മലയാളം സിനിമകൾ കണ്ടിട്ടാണ് ഞാൻ വളർന്നതെന്ന് പറയുകയാണ് നടൻ സിദ്ധാർഥ്. കൂടാതെ താൻ വലിയ ലാലേട്ടൻ ആരാധകനാണെന്നും താരം പറഞ്ഞിരുന്നു. ചിറ്റ എന്ന സിനിമയുമായി ബന്ധപ്പെട്ട് മൂവിവേൾഡ് മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സിദ്ധാർത്ഥിന്റെ പ്രതികരണം.
സിദ്ധാർത്ഥിന്റെ വാക്കുകൾ…
”മലയാള സിനിമകൾ കണ്ടിട്ടാണ് ഞാൻ വളർന്നത്. ഏറ്റവും അടുത്തകാലത്തായി ഞാൻ കണ്ട മലയാള സിനിമ എന്ന് പറയുന്നത് രോമാഞ്ചം ആണ് . അതെനിക്ക് വളരെ ഇഷ്ടമായി, അത് കൂടാതെ എനിക്ക് വളരെ ഇഷ്ടമായ മറ്റൊരു സിനിമ കുഞ്ചാക്കോ ബോബന്റെ എന്നാ താൻ കേസ് കൊട് ആണ്. ഞാൻ പൊതുവെ മലയാള സിനിമകൾ കാണാറുണ്ട്. എനിക്ക് നന്നായി അറിയുന്നവരാണ് പല നടൻമാരും. തല്ലുമാല എനിക്കിഷ്ടമായിരുന്നു. ടോവിനോ തോമസ് എന്റെ സുഹൃത്താണ്, ഞാൻ ടോവിനോയുമായി സംസാരിച്ചിരുന്നു. ദുൽഖറിന്റെയും, ഫഹദ് ഫാസിലിന്റെയും സിനിമകൾ ഞാൻ കാണാറുണ്ട്, അതെല്ലാം എനിക്ക് ഇഷ്ടമാണ്. കൂടാതെ പൃഥ്വിരാജ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഞാൻ ലാലേട്ടന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാൻ തീയേറ്ററിൽപോയി കാണുമായിരുന്നു. ഹിസ് ഹൈനസ് അബ്ദുള്ള പോലുള്ള അദ്ദേഹത്തിന്റെ സിനിമകളൊക്കെ കേരളത്തിലുള്ളപ്പോൾ ഞാൻ കാണുമായിരുന്നു. അതെല്ലാം എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളായിരുന്നു. തുടക്കം മുതൽ തന്നെ മലയാള സിനിമകളുമായി വലിയ ബന്ധമുണ്ട് എനിക്ക്. മമ്മൂക്കയെയും എനിക്ക് ഇഷ്ടമാണ്, എങ്കിലും ഞാൻ ഒരു ലാലേട്ടൻ ആരാധകനാണ്. ഞാൻ എല്ലാവരെയും ഇഷ്ടപ്പെടുന്നുണ്ട്, അതുപോലെ എല്ലാവരും എന്നെയും ഇഷ്ടപ്പെടണം അതാണ് എന്റെ ആഗ്രഹവും, ഒരു നടന്റെ ജീവിതം എന്ന് പറയുന്നത് അതാണ്.”
ഗോകുലം മൂവീസ് ആണ് കേരളത്തിൽ ‘ചിറ്റ’ എന്ന സിനിമ റിലീസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഗോകുലം ഗോപാലൻ സാർ തനിക്ക് 100 ൽ 80 മാർക്ക് തന്നപോലെയാണ്, കാരണം അദ്ദേഹം എല്ലാ പടവും കേരളത്തിൽ വിതരണം ചെയ്യുന്നുണ്ട് എന്ന് നടൻ സിദ്ധാർഥ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ നീണ്ട 20 വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തുന്നതിന്റെ സന്തോഷവും നടൻ സിദ്ധാർത്ഥ് പങ്കുവച്ചിരുന്നു.
ഒരു കുട്ടിയെ കാണാതാവുന്നതും, തട്ടിക്കൊണ്ടു പോവുന്നതും, അതിന്റെ ടെൻഷൻ, വേദന എല്ലാം ഈ സിനിമയിലുണ്ട്. അപ്പോൾ ഒരു പോലീസ് എന്താണ് ചെയ്യുക, സമൂഹം എങ്ങനെ പ്രതികരിക്കും അയല്പക്കക്കാരും, കുടുംബാംഗങ്ങളും എങ്ങനെ സഹായിക്കും,എല്ലാം യഥാർത്ഥ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ്. നമ്മുടെ ജീവിതത്തിൽ ഒരു കാര്യം നടന്നാൽ എങ്ങനെയിരിക്കുമോ അത് തന്നെയാണ് ഈ പടത്തിൽ ഉള്ളത്. 28നാണ് ചിറ്റ എന്ന ഈ ചിത്രം മലയാളത്തിലും, തമിഴിലും, കന്നഡത്തിലും റിലീസാകുന്നത്.