ഒരു ആനക്കൊമ്പ് കൈവശം വച്ചതിനു പിന്നാലെയുണ്ടായ കേസ് നടൻ മോഹൻലാലിന് വലിയ തലവേദനയാണ് ഉണ്ടാക്കിയത്.വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കിടയിൽ ഒരുപാട് കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും ഈ കേസിനെ തുടർന്ന് അദ്ദേഹം കേൾക്കേണ്ടി വന്നിട്ടുണ്ട്.നിയമപരമായാണ് ആനക്കൊമ്പുകൾ കൈവശംവച്ചതെന്ന് അദ്ദേഹം വാദിക്കുന്നുണ്ടെങ്കിലും പലരും അത് മുഖവിലയ്ക്ക് എടുക്കാൻ തയാറായിട്ടില്ല എന്നതാണ് സത്യം.എന്താണ് മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് ? ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ഇതിൽ നടപടിയുണ്ടാകാത്തത് ?2011 ഡിസംബര്‍ 21നാണ് മോഹൻലാലുമായി ബന്ധപ്പെട്ട ആനക്കൊമ്പ് കേസിന്റെ തുടക്കം.എറണാംകുളത്തെ തേവരയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് രണ്ട് ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തുന്നത് .ആനക്കൊമ്പുകള്‍ നിയമപരമായി കൈവശം വയ്ക്കാനുള്ള സർട്ടിഫിക്കറ്റ് നടന്റെ കൈവശം ഇല്ലാത്തതുകൊണ്ട് തന്നെ വന്യജീവി സംരക്ഷണം നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ കേസ് റെജിസ്റ്റർ ചെയ്തു .2011-ൽ ആദായനികതി വകുപ്പാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും കേസ് പിന്നീട് വനം വകുപ്പിന് കൈമാറി .താരപരിവേഷം ഉള്ളതുകൊണ്ട് തന്നെ കേസ് രജിസ്റ്റർ ചെയ്‌ത് ഏഴ് വർഷത്തിന് ശേഷമാണ് മോഹൻലാലിനെ പ്രതി ചേർത്ത് പെരുമ്പാവൂർ കോടതിയിൽ കേസില്‍ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചത്.
തൊട്ടുപിന്നാലെ ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തിൽ വനംവകുപ്പ് തനിക്കെതിരേ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
അന്വേഷണത്തിനൊടുവിൽ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ കേസ് ഉൾപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വനവകുപ്പ് കേസ് പിൻവലിച്ചു. ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത കൊമ്പുകൾ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് വനംവകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈയെടുത്ത് കൊമ്പ് സൂക്ഷിക്കാൻ നടന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അനുമതിയും നൽകി.ഇതിനെ ചോദ്യം ചെയ്ത് എറണാകുളം സ്വദേശിയായ പി.പി. പൗലോസ് നൽകിയ കേസിൽ താരത്തിന് സമൻസയച്ചിരുന്നു.തുടർന്നുണ്ടായ കോടതിയുടെ ചോദ്യത്തിന്
പ്രതികളിലൊരാളായ കൃഷ്ണകുമാറിന്റെ ‘കൃഷ്ണൻകുട്ടി’ എന്ന ആന ചരിഞ്ഞപ്പോൾ ആ കൊമ്പ് മോഹൻലാലിന് നൽകിയതാണെന്നും കൊമ്പുകൾ കാട്ടാനയുടേതല്ലെന്നും ഹർജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നുമായിരുന്നു വനംവകുപ്പ് കോടതിക്ക് മറുപടി നൽകിയത്.
ഇതിനിടയിൽ കേസ് പിന്‍വലിക്കണമെന്ന മോഹൻലാലിന്റെ ആവശ്യത്തെത്തുടർന്ന്
സർക്കാർ കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു.ഒരു വ്യക്തിക്ക് വേണ്ടി മാത്രമായി സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ ആകില്ലെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചാണ് സർക്കാർ അപേക്ഷ കോടതി തള്ളിയത്. മാത്രമല്ല കേസ് തുടര്‍നടപടികള്‍ക്കായി നീട്ടിവക്കുകയും ചെയ്തു.തൊട്ടുപിന്നാലെ സര്‍ക്കാര്‍ ആവശ്യം തള്ളിയ പെരുമ്പാവൂര്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു . ചെരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് നടന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ വാദം.ഇതിനെതിരെ ഹൈക്കോടതി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് ലഭിക്കുമോ എന്നാണ് ഹൈക്കോടതി അന്ന് ചോദിച്ചത്. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്നും മോഹന്‍ലാലിന്റെ സ്ഥാനത്ത് സാധാരണക്കാരനായിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലിലാകുമെന്നായിരുന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
ഇതിനിടയിലാണ് നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികൾ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്ന് കഴിഞ്ഞമാസം പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്. ഇതിലുള്ള തുടർനടപടികളാണ് ആറ് മാസത്തേക്ക് ഹെെക്കോടതി ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത് . മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവു നല്‍കിയത്.ഇതോടെ അടുത്തമാസം കോടതിയിൽ ഹാജരാകുന്നതടക്കമുള്ള നടപടികളിൽ നിന്ന് മോഹൻലാലിന് മാറി നില്ക്കാൻ സാധിക്കും.