സനാതന ധര്‍മ്മത്തെ കുറിച്ചുള്ള തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ദേശീയവനിതാ കമ്മിഷന്‍ അംഗവും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദര്‍.
‘ഞാന്‍ ഒരു മുസ്ലീം പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളാണ്. എന്നിട്ടും ആളുകള്‍ എനിക്കായി ക്ഷേത്രം പണിതു. അതാണ് സനാതന ധര്‍മ്മം. എല്ലാവരെയും തുല്യരായി കാണുക. വിശ്വാസം, ബഹുമാനം, സ്നേഹം എന്നതാണ് സനാതന ധര്‍മ്മത്തിന്റെ തത്വം. ഈ സത്യം ഡികെ ചെയര്‍മാന്‍ കെ വീരമണി അംഗീകരിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഡിഎംകെ നിഷേധിക്കുന്നു? പരാജയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനുള്ള അവരുടെ മുടന്തന്‍ മാര്‍ഗ്ഗം മാത്രം.’ ഖുശ്ബു എക്സില്‍ കുറിച്ചു. ചെന്നൈയില്‍ നടന്ന പരിപാടിയിലായിരുന്നു സനാതനധര്‍മത്തെ കുറിച്ച് ഉദയനിധിയുടെ വിവാദപരാമര്‍ശം.
അതേസമയം, സനാതനധര്‍മ്മത്തെ ഡെങ്കിപ്പനി, മലേറിയ, കൊറോണ എന്നിവയെപ്പോലെപൂര്‍ണ്ണമായും തുടച്ചുനീക്കണമെന്ന് സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. ചെന്നൈയിലെ തെന്യാംപേട്ടില്‍ സംഘടിപ്പിച്ച സനാതനം ഉന്മൂലനത്തിനുള്ള സമ്മേളനം എന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍. ഈ സമ്മേളനത്തിന്റെ തലക്കെട്ട് ‘സനാതനത്തെ എതിര്‍ക്കുക’ എന്നതിന് പകരം ‘സനാതനത്തെ ഉന്മൂലനം ചെയ്യുക’ എന്നാക്കിയത് ഉചിതമായി. ചില കാര്യങ്ങളെ എതിര്‍ത്താല്‍ പോരാ. ഉന്മൂലനം ചെയ്യണം. സനാതന ധര്‍മ്മത്തെയും അത് തന്നെ ചെയ്യണം.
കൊതുകുകള്‍, മലേറിയ, ഡെങ്കിപ്പനി, ഫ്‌ളൂ, കൊറോണ…ഇവയെ നമ്മള്‍ എതിര്‍ക്കുകയല്ല ചെയ്യേണ്ടത്. പകരം പൂര്ണ്ണമായും തുടച്ചുനീക്കണം. അത് തന്നെയാണ് സനാതന ധര്‍മ്മത്തിന്റെ കാര്യത്തിലും ചെയ്യേണ്ടത്. ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. അതേ സമയം ഉദയനിധിയുടെ അമ്മ കഴിഞ്ഞ ദിവസം ഗുരുവായൂര്‍ സന്ദര്‍ശനം നടത്തി വഴിപാടുകള്‍ നല്‍കിയിരുന്നു.
അതേസമയം, സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവും തമിഴ് നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ സ്വമേധയ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 14 മുന്‍ ജഡ് ജിമാര്‍ ഉള്‍പ്പെടെ 262 പേര്‍ ഒപ്പുവെച്ച കത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നല്‍കി.
സര്‍വ്വീസില്‍ നിന്നും വിരമിച്ച 130 ഉന്നതോദ്യോഗസ്ഥരും 20 അംബാസഡര്മാരും 118 വിരമിച്ച ആര്‍മി ഉദ്യോഗസ്ഥരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സനാതന ധര്‍മ്മത്തെ അപമാനിച്ച് സംസാരിച്ച ഉദയനിധി സ്റ്റാലിനെതിരെ സ്വമേധയ കര്‍ശന നടപടി കൈക്കൊള്ളണമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനോട് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മതസമുദായങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതാക്കുന്നതാണ് ഈ കത്തെന്നും ഇത് വിദ്വേഷ പ്രസ്താവനയാണെന്നും കത്തില്‍ പറയുന്നു. സാധാരണക്കാരുടെ മനസ്സിലും ഹൃദയത്തിലും അമര്‍ഷമുണ്ടാക്കുന്നതാണ് ഈ പ്രസ്താവന. പ്രത്യേകിച്ചും സനാതന ധര്‍മ്മത്തില്‍ വിശ്വാസിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും.
ഉദയനിധി സ്റ്റാലിന്‍ വിദ്വേഷ കമന്റ് നടത്തുക മാത്രമല്ല, അതില്‍ മാപ്പു പറയാന്‍ തയ്യാറുമല്ലെന്ന് മാത്രമല്ല, ന്യായീകരിക്കുകയും ചെയ്യുകയാണ്.- കത്തില്‍ പറയുന്നു. ഇന്ത്യ ഒരു മതേതര രാഷ്ട്രമായതിനാല്‍ ഈ പ്രസ്താവന ഇന്ത്യയുടെ ഭരണഘടനയെയും ബാധിക്കുന്നു. മുന്‍ പ്രതിരോധ സെക്രട്ടറി ഐഎഎസ് യോഗേന്ദ്ര നാരായന്‍, മുന്‍ യുപി ഡിജിപി പ്രകാശ് സിങ്ങ്, മുന്‍ റോ മേധാവി സഞ്ജീവ് ത്രിപാഠി, മുന്‍ തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.എന്‍. ശ്രീവാസ്തവ, എയര്‍ മാര്‍ഷന്‍ പ്രദീപ് ബാപട്, മേജര്‍ ജനറല്‍ അനില്‍ കുമാര്‍ ഒബറോയി എന്നിവര്‍ ഉള്‍പ്പെടുന്നു.