ഓരോ സിനിമയുടെ മേക്കിങ്ങിലും, പെർഫോമൻസിലും അത്രയേറെ പുതുമകൾ വരുത്തിക്കൊണ്ട് സിനിമ മേഖലയിലേക്ക് തന്റേതായ ഒരിടം സ്ഥാപിച്ച വ്യക്തിയാണ് രാജ് ബി ഷെട്ടി. അദ്ദേഹത്തിന്റെ ‘ടോബി’ എന്ന ചിത്രം ഓഗസ്റ്റ് 25 നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം ‘ടോബി’ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലേക്കെത്തിക്കുന്നത്. ഇപ്പോഴിതാ ‘ടോബി’യുടെ കേരളത്തിലെ പ്രൊമോഷന്റെ ഭാഗമായി മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ ദുൽഖറിനെക്കുറിച്ച് സംസാരിക്കുകയാണ് രാജ് ബി ഷെട്ടി.
രാജ് ബി ഷെട്ടിയുടെ വാക്കുകൾ…
“എനിക്ക് വളരെ സന്തോഷമുള്ള കാര്യം എന്താണെന്നു വച്ചാൽ ദുൽഖർ ഈ സിനിമയുടെ കേരളത്തിലെ റിലീസിന് വേണ്ടി ഒരുപാട് സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചാർളി, കമ്മട്ടിപ്പാടം, ഉസ്താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങൾ എനിക്ക് വളരെ ഇഷ്ടപെട്ട സിനിമകളാണ്. ഈ സിനിമകളിൽ എല്ലാം ദുൽഖറിന്റെ പ്രകടനം മികച്ചതാണ്. നമുക്കും ഇങ്ങനെയുള്ള ചിത്രങ്ങൾ എടുക്കാൻ പറ്റും എന്നാണ് എനിക്ക് ഈ ഓരോ സിനിമകളും കണ്ടപ്പോൾ മനസ്സിലായത്. ഇപ്പോൾ അദ്ദേഹത്തിന്റെ നിർമ്മാണകമ്പനിയുമായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയാണ്. അത് ഒരു ഭാഗ്യമായാണ് ഞാൻ കാണുന്നത്, കൂടാതെ ഞങ്ങളുടെ സിനിമ ഏറ്റെടുത്തതിന് ഞാൻ നന്ദി പറയുകയാണ്. ദുൽഖറിന്റെ ഒരു ഫാൻ കൂടിയാണ് ഞാൻ, ഈ സിനിമയുടെ ഭാഗമായ എല്ലാവരും വളരെ സന്തോഷത്തിലാണ്”
വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ അത്രമേൽ ശ്രദ്ധ പുലർത്തുന്ന രാജ് ബി ഷെട്ടിയുടെ പുതിയ ചിത്രമാണ് ‘ടോബി’. മലയാളികൂടിയായ നവാഗത സംവിധായകൻ ബാസിൽ എ. എൽ. ചാലക്കൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. രാജ് ബി ഷെട്ടി ‘ടോബി’യെന്ന കേന്ദ്രകഥാപാത്രമായും, ചൈത്ര ആചാർ, സംയുക്ത ഹെർണാഡ് മറ്റു പ്രധാന വേഷങ്ങളിലും എത്തിയ ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 25 നായിരുന്നു.
നേരത്തെ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ലൈറ്റർ ബുദ്ധ ഫിലിംസും അഗസ്ത്യഫിലിംസും കൂടി ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണ് ടോബി. രാജ് ബി. ഷെട്ടി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഒന്തു മുട്ടൈ കഥെയ് ‘ , ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ പ്രവീൺ ശ്രിയാനാണ് സിനിമക്കായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഈ സിനിമയിൽ എടുത്തുപറയേണ്ടത് മലയാളികളുടെ സാന്നിധ്യം തന്നെയാണ്. അണിയറ പ്രവർത്തകരിൽ പ്രധാനികളായ പലരും മലയാളികളാണ്. സംവിധായകനെ കൂടാതെ പ്രൊഡക്ഷൻ ഡിസൈനറായ അർഷദ് നാക്കോത്തും, സിനിമയുടെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ആദർശ് പാലമറ്റവും, മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്ന റോണക്സ് സേവ്യറും മലയാളികളാണ്. സിനിമയുടെ പിആർഒ ശബരിയാണ്.