സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് നടൻ ഹരീഷ് പേരടി.വേലിക്ക് പുറത്തുള്ളവരെയും അവരുടെ മനുഷ്യപക്ഷ രാഷ്ട്രിയത്തെയും പരിഗണിച്ച മനുഷ്യനാണ് വി എസ് എന്നും നൂറാം വയസ്സിലും വേലിക്കകത്തുള്ളവരെ തിരുത്താൻ അദ്ദേഹത്തിന് കെൽപ്പുണ്ടെന്ന് കരുതുന്നെന്നും നടൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം …..
”വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ എന്ന പ്രിയപ്പെട്ട സഖാവ് VS..എല്ലാ കാലത്തും വേലിക്ക് പുറത്തുള്ളവരെയും അവരുടെ മനുഷ്യപക്ഷ രാഷ്ട്രിയത്തെയും പരിഗണിച്ചു എന്നതുതന്നെയാണ് ആ മനുഷ്യൻ രാഷ്ട്രിയമായി ഇപ്പോഴും എന്റെ മനസ്സിൽ ആവേശമാവുന്നത്…മരിച്ചെന്ന് കരുതി പാറമടയിൽ ഉപേക്ഷിച്ച ശവശരിരങ്ങൾക്കിടയിൽ നിന്ന് ജീവന്റെ തുടിപ്പു ബാക്കിയുള്ള അയാൾ ഇഴഞ്ഞ് കയറി വന്ന് സാധാരണ മനുഷ്യർക്കിടയിൽ,തൊഴിലാളികൾക്കിടയിൽ ചരിത്രം സൃഷ്ടിച്ചെങ്കിൽ..ഈ നൂറാം വയസ്സിലും ആ വലിയ മനുഷ്യന് വേലിക്കകത്തുള്ളവരെ തിരുത്താൻ കെൽപ്പുണ്ടെന്ന് ഞാൻ കരുതുന്നു…കണ്ണടകൾക്ക് സ്ഥാനം തെറ്റിയാലും കാഴ്ച്ചക്ക് ഭംഗം വരാത്ത പ്രിയ സഖാവേ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ…”
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് നൂറുവയസ്സ് തികയുകയാണ്. മലയാളി മനസിനെ ഇത്രയും ആഴത്തിൽ സ്വാധീനിച്ച സമര നായകൻ ഉണ്ടോ എന്ന് പോലും സംശയമാണ്.കേരളത്തിലെ പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയും ആണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാവാണ്.ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും യാതൊരു മടിയും കൂടാതെ പ്രതിയ്ക്കരിച്ചിരുന്ന അദ്ദേഹം മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ച വിഎസ് അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിക്കുകയും ജൗളിക്കടയിൽ ജോലി ചെയ്തു. 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായ അദ്ദേഹത്തിലെ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായ പി.കൃഷ്ണപിള്ളയാണ്.പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിലായി.
1952-ലാണ് വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് . പിന്നീടങ്ങോട്ട് എത്രയെത്ര സ്ഥാനമാനങ്ങൾ ….പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദൻ ഒട്ടേറെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട് . വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.