സനാതനധർമത്തെ കുറിച്ചുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഒന്നായിരുന്നു. ഈ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രചന നാരായണൻകുട്ടി. മൊത്തമായി ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നല്ല സനാതനധർമമെന്നാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ താരം പറയുന്നത്. സനാതനധർമം എന്നുപറയുന്നത് മൊത്തമായി തുടച്ചുനീക്കാൻ കഴിയുന്ന ഒന്നല്ല എന്നും, അത് ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിതെന്നും അവർ കുറിപ്പിലൂടെ പറയുന്നു.
View this post on Instagram
സനാതനധർമത്തിന്റെ സ്വഭാവം എന്നത് തന്നെ ‘നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക’ എന്നതാണെന്നും , നിങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല, അതേസമയം മറിച്ചു ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് നമ്മളെ ശീലിപ്പിക്കുന്നത് എന്നും , എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് നമ്മെ കാണിച്ചു തരുന്നതെന്നും , രചന നാരായണൻകുട്ടി കുറിപ്പിൽ പറഞ്ഞു.
എന്നാൽ അതേസമയം, വംശഹത്യയല്ലെ താനുദ്ദേശിച്ചതെന്നും, തന്റെ വാക്കുകൾ വളച്ചൊടിക്കുന്നത് ബാലിശമായ കാര്യമാണെന്നുമാണ് ഈ വിഷയത്തിൽ ഉദയനിധി സ്റ്റാലിൻ ലൽകുന്ന വിശദീകരണം. കോൺഗ്രസ്മുക്ത ഭാരതം എന്ന് മോദി പറയുന്നതിന്റെ അർഥം, കോൺഗ്രസുകാരെയെല്ലാം കൊന്ന് തീർക്കണമെന്നാണോ, അല്ലല്ലോ എന്നാണ് ഉദയനിധി ചോദിച്ചത്. അതുപോലെ തന്നെയാണ് തന്റെ പ്രസ്താവന എന്നും അദ്ദേഹം പറഞ്ഞു. അതായത് ‘സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന എന്റെ പ്രസ്താവന ഉദ്ദേശിക്കുന്നത് , സനാതനധർമക്കാരെ കൊല്ലണമെന്നല്ല, പകരം സനാതനധർമ്മം എന്ന തെറ്റായ ഐഡിയോളജിയെ ഇല്ലാതാക്കണമെന്നാണ്’ എന്നതാണ് ഉദയനിധി സ്റ്റാലിന്റെ നിലപാട്.
അതേ സമയം സനാതന ധർമത്തിനെതിരെയുള്ള വിവാദ പരാമർശത്തിൽ തമിഴ് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ഡൽഹി പോലീസ് കേസെടുത്തിരുന്നു. സുപ്രിം കോടതി അഭിഭാഷകനായ വിനീത് ജിൻഡാലും ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയുമാണ് ഉദയനിധിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സനാതന ധർമത്തിനെതിരെയുള്ള ഉദയനിധിയുടെ പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ജിൻഡാൽ പറഞ്ഞിരുന്നു. രാജ്യത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നും വലിയ രൂപത്തിലുള്ള പ്രതിഷേധമാണ് ഉദയനിധിയുടെ പരാമർശത്തിന് നേരെ ഉണ്ടായികൊണ്ടിരിക്കുന്നത്. വംശഹത്യക്കുള്ള പ്രേരണയായിട്ടാണ് ഈ പരാമർശത്തെ കാണേണ്ടതെന്ന് ബിജെപി ഐ ടി സെൽ ദേശീയ കൺവീനർ അമിത് മാളവ്യ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടിരുന്നു.