റ്‌നെസ്സ് ഗുരുവായ ജിന്റോ പ്രേക്ഷകരെ സംബന്ധിച്ച് അത്ര പരിചിതമായൊരു പേരായിരുന്നില്ല. അതിനാല്‍ തന്നെ ആദ്യദിവസങ്ങളില്‍ തന്റേതായൊരു സ്‌പേസ് ഉണ്ടാക്കിയെടുക്കാന്‍ ജിന്റോ ഏറെ ബുദ്ധിമുട്ടി.
ആദ്യ ആഴ്ചയിലെ ജിന്റോയുടെ പ്രകടനം വീടിനകത്തും പുറത്തും മണ്ടനെന്ന പരിഹാസമാണ് ജിന്റോയ്ക്ക് നേടി കൊടുത്തത്. മോഹന്‍ലാലിന്റെ മുന്നില്‍ വച്ച്, സഹമത്സരാര്‍ത്ഥികള്‍ ജിന്റോയ്ക്ക് മണ്ടന്‍ അവാര്‍ഡും നല്‍കി. ആദ്യ ആഴ്ച യമുനയ്ക്ക് നേരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ജിന്റോയ്ക്ക് നെഗറ്റീവായി മാറി. സഹമത്സരാര്‍ത്ഥികള്‍ ചാര്‍ത്തികൊടുത്ത ആ ‘മണ്ടന്‍ അവാര്‍ഡ്’ ജിന്റോയെ ഏറെ വിഷമിപ്പിച്ചു, അതിനെ ഒരു വാശിയായി കണ്ടായിരുന്നു ജിന്റോയുടെ പിന്നീടുള്ള പ്രയാണം.
രണ്ടാമത്തെ ആഴ്ച പവര്‍ റൂമില്‍ കയറിപ്പറ്റിയതും വാരാന്ത്യ എപ്പിസോഡില്‍ അപ്‌സരയ്ക്ക് ഒപ്പം മോഹന്‍ലാലിനു മുന്നില്‍ അവതരിപ്പിച്ച ഡാന്‍സും ജിന്റോയിലെ എന്റര്‍ടെയിനറെ അടയാളപ്പെടുത്തുകയായിരുന്നു. മൂന്നാമത്തെ ആഴ്ചയും പവര്‍ റൂം അധികാരം ജിന്റോ നിലനിര്‍ത്തി. ജിന്റോ തന്റെ ഗ്രാഫ് ഉയര്‍ത്തിയ ആഴ്ചകളായിരുന്നു അതെല്ലാം. ജിന്റോയുടെ ഫാന്‍ ബേസ് വര്‍ദ്ധിക്കാനും ഇതെല്ലാം കാരണമായി.
അതിനു ശേഷമങ്ങോട്ട് ആര്‍ക്കും പ്രവചിക്കാനാവാത്ത രീതിയിലായി ജിന്റോയുടെ നീക്കങ്ങള്‍. ജിന്റോയുടെ ഗെയിം പ്ലാനിനെയും പ്രവചനാതീതമായ സ്വഭാവത്തെയും കുറിച്ച് ഏറ്റവും കൃത്യമായ പരാമര്‍ശം ഹൗസിനകത്ത് നടത്തിയത് നോറയാണ്. ‘ചിലപ്പോള്‍ അംബി, ചിലപ്പോള്‍ റെമോ, ചിലപ്പോള്‍ അന്യന്‍,’ ജിന്റോയുടെ പ്രകൃതത്തെ കുറിച്ച് നോറയുടെ വിലയിരുത്തല്‍ ഇതായിരുന്നു. അത് ഏറെക്കുറെ സത്യമാണെന്ന് ജിന്റോയുടെ ഗെയിം കൃത്യമായി നിരീക്ഷിച്ചവര്‍ക്കു മനസ്സിലാവും.
ഒറ്റപ്പെടല്‍ സ്ട്രാറ്റജിയും ജിന്റോ പലപ്പോഴും വീടിനകത്ത് പഴറ്റിയിട്ടുണ്ട്. താനിവിടെ ഒറ്റയ്ക്കാണെന്ന്, ആരും പിന്തുണയ്ക്കാന്‍ ഇല്ലെന്ന് ജിന്റോ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു നല്ലൊരു വിഭാഗം പ്രേക്ഷകരുടെ സഹതാപം നേടിയെടുത്തു. പലപ്പോഴും, പ്രതിപക്ഷ ബഹുമാനത്തിന്റെ മതില്‍കെട്ടുകള്‍ തകര്‍ത്തുകൊണ്ടുള്ള ഒരു ഗെയിം പ്ലാനാണ് ജിന്റോ ബിഗ് ബോസ് വീട്ടില്‍ പഴറ്റിയത്. സഹമത്സരാര്‍ത്ഥികളുടെ ഏറ്റവും നെഗറ്റീവ് ആയതോ വള്‍നറബിളായതോ ആയ കാര്യങ്ങള്‍ വാഗ്വാദങ്ങളിലേക്ക് എടുത്തിട്ട് അവരെ അപഹാസ്യരാക്കുന്ന രീതിയാണ് ജിന്റോ പിന്‍തുടര്‍ന്നത്. ജിന്റോയുടെ ആ ഗെയിം പ്ലാനിനു എപ്പോഴും ഇരയാവേണ്ടി വന്നവരാണ് ജാസ്മിന്‍, ഗബ്രി, റെസ്മിന്‍, നോറ തുടങ്ങിയവര്‍. ജാസ്മിന്‍- ഗബ്രി കോമ്പോ പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ നെഗറ്റീവാകുന്നുണ്ടെന്ന് മനസ്സിലാക്കിയ ജിന്റോ അവര്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. അതോടെ അന്തിമയുദ്ധം ജിന്റോയും ജാസ്മിനും തമ്മിലായി. എന്നാല്‍, അവസാനഘട്ടത്തില്‍, ജിന്റോയ്ക്ക് എതിരാളിയായി അര്‍ജുന്‍ ഉയര്‍ന്നു വരികയായിരുന്നു. ഫിനാലെ വീക്കിലെ വോട്ടെടുപ്പില്‍ കടുത്ത മത്സരം ജിന്റോയ്ക്ക് നേരിടേണ്ടി വന്നതും അര്‍ജുനുമായിട്ടാണ്.